Memory : മേലാകെ ചങ്ങലകളിട്ട് ചുറ്റിലും പൊലീസുകാരുമായി അയാള്‍ നടന്നുവന്നു!

By Web Team  |  First Published May 5, 2022, 4:53 PM IST

അധോലോക പോരാട്ടങ്ങളും സായുധ സംഘര്‍ഷങ്ങളും കത്തിനിന്ന എഴുപതുകളില്‍ ബോംബെ തെരുവുകളില്‍ ജീവിച്ച ഒരു മലയാളിയുടെ അനുഭവങ്ങള്‍. ബാലന്‍ തളിയില്‍ എഴുതുന്നു
 


ഇരുകാലുകളും എതിര്‍ തോളുകളുമായി ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു. കാലുകളില്‍ കൂച്ചുവിലങ്ങ്. താഴ്ത്തിയിട്ട കൈകളിലും വിലങ്ങാണ്. അരയില്‍ ബന്ധിച്ച വെളുത്ത കയറിന്റെ അറ്റം പിറകില്‍ നടക്കുന്ന രണ്ടു വാര്‍ഡര്‍മാരുടെ കൈകളില്‍. ഒരു മനുഷ്യനെ മെരുക്കാന്‍ കൈകളെ പിറകിലേക്ക് ബന്ധിച്ച ഒരു വിലങ്ങ് ധാരാളമാണ്. എന്നിട്ടും ഇതൊക്കെ എല്ലാ കാലത്തേക്കുമുള്ള ഒരു താക്കീതല്ലാതെ മറ്റെന്താണ്? ഇത്തരം നിയമങ്ങള്‍ സൃഷ്ടിച്ചത് ഏത് ശപിക്കപ്പെട്ട നിമിഷത്തിലാവും?

 

Latest Videos

undefined

 

കുര്‍ള കോടതിമുറ്റത്തെ അടച്ചിട്ട ഇരുമ്പുകൂട്ടില്‍ ഞങ്ങള്‍ ജയിലേക്ക് പോകാനുള്ള ഊഴവും കാത്തിരിപ്പാണ്. അംഗപരിമിതരെയും രോഗികളെയും കയറ്റി ആര്‍തര്‍ റോഡ് ജയിലിലേക്ക് പോയ വാഹനം തിരിച്ചുവരുന്നവരെയുള്ള കാത്തിരിപ്പ്. 

ആ കൂട്ടില്‍ ഞങ്ങള്‍ ഏതാണ്ട് ഇരുപതില്‍ താഴെ 'കുറ്റവാളികള്‍'. തെരുവില്‍ നിന്നും പെറുക്കിയെടുത്ത ഇക്കൂട്ടരെ അരിച്ചെടുത്താല്‍ ഒരുതരി കുറ്റവും വേര്‍തിരിക്കാനാവില്ല. യാചകരോ ലഹരിക്ക് അടിമകളോ കിടന്നുറങ്ങാന്‍ വിശേഷാല്‍ സൗഭാഗ്യങ്ങളോ ഇല്ലാത്ത ഇക്കൂട്ടരെ വിധി ഇത്തരത്തില്‍ കല്ലിലൂടെയും മണ്ണിലൂടെയും വലിച്ചുകൊണ്ടുപോവുക പതിവാണ്. മറുചോദ്യമുന്നയിക്കാന്‍ അവകാശികളല്ല അവരൊന്നും. 

വര്‍ഷങ്ങളായി നഗരരഹസ്യങ്ങള്‍ കണ്ടുകൊണ്ട് അതത്രയും സൂക്ഷിക്കുക മാത്രം ചെയ്യുന്നവര്‍. ഇത്തിരിപ്പോന്ന പീടികവരാന്തയെ രാത്രികാലത്തേക്ക് മാത്രം സ്വന്തമാക്കിയതാണവര്‍. വെളിച്ചവും വാഹനശല്യവും സഹിച്ച് പുലര്‍ച്ചെ മാത്രം ഉറങ്ങാനാവുന്നവര്‍. അടുത്തടുത്തു കിടന്ന് പതിയെ സംസാരിച്ചും, കാഴ്ചകള്‍ക്കു നേരെ മുഖംതിരിച്ചും, പുകവലിച്ചും ശബ്ദമടങ്ങാന്‍ കാത്തിരിക്കുന്നവര്‍. എലികളുടെയും കൊതുകുകളുടെയും കടിയേല്‍ക്കുന്നവര്‍. തെരുവുനായ്ക്കളെ വിരട്ടാന്‍ വടികള്‍ സൂക്ഷിക്കുന്നവര്‍. കളവുപോകാതിരിക്കാന്‍ ചെരുപ്പുകള്‍ തലയണയാക്കിയവര്‍.

കൂടിനു പുറത്ത് ഉച്ചയ്ക്കുവേണ്ടി മൂക്കുകയാണ് പകല്‍. തണുപ്പുകാലത്തുപോലും നഗരത്തില്‍ ചൂടിന് കുറവുകാണില്ല. രാത്രി വൈകിയാലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പുറത്തേക്ക് തള്ളുന്ന വേവ് ശമിക്കുകയുള്ളൂ.

തണുത്ത സന്ധ്യപോലെ മരവിച്ച മുഖങ്ങളുമായി ഞങ്ങളിരിപ്പാണ്. ആ ഇരിപ്പ് അരമണിക്കൂര്‍ കഴിഞ്ഞുകാണും, ജയിലിലേക്ക് പോയ വാഹനം രണ്ടാമൂഴക്കാരെ തേടിയെത്തി. പേരുവിളിച്ച് കൃത്യതവരുത്തി ഓരോരുത്തരെയായി അതിലേക്ക് കയറ്റി.

ഇത് രണ്ടാം തവണയാണ് കുര്‍ള കോടതിയില്‍ എത്തുന്നത്. ആദ്യ തവണ ചേട്ടന്‍ വന്ന് പിഴയടച്ച് ഇറക്കി കൊണ്ടുപോവുയായിരുന്നു. ഇപ്പോള്‍ അദ്ദേഹം നാട്ടിലായതിനാല്‍ പുറത്തിറങ്ങാന്‍ പഴുതില്ല!

പതിവായി പിടിക്കപ്പെടുന്നവര്‍ക്ക് ഇതൊക്കെ ശീലമായപോലെ. ധൃതിപ്പെട്ടും ആഘോഷിച്ചും അവര്‍ വണ്ടിയില്‍ ഇരിപ്പിടം പിടിച്ചു. തലതിരിഞ്ഞ പുഞ്ചിരി വരുത്തി ഞാനവര്‍ക്കിടയില്‍ കുന്തിച്ചിരുന്നു. മൂടിക്കെട്ടിയ മനസ്സിലൂടെ വിഭ്രാന്തിയുടെ പറവകള്‍ പൊങ്ങി. പുറത്തേക്ക് നോക്കാതെ ഒരേയിരിപ്പു തന്നെ...

ഞാന്‍ നാടിനെ ഓര്‍ത്തുപോയി. അമ്മയേയും വീടിനേയും ഓര്‍ത്തു. ഇക്കാര്യങ്ങളൊന്നും കൂട്ടുകാരെപ്പോലും അറിയിച്ചുകൂടാ. എഴുതിയാല്‍ ഉപദേശങ്ങളുടെ എഴുന്നള്ളിപ്പാവും ഫലം. കനമുള്ള കാഴ്ചവസ്തുപോലെ മുന്നില്‍ ചുമന്നുനടക്കാനേ ഉപദേശങ്ങള്‍ക്ക് പറ്റൂ. 

ആരെയും ഒന്നും അറിയിച്ചില്ല. നിര്‍ജ്ജീവമായ ഇത്തരം അവസ്ഥകളെ മറച്ചുപിടിച്ച് നാട്ടിലെ കൂട്ടുകാര്‍ക്ക് കാപട്യത്തോടെ എഴുതുമ്പോള്‍ അവര്‍ അസൂയപ്പെടും. മഞ്ഞുചിറകുള്ള പക്ഷികളായി നഗരത്തിലേക്ക് പറന്നുവരാന്‍ തിടുക്കപ്പെടുന്നവരാണവര്‍.

ബൈക്കുളയും നാഗ്പ്പടയും സാത്ത് റസ്തയും പിന്നിട്ട് വണ്ടി വലത്തോട്ടു തിരിഞ്ഞു. അപ്പോള്‍ കസ്തൂര്‍ബ ആശുപത്രി മുന്നില്‍ തെളിഞ്ഞു. രണ്ടുമാസം ഞാന്‍ കിടന്ന ആശുപത്രി. പത്തടി മുന്നോട്ടു പോയില്ല, മുന്നില്‍ ഭയത്തിന്റെ മഞ്ഞച്ചായം തെളിഞ്ഞു. നീല തകരത്തില്‍ മറാഠിയില്‍ വലുതായി എഴുതപ്പെട്ട ആ മഞ്ഞലിപികള്‍ ധൃതിപ്പെട്ട് വായിച്ചുനോക്കി. 'മുംബെ മധ്യവര്‍ത്തി കാരാഗൃഹ്'.

.......................................

Read More : ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

.......................................

 

ധൃതികൂടാതെ മുഖവാതില്‍ തുറക്കപ്പെട്ടു. എത്രയോ കുറ്റവാളികള്‍ക്കായി അടയുകയും തുറക്കുകയും ചെയ്തിട്ടും അതിന്റെ കിരുകിരുപ്പ് അടങ്ങിയിട്ടില്ല. മതിവരാത്തവിധം പകയെ തുരുമ്പുശബ്ദത്താല്‍ അത് സദാ പ്രകടമാക്കിക്കൊണ്ടിരുന്നു.

അകത്ത് ചുവരിനോട് ചേര്‍ന്ന് ഉള്‍വശത്തെയാകെ കാഴ്ചയില്‍ മറച്ച് കനത്ത വാതില്‍. ഞങ്ങള്‍,  തെരുവുജീവിതങ്ങളുടെ സ്വാതന്ത്ര്യത്തെയും പ്രതീക്ഷകളെയും താത്ക്കാലികമായി അടച്ചുപൂട്ടാന്‍ അത് തുറക്കപ്പെട്ടു. മുന്നില്‍ വിശാലമായ ജയില്‍മുറ്റമാണ്. അതിരുതിരിച്ച് വേലികള്‍, കല്‍ത്തൊട്ടികള്‍, സിമന്റുബെഞ്ചുകള്‍, പാര്‍ക്കിങ് ഏരിയ, കാന്റീന്‍, വാഹനങ്ങള്‍, ദിശാബോര്‍ഡുകള്‍, പിന്നെയും എന്തൊക്കയോ...

അകത്ത് നാട്ടുവെളിച്ചം മാത്രം. കാലത്തും വൈകിട്ടുമുള്ള സൂര്യവെളിച്ചത്തെ മറച്ച്  നാലാള്‍ ഉയരത്തില്‍ പടുത്ത കരിങ്കല്‍ ചുവരുകള്‍ വെളിച്ചത്തെപ്പോലും കടത്തിവിടുന്നില്ല. ജയില്‍ ആറ് ഏക്കറോളം വരുമെന്ന് അടയാളപ്പെടുത്തിയ ചെറുബോര്‍ഡ് കണ്ടു. ശാരീരികമായി ദുര്‍ബ്ബലരാണെങ്കിലും മനുഷ്യര്‍ക്ക് രക്ഷപ്പെടാനുള്ള തന്ത്രങ്ങളറിയാം. അതിനാല്‍ ഈ ഉയരത്തെ മറികടക്കാതിരിക്കാന്‍ അതിനകത്ത് വേറെയും സജ്ജീകരണങ്ങളുണ്ട്.

ദേഹപരിശോധനയ്ക്കും  അനുബന്ധ പ്രക്രിയകള്‍ക്കുമായി വാതിലുകളില്ലാത്ത ഒരു മുറിയിലേക്ക് ഞങ്ങളെ തിരുകിക്കയറ്റി. ശേഷം, ആദ്യമെത്തിയവരുടെ പേരുവിളിച്ച് മറ്റൊരു സെല്ലിലേക്കയച്ചു കൊണ്ടിരുന്നു. അതിനിടയില്‍ തെറ്റായി പേരു പറഞ്ഞവര്‍ക്ക് വാര്‍ഡര്‍മാരുടെ വക ശിക്ഷയുണ്ട്. തല്ലാനുള്ള ഒരവസരവും കളയാതിരിക്കാനുള്ള ശ്രമത്തിലാണവര്‍. അരക്ഷിതമായ തൊഴിലിടത്തിലെ മുറുമുറുപ്പ് തീര്‍ക്കാനുള്ള പരോക്ഷസൂചനകള്‍.

വാര്‍ഡര്‍മാര്‍ ആദ്യമെത്തിയവരെ പുറത്തേക്ക് കൊണ്ടുപോയി. ആള്‍ത്തിരക്ക് അടങ്ങിയപ്പോള്‍ പലരും ധൃതിപ്പെടുന്നത് കണ്ടു. തങ്ങള്‍ തന്ത്രപൂര്‍വ്വം ഒളിപ്പിച്ചുകടത്തിയ ബീഡിയും തീപ്പെട്ടിയും പരതുകയാണ്. യാചകരെ അത്രകണ്ട് ഭയപ്പെടേണ്ടതില്ലാത്തതു കൊണ്ടാവണം ദേഹരിശോധനയില്‍ കാര്‍ക്കശ്യം ഇല്ലാത്തത്. അവരത് മുതലെടുത്തതാണ്.

ഞങ്ങളുടെ ഊഴമെത്തി. കനത്ത സുരക്ഷയൊന്നുമില്ലാത്ത ചെറുഹാളിലേക്ക് വരിതെറ്റാതെ കൊണ്ടുപോയി. നില്‍പ്പതോളം പേര്‍. ആ മുറിക്ക് ഉള്‍ക്കൊള്ളാവുന്നതിലും നാലിരട്ടി! അര്‍തര്‍ ജയിലിന് അന്നുമുതല്‍ക്കേ ഈ ദുഷ്‌പ്പേരുണ്ട്. എണ്ണൂറോളം പേര്‍ക്കുള്ള ഈ കൂറ്റന്‍ ജയിലില്‍ നാലിരട്ടി പേരെ തടവിലാക്കുന്നു എന്ന്.

ശരീരം നുറുങ്ങുന്നുണ്ട്. 

തുപ്പലും ബീഡിക്കുറ്റിയും കാരണം നിലത്ത് കുന്തിച്ചിരിക്കാന്‍ വയ്യ. നിന്നുകൊണ്ട്  വേദന സഹിച്ചു. കൗതുകമോ സന്ദേശമോ പ്രകടിപ്പിക്കാനില്ലാതെ വേദിയിലെത്തിയ വികൃതവേഷക്കാരനെപ്പോലെ വിധിവെച്ചു നീട്ടിയ ആ പഴഞ്ചന്‍ കുപ്പായമിട്ടു. കൃത്രിമമായ ഒരു ഭാവിയെ പണിത് അതിലേക്ക് സ്വന്തം ജീവിതത്തെ അവരോധിച്ചു നിര്‍ത്തുക എളുപ്പമല്ല. തടവറ ആരുടെയെങ്കിലും ജീവിതത്തെ പുതുക്കിപ്പണിയുന്നുണ്ടാവുമോ? 

ഇനിയൊന്നും  ഈ ജീവിതംകൊണ്ട് സാധ്യമല്ലെന്ന് സ്വന്തം ശരീരത്തെ നോക്കി ആവര്‍ത്തിച്ച്  പ്രഖ്യാപിക്കുകയല്ലേ ഓരോരുത്തരും?

വൃദ്ധര്‍ക്കും അംഗപരിമിതര്‍ക്കും ചെറിയ ആനുകൂല്യമുണ്ടെങ്കിലും ഞങ്ങളെപ്പോലുള്ള ചെറുപ്രായക്കാര്‍ക്ക് കഠിനമായ അധ്വാനമാണ്. ജയില്‍ പരിസരം, കക്കൂസ്, ചുവരുകള്‍, പാത്രങ്ങള്‍, വാഹനങ്ങള്‍ ഇവയൊക്കെ വിശ്രമമില്ലാതെ വൃത്തിയാക്കണം. അതിനിടയില്‍ ഭക്ഷണം. റക്കഡ, പാവ്ബജി, മസ്‌കാബ്രൂണ്‍, വടാപാവ്, ചോറ്, പരിപ്പുകറി, തന്തൂര്‍ റൊട്ടി എന്നിവയില്‍ ഏതെങ്കിലും.

ഞാന്‍ സമയം കിട്ടുമ്പോഴൊക്കെ പരിസരം ചുറ്റിനടന്നു കണ്ടു. വലിയവലിയ കുറ്റവാളികളെ തളച്ചിട്ട സെല്ലുകളിലേക്ക്  പ്രവേശനമില്ല. ആയുധധാരികളായ കാവല്‍ക്കാരുടെ സുരക്ഷയാണ് എല്ലായിടത്തും. നിശ്ശബ്ദമായി സദാ ഇരുട്ട് ചത്തുകിടക്കുന്ന, വിവസ്ത്രരായി ഉലാത്താന്‍ കൊതിക്കുന്ന ഇടനാഴിയിലൂടെ വാഡര്‍മാര്‍ ഇടക്ക് നടന്നുപോകുന്നതു കാണും. കുട്ടികളെപ്പോലെ ചില തടവുകാര്‍ വാശിപിടിച്ച് ഒച്ചവെക്കുന്നതും കരയുന്നതും ചിലപ്പോള്‍ അലറുന്നതും കേള്‍ക്കാം. അപൂര്‍വ്വം ചിലപ്പോള്‍ ഉച്ഛസ്ഥായിയില്‍ പൊട്ടിച്ചിരി കേള്‍ക്കാം. കേട്ടുകെട്ടു ഇരുത്തം വന്ന ചുവരുകള്‍ പോലെയായിരിക്കുന്നു അതിനകത്തെ വാര്‍ഡര്‍മാര്‍.

 

...........................................
Read More : ധാരാവിയിലൊരു നീലച്ചിത്ര ഷോ, പാതിവഴിക്ക് പൊലീസ്, പിന്നെ നടന്നത്!

...........................................

 

അവര്‍ അഴികളിലൂടെ തവി കടത്തി ഭക്ഷണം വിളുമ്പുന്നുണ്ടാവാം. തലേന്നത്തെ പാത്രങ്ങളെ തട്ടിയെടുത്ത് അഴിക്ക് പുറത്തിടുന്നുണ്ടാവാം. മറ്റൊരാള്‍ വന്ന് അവ പെറുക്കി ഉന്തുവണ്ടികളിലിട്ട് കഴുകാനായി കൊണ്ടുപോകുന്നുണ്ടാവാം. മുഴിഞ്ഞ വിരിപ്പുകള്‍ക്കു പകരം മറ്റൊന്ന് കൊടുക്കാനും ചിലരുണ്ടാവാം.

സമയം കിട്ടുമ്പോഴൊക്കെ ഇടനാഴിയുടെ വാതില്‍ക്കല്‍ ചെന്നുനിന്ന്  അകത്തെ ജീവിതം കാണാമോ എന്ന് വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു ഞാന്‍. ചങ്ങലയ്ക്കിട്ട റിപ്പര്‍ രാമന്‍ രാഘവനെ, കൊടുംഭീകരരെ, രാഷ്ട്രീയത്തടവുകാരെ, കൊള്ളസംഘത്തലവനെ, രാജ്യദ്രോഹികളെ, കൊലപാതകികളെ. 

എന്നാല്‍ എന്റെ കൗതുകത്തെ വാഡര്‍മാര്‍ ഗൗനിച്ചതേയില്ല. അവര്‍ നിരന്തരം എന്നെ ഓടിച്ചുവിട്ടു.

ഇളവെയില്‍ ചായുമ്പോള്‍ കെട്ടിടങ്ങളുടെ നീളന്‍ നിഴലിലും മരച്ചുവട്ടിലും തണുപ്പ് പടരും. ആ സമയംനോക്കി അബലര്‍ വെയില്‍കായാന്‍ സിമന്റ് ബഞ്ച് കൈവശപ്പെടുത്തും. മറ്റൊരാളും ഇരിക്കാതിരിക്കാന്‍ നെടുനീളെ കിടന്ന് സ്ഥലം കയ്യടക്കും. അപൂര്‍വ്വമായി കിട്ടുന്ന  അധികാരത്തിന്റെ കൊച്ചുകൊച്ചു അവസരമാണവര്‍ക്കത്. എന്നാല്‍ വാര്‍ഡര്‍മാരുടെ കണ്ണില്‍പ്പെട്ടാല്‍ പത്തി മടക്കുകയായി.

അക്രമകാരികളായ തടവുകാര്‍ക്ക് എന്തും ആയുധമാണ്. അതിനാല്‍ ഹോസുകള്‍, പണിയായുധങ്ങള്‍, കൈവണ്ടികള്‍ എന്നിവ സുരക്ഷിതമായ കരുതലിലാണ്. (പിന്നീടൊരിക്കല്‍ അബു സലീമിന്റെ മുഖം കുത്തിക്കീറാന്‍ മുസ്തഫ ദൊസ്സ ഉപയോഗിച്ചത് ഒരു സ്പൂണ്‍ ആണെന്നോര്‍ക്കണം. സുരക്ഷയെ വെല്ലുന്ന സൂക്ഷ്മതയാണ് കുറ്റവാളികള്‍ക്ക് എന്ന് സാരം)

രണ്ടു ദിവസമായി കുളിച്ചിട്ട്. കുപ്പായം കോളര്‍ പിടിച്ചുയര്‍ത്തി ഞാന്‍ ദേഹത്തോട് മൂക്കുവെച്ചു നോക്കി. ഉണങ്ങിയ വിയര്‍പ്പിന്റെ ഉപ്പുചൂരടിച്ചു. ജലമാണ് ബോംബെയിലെ വിലപ്പെട്ട വസ്തു. കഴിഞ്ഞ മൂന്നുവര്‍ഷമായിട്ട് അതറിയാം. അതെങ്ങനെ ഉപയോഗിക്കണമെന്നും. കുളിക്കാന്‍ സമയമായിട്ടില്ല. എങ്കിലും കയ്യിലെ കര്‍ച്ചീഫ് കല്‍ത്തോട്ടിയിലെ വെള്ളത്തില്‍ മുക്കി ദേഹം തുടച്ചുകൊണ്ടിരുന്നു. ആശ്വാസമായപോലെ.

തൊട്ടാല്‍ പൊടിഞ്ഞുവീഴുന്ന പൂപ്പലുകള്‍ പിടിച്ച മതിലിന്റെ അടിച്ചുമരില്‍ ആരൊക്കൊയോ ഒറ്റക്കാല്‍ വെച്ചു നിന്നതിന്റെ അടയാളം കണ്ടു. എനിക്കുമുമ്പേ എത്തിപ്പെട്ട്, ഇപ്പോള്‍ എനിക്കും ആവര്‍ത്തിക്കാന്‍ അവസരം ഒരുക്കിയവര്‍. ഒരു പാഴ് വേലപോലെ കുറെനേരം ഞാനും കാലടിവെച്ച് അടയാളമിടാന്‍ നിന്നു. കൈവിരല്‍ കൊണ്ട് പൂപ്പല്‍ ചുരണ്ടി സുഭാഷ് എന്ന് സ്വന്തം പേരെഴുതിവെച്ചിട്ടുപോയ ആരോ ഒരാള്‍. ഞാനാ വാക്കുകളെ സൂക്ഷിച്ചുനോക്കി. പഴമ മാറിയിട്ടില്ലാത്ത അക്ഷരങ്ങള്‍. ഏതോ വിദ്യാസമ്പന്നന്റെ കൈപ്പട. വേറെയും അനവധി പേരുകള്‍. പല ഭാഷകളില്‍, പല വടിവുകളില്‍. അവര്‍ തൊട്ടതിലെല്ലാം അവരുടെ സ്വപ്നങ്ങള്‍ കാണുമെന്ന്' പറഞ്ഞപോലെ, അവരുടെ ഓര്‍മ്മകള്‍ കൊത്തിവെച്ചവര്‍.

നാട്ടില്‍, കൈക്കോട്ടുതള്ളകൊണ്ട് തച്ചുമിനുക്കിയ കൊള്ളിന്മേല്‍ പരവതാനികണക്കേ പൂപ്പല്‍,  ബസ്റ്റോപ്പിലെ ഇരിപ്പിടം, കവുങ്ങുകളുടെ ഇളം കഴുത്ത്. സാധ്യമാവുന്ന എല്ലായിടങ്ങളിലും പേരുകൊത്തിവെച്ച് വീടുവിട്ടിറങ്ങിയ ഓര്‍മ്മ. കവുങ്ങുകള്‍ വളര്‍ന്നുവളര്‍ന്ന് പേരുകളുമായി മേലോട്ടുപൊങ്ങിയിട്ടുണ്ടാവും.  പുണ്ണുകള്‍ ബാധിച്ച അവയുടെ കഴുത്തുകള്‍ പില്‍ക്കാലം എന്നെ ശപിക്കുന്നുണ്ടാവും.

ഒരു ചെറുചിരിയോടെ ജയില്‍ച്ചുമരിലെ പൂപ്പലില്‍ അലസമായ ഒരോര്‍മ്മയ്ക്കായി ഞാനെന്നെ എഴുതിവെച്ചു. വ്യക്തിസ്വാതന്ത്ര്യത്തെ പാടെ നിഷേധിക്കുന്ന ഒരിടത്ത് മറ്റൊരു ചിന്തകളും കടന്നു വരില്ലെങ്കിലും ചിലരെങ്കിലും അതിനെ വരുതിയിലാക്കാന്‍ നടത്തുന്ന ഒരു പാഴ്ശ്രമമാണ് അത്തരം അടയാളപ്പെടുത്തലുകള്‍.

 

...............................
Read More : 'ചതുപ്പില്‍ കാലുകുത്തിയാല്‍ കാലുകള്‍ വെട്ടും, ആ ബിഹാരി ഞങ്ങളോട് മുരണ്ടു!

...............................

 

ജയില്‍മുറ്റവും പരിസരവും വൃത്തിയാക്കിയ ഞങ്ങള്‍ ചായയ്ക്കുവേണ്ടി വരിനില്‍ക്കുകയാണ്. അന്നേരം കമ്പിവലകള്‍കൊണ്ട് ഗ്ലാസുകള്‍ മറച്ച ഒരു പോലീസ് വാന്‍ ഗേറ്റ് തുറന്ന് അകത്തേക്ക് കടന്നുവന്നു. അതില്‍നിന്നും നാലഞ്ചു പോലീസുകാര്‍ ഇറങ്ങി ഇടനാഴിയോടു ചേര്‍ന്നുള്ള കവാടത്തിനരികിലായി വന്നുനിന്നു. പാറാവുകാര്‍ അവര്‍ക്കുനേരെ സല്യൂട്ട് ചെയ്തു. എന്തോ അഹിതം സംഭവിച്ചപോലെ അന്തരീക്ഷം ചുരുങ്ങി നിര്‍ജ്ജീവമായി. നിശ്ശബ്ദത കനപ്പെട്ടു. അപ്പോള്‍ ഉള്ളിലെവിടെയോ ചങ്ങലക്കിലുക്കം. അത് മുകള്‍നിലയില്‍നിന്നും പടികളിറങ്ങിവരുന്ന താളം. സാവധാനം ഇടനാഴിയിലൂടെ അനങ്ങിക്കൊണ്ട് ദൃശ്യം വെളിപ്പെട്ടു തുടങ്ങി. നാലോളം വാര്‍ഡര്‍മാര്‍. പിറകിലും അത്രതന്നെ. അവര്‍ക്കു നടുവിലായി വൃത്തിയില്‍ വസ്ത്രം ധരിച്ച് ഒരാള്‍. കാഴ്ച തെളിഞ്ഞുതുങ്ങി. തടവുകാര്‍ക്കിടയിലെ 'തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍' തലയെടുപ്പ്! 

പെട്ടന്ന് പരിസരം പതിവിലേറെ മൗനത്തിന്റ ഇരുള്‍ച്ഛായയില്‍ മുങ്ങി. എല്ലാ ചലനങ്ങളിലും, മൗനം പ്രകടമായി. എല്ലാ നിശ്ചലതകളുടെയും മുഖത്തേക്ക് നിഴല്‍ സാകൂതം നോക്കിനിന്നു.

ഇരുകാലുകളും എതിര്‍ തോളുകളുമായി ചങ്ങലകൊണ്ട് ബന്ധിച്ചിരുന്നു. കാലുകളില്‍ കൂച്ചുവിലങ്ങ്. താഴ്ത്തിയിട്ട കൈകളിലും വിലങ്ങാണ്. അരയില്‍ ബന്ധിച്ച വെളുത്ത കയറിന്റെ അറ്റം പിറകില്‍ നടക്കുന്ന രണ്ടു വാര്‍ഡര്‍മാരുടെ കൈകളില്‍. ഒരു മനുഷ്യനെ മെരുക്കാന്‍ കൈകളെ പിറകിലേക്ക് ബന്ധിച്ച ഒരു വിലങ്ങ് ധാരാളമാണ്. എന്നിട്ടും ഇതൊക്കെ എല്ലാ കാലത്തേക്കുമുള്ള ഒരു താക്കീതല്ലാതെ മറ്റെന്താണ്? ഇത്തരം നിയമങ്ങള്‍ സൃഷ്ടിച്ചത് ഏത് ശപിക്കപ്പെട്ട നിമിഷത്തിലാവും?

അകലെ മാറി ഞങ്ങളാ കാഴ്ച ഭയത്തോടെ നോക്കിനിന്നു. പോലീസുകാര്‍ വന്ന് പ്രതിയെ സ്വീകരിക്കുന്നു. ഒരാള്‍ ഓഫീസ് രേഖകളില്‍ ഒപ്പുവെക്കുന്നു. ബാക്കിയുള്ളവര്‍ ചേര്‍ന്ന് അയാളെ ആയാസപ്പെട്ട് പിന്‍വാതില്‍ തുറന്ന് അകത്തേക്ക് കയറ്റുന്നു. വതിലടയുന്നു. പോലീസുകാര്‍ക്കിടയില്‍ അവനെ ഇരുത്തുന്നു. അവര്‍ക്കിടയില്‍ അവന്റെ ദൃശ്യം മറയുന്നു.

വലിയ ഉത്തരവാദിത്തം ഒഴിവായ സന്തോഷമുണ്ട് ജയില്‍വാര്‍ഡരുടെ മുഖങ്ങളില്‍. അവര്‍ ഇരുകൈളും മുന്നോട്ടേക്ക് ഒരേ ആയത്തില്‍ ചലിപ്പിച്ച് ഇരുട്ടിലേക്ക് തന്നെ ഉള്‍വലിഞ്ഞു.

ഗേറ്റ് കടന്ന് അവന്‍ പോയപ്പോള്‍ ഞങ്ങളില്‍ ചിലര്‍ കാവല്‍ക്കാരുടെ അടുത്തുചെന്നു.

'വലിയ പുള്ളിയാണ്. കണ്ണുതെറ്റിയാല്‍ മുങ്ങും'-അവന്‍ ഒരു മാന്ത്രികനാണെന്ന് തോന്നിപ്പിക്കുന്ന വാര്‍ഡന്റെ വാക്കുകള്‍. അവനെ പൂനെയിലേക്ക് കൊണ്ടുപോയതാണെന്ന് പറഞ്ഞു. പുറത്ത് അനവധി സാധ്യതകള്‍ ഉണ്ടായിട്ടും എവിടെയോ പോയി തുലയാന്‍ വിധിച്ചൊരാള്‍. ദുഷ്‌ചെയ്തികള്‍ സമ്മാനിച്ച് അകത്തുകിടക്കുന്ന നൂറുകണക്കിന് തടവുപുള്ളികളുടെ ശ്വാസഗതിയോര്‍ത്ത് എന്നില്‍ അസ്വസ്ഥത പെരുകി.

ജയിലില്‍ നിന്ന് സരസനായൊരാളെ എനിക്ക് പരിചയപ്പെടാനിടയായി.  മറ്റുള്ളവരെ കളിയാക്കാന്‍ ഏറെ മിടുക്കു കാണിച്ച മുക്താര്‍ അഹമ്മദ് എന്ന മധ്യവയസ്‌കന്‍. വളരെപ്പെട്ടെന്ന് ഞങ്ങള്‍ ചങ്ങാത്തത്തിലായി. ഷഹരിയില്‍ (ഉര്‍ദു കുറുങ്കവിത) നൂറുക്കണക്കിന് അശ്ലീലപാരഡികള്‍ ചൊല്ലി അയാള്‍ ഞങ്ങളിലെ വിരസതയെ അകറ്റിക്കൊണ്ടിരുന്നു. മുക്താറും ഞാനും ചേര്‍ന്ന് അകത്തെ തടവുകാരെ കാണാന്‍ നടത്തിയ ഒരു ശ്രമവും അപ്പോഴൊന്നും നടന്നില്ല.

'ഭുക്കഡ് ലോക്' എന്ന് കയര്‍ത്തുകൊണ്ട് വാര്‍ഡര്‍മാര്‍ ഞങ്ങളെ വിരട്ടി. പറ്റുമെങ്കില്‍ അവരെപ്പോലെ എന്തെങ്കിലും 'മഹത്തായ കാര്യങ്ങള്‍' ചെയ്തിട്ടു വാ എന്ന് കളിയാക്കുകയും ചെയ്തു.

ജയിലില്‍ വെച്ച് ദിവസവും സമയവും തീയ്യതിയും കൈവിട്ടുപോയിരുന്നു. ചോദിക്കുമ്പോഴൊക്കെ ഇനി ഒരു ദിവസം, അല്ല രണ്ടു ദിവസം എന്ന് മുക്താര്‍ ഞങ്ങളെ തെറ്റിച്ചുകൊണ്ടേയിരുന്നു. പിന്നേയും പത്തുദിവസം ബാക്കിയുണ്ട്. പതിവു ദിനചര്യകളും ശ്വാസംമുട്ടുന്ന കാഴ്ചകളും കഠിനമായ അധ്വാനങ്ങളുമായി പതിനാലു ദിവസവും  കഴിഞ്ഞു. മോചിതര്‍ വരിവരിയായി നിര്‍ത്തപ്പെട്ടു. പേരുവിളിച്ച് അടുത്തെത്തുമ്പോള്‍ ചെറുപ്പക്കാരുടെ ചെവിക്കുറ്റിക്ക് നേരെ വാര്‍ഡര്‍മാര്‍ ആഞ്ഞുവീശി. അപ്പോഴൊക്കെ പിന്‍നിരയില്‍ നിന്നും  മുക്താറിന്റെ കളിവാക്കുകള്‍ കേട്ടു. 'തനിക്കുള്ളത് ആര്‍ക്കെങ്കിലും കൊടുത്ത് ഒഴിവാക്കിത്തരിക' എന്ന്. തല്ലാന്‍ നിന്ന വാര്‍ഡര്‍മാര്‍ വരെ ചിരിച്ചുപോയി.

ഗേറ്റ് തുറന്നതും ഞങ്ങളോരുത്തരായി ചിത്രശലഭങ്ങളെപ്പോലെ നഗരത്തിലെ സ്വാതന്ത്ര്യത്തിലേക്ക് പറന്നുപോയി.

പില്‍ക്കാലത്ത് പല പ്രമുഖരും അര്‍തര്‍ റോഡ് ജയിലില്‍ എത്തുകയുണ്ടായി. മുന്‍ ഉപമുഖ്യമന്ത്രി ഛഗന്‍ ബുജ്ബല്‍, അരുണ്‍ ഗാവ് ലി, സഞ്ജയ് ദത്ത്, അബു സലീം, മുസ്തഫ ദൊസ്സ, അജ്മല്‍ കസബ്... ഇനി വരാന്‍ പോകുന്നവരും ചില്ലറക്കാരാവില്ല...

ഇപ്പോള്‍, ഏതാണ്ട് നാല്‍പ്പതു വര്‍ഷത്തിന് ശേഷം ഈ  കഥയോര്‍ക്കുമ്പോള്‍ ഉള്ളില്‍ മറ്റൊന്നാണ്. ഇവരോക്കെ എന്റെ പിന്‍ഗാമികളാണല്ലോ എന്ന കൗതുകം നിറഞ്ഞ, അടക്കിപ്പിടിച്ച ചിരി.
 

click me!