ഭാഷാ പഠനം: ഭാഷയിൽ രൂപപ്പെടുത്തിയ കാഴ്ചയെന്ന യാഥാര്‍ത്ഥ്യം

By Arun Asokan  |  First Published Mar 17, 2023, 3:35 PM IST

സ്ത്രീകൾക്ക് പുരുഷൻമാരെക്കാളും കൂടുതൽ നിറങ്ങൾ കാണാനുള്ള കഴിവ് ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് നമ്മൾ ഇക്കാര്യം തിരിച്ചറിയുന്നില്ല എന്നാണെങ്കിൽ, അവിടെയാണ് ഭാഷയുടെ പ്രത്യേകത. നമ്മൾ ചുവപ്പെന്നും പച്ചയെന്നും നീലയെന്നുമെല്ലാം പറയുന്ന നിറങ്ങളുടെ ഒരുമ മനുഷ്യർ രൂപപ്പെടുത്തി എടുത്തിരിക്കുന്നത് അവരവരുടെ ഭാഷകളിലാണ്. 



നുഷ്യബുദ്ധിക്ക് പരിമിതി ഉണ്ടാകാം , ഇല്ലായിരിക്കാം.  പ്രപഞ്ചത്തിന്‍റെയും അതിനെ അറിയുന്ന മനുഷ്യബോധത്തിന്‍റെയും രഹസ്യങ്ങൾ അറിയാനുള്ള ശ്രമം മനുഷ്യന് ഉപേക്ഷിക്കാൻ കഴിയില്ല. ഈ അന്വേഷണത്തിൽ ചുരുളഴിച്ച് എടുക്കേണ്ട ഏറ്റവും വലിയ രഹസ്യങ്ങളിൽ ഒന്ന് ഭാഷയുടെ രഹസ്യം തന്നെയാണ്. അതിനെക്കുറിച്ചാണ് ഇനി. 

ഡോ. വി.എസ്. രാമചന്ദ്രൻ അദ്ദേഹത്തിന്‍റെ ഒരു പ്രസംഗത്തിൽ പറഞ്ഞ ഒരു ഓര്‍മ്മയില്‍ നിന്ന് തുടങ്ങാം. വിമാനത്തിൽ സഞ്ചരിക്കുന്ന സമയത്ത് അടുത്ത സീറ്റിലിരുന്നയാൾ നടത്തിയ കുശലപ്രശ്നത്തെക്കുറിച്ചാണ്. അടുത്തിരുന്നയാൾ രാമചന്ദ്രനോട് എന്താണ് ജോലിയെന്ന് ചോദിച്ചു.  ശാസ്ത്രജ്ഞനാണെന്ന് മറുപടി നൽകി.  സ്വാഭാവികമായി അടുത്ത ചോദ്യം വന്നു. 

Latest Videos

'എന്താണ് പഠിക്കുന്നത് ?' 

'കാഴ്ചയെക്കുറിച്ച്.' 

undefined

'കണ്ണിനെ കുറിച്ചാണോ?' വീണ്ടും മറുചോദ്യം. 

'അല്ല. കാഴ്ച എങ്ങനെയാണ് സാധ്യമാകുന്നത് എന്നതിനെ സംബന്ധി'ച്ചെന്ന് രാമചന്ദ്രന്‍റെ മറുപടി. 

അതിലൊക്കെ എന്താണ് പഠിക്കാനുള്ളത് എന്നായിരുന്നു സഹയാത്രികന്‍റെ പ്രതികരണം.  

ഒരു വിമാനം എങ്ങനെ പറക്കുന്നു എന്നതിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. നക്ഷത്രങ്ങൾ ജന്മമെടുക്കുന്നതിൽ നിഗൂഢതകൾ ഉണ്ട്. വൈറസിന് ജീവനുണ്ടോ ഇല്ലയോ എന്നതിൽ തർക്കിക്കാനുണ്ട്. പക്ഷേ, മുന്നിൽ നിൽക്കുന്നൊരു പൂവിനെ മനുഷ്യൻ കാണുന്നതിൽ എന്തെങ്കിലും പഠിക്കാൻ ഉണ്ടോ. പൂവുണ്ട്, അത് കാണുന്നു എന്നല്ലാതെ അതിലെന്താണ് നിഗൂഢത. മനുഷ്യ മനസ്സിനെ സംബന്ധിച്ചും മനസ്സിന്‍റെ പ്രവർത്തനങ്ങളെ സംബന്ധിച്ചുമുള്ള പഠനത്തിൽ ആൾക്കാർക്കുള്ള പൊതുബോധമാണ് ഇത്.  

 പുറമേയ്ക്ക് നോക്കുമ്പോൾ, അങ്ങനെ ഗൗരവത്തിൽ പഠിക്കാൻ കാര്യങ്ങളൊന്നുമില്ലെന്ന് കുറേപ്പേരെങ്കിലും വിചാരിക്കുന്ന വിഷയമാണ് ഭാഷ.  

“ഭാഷ പ്രയോഗിക്കാൻ എല്ലാ മനുഷ്യർക്കും അറിയാം. പുതിയൊരു ഭാഷ പഠിക്കാനാണേൽ നല്ല കാര്യം. അല്ലാതെ ഭാഷയിൽ എന്താണിത്ര പഠിക്കാനുള്ളത്.”

ഈ ചിന്താഗതി അത്ര ശരിയുള്ളതല്ല.  ഒരൊറ്റ ഉദാഹരണത്തിലൂടെ ഇക്കാര്യം നോക്കാം. 

 ഒന്നാം ഭാഗം: ഭാഷാ പഠനം; മലയാളത്തിൽ ഇത്ര പഠിക്കാൻ എന്തിരിക്കുന്നു?

നമ്മൾ കണ്ണ് കൊണ്ട് കാണുന്നുവെന്ന് പറയുന്ന പല യാഥാർത്ഥ്യങ്ങളും ഭാഷയിൽ മാത്രം നിലനിൽക്കുന്നതാണ് എന്ന് പറഞ്ഞാൽ എത്ര പേർക്ക് വിശ്വസിക്കാൻ കഴിയും. മരുഭൂമിയിലെ മരീചികയെക്കുറിച്ചൊന്നുമല്ല. നമ്മളെല്ലാം അനുഭവിക്കുന്ന നിറമെന്ന പ്രതിഭാസത്തെ തന്നെ എടുക്കുക. ഞാൻ കാണുന്ന ചുവപ്പ് എന്ന നിറവും നിങ്ങൾ കാണുന്ന ചുവപ്പ് എന്ന നിറവും ഒന്നാകുന്നത് 'ചുവപ്പ്' എന്ന ഭാഷാപ്രയോഗത്തിൽ മാത്രമാണ്.  പനിനീർ പൂവിന് ഗംഭീരൻ ചുവപ്പ് നിറമുണ്ട്. കെഎസ്ആർടിസി ബസിന്. ചെങ്കൊടിക്ക്, രക്തത്തിന് ഒക്കെ ചുവപ്പ് നിറമുണ്ട്. നമ്മളെല്ലാം ആ ചുവപ്പ് കാണുന്നുമുണ്ട്. അതിൽ എന്താണ് പ്രശ്നം?

പ്രശ്നം നമ്മൾ പറയുന്ന ചുവപ്പിൽ അല്ല. കാണുന്ന ചുവപ്പിലാണ്.  നിങ്ങളും നിങ്ങളുടെ സുഹൃത്തും കെഎസ്ആർടിസി ബസ് വരുന്നത് കാണുകയാണ്. നിങ്ങൾ രണ്ട് പേരും ചുവന്ന ബസ് വരുന്നതായി പറയുന്നു. പക്ഷേ നിങ്ങൾ രണ്ട് പേരും കാണുന്ന നിറം ഒന്ന് തന്നെയാണോ? നിങ്ങൾ  അനുഭവിക്കുന്ന പച്ച നിറമാണ് നിങ്ങളുടെ സുഹൃത്തിന്‍റെ ചുവപ്പ് എന്ന് വന്ന് കൂടേ? രണ്ട് പേരും ബസിൽ അടിച്ചിരിക്കുന്ന ചുവന്ന നിറമല്ലേ കാണുന്നത്. ഇതിൽ എന്താണിത്ര കൺഫ്യൂഷൻ. എവിടെ നിന്നാണ് പച്ച കയറി വന്നത് ?

ഒറ്റ നോട്ടത്തിൽ ഈ വാദം ശരിയാണെന്ന് തോന്നാമെങ്കിലും അത് അങ്ങനെയല്ല. ചുറ്റും കാണുന്ന വസ്തുക്കളിലൊന്നും നമ്മൾ വിചാരിക്കുന്നത് പോലെ നിറങ്ങൾ നിലനിൽക്കുന്നില്ല. മനുഷ്യനിലെ കളർ പെർസെപ്ഷനെക്കുറിച്ച് അൽപ്പം മനസ്സിലാക്കിയാൽ മാത്രമാണ് ഇക്കാര്യം വ്യക്തമാകുന്നത്. പ്രകാശ രശ്മികളുടെ സഹായത്താലാണ് നമുക്ക് ചുറ്റുമുള്ള വസ്തുക്കളെയൊക്കെ കാണാൻ കഴിയുന്നത്. പ്രകാശം എന്ന് പറഞ്ഞാൽ ഫോട്ടോണുകളാണ്. ഫോട്ടോണുകൾ പ്രകാശവേഗത്തിലാണ് സഞ്ചരിക്കുന്നത്. സഞ്ചരിക്കുന്നതിന് ഒപ്പം ഇവ സ്വയം ഓസിലേറ്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഈ ഓസിലേഷൻ എല്ലാ ഫോട്ടോണിനും ഒരുപോലെയല്ല. സെക്കന്‍റിൽ എത്ര തവണ ഓസിലേറ്റ് ചെയ്യുന്നുവെന്നതിന്‍റെ അടിസ്ഥാനത്തിലാണ് പ്രകാശത്തിൽ വിവിധ തരംഗദൈർഘ്യം ഉണ്ടെന്ന് പറയുന്നത്. 

നമുക്ക് ചുറ്റുമുള്ള വസ്തുക്കളെ സംബന്ധിച്ചിടത്തോളം പ്രകാശത്തിൽ എത്തുന്ന വിവിധ തരംഗ ദൈർഘ്യങ്ങളിൽ ചിലതിനെയെല്ലാം സ്വാംശീകരിക്കുകയും ചിലതിനെ പ്രതിഫലിപ്പിക്കുകയും ചെയ്യും. വസ്തുക്കളിലോ ഇങ്ങനെയെത്തുന്ന തരംഗദൈർഘ്യങ്ങളിലോ നിറം എന്ന ഒന്ന് നിലനിൽക്കുന്നില്ല. ഒരു വസ്തുവിൽ തട്ടി പ്രതിഫലിച്ച് എത്തുന്ന തരംഗദൈർഘ്യം കണ്ണിന് പിന്നിലുള്ള പ്രത്യേക കോൺ കോശങ്ങളുമായാണ് പ്രവർത്തിക്കുന്നത്. അതായത് പ്രത്യേക തരംഗദൈർഘ്യത്തോട് പ്രത്യേകമായി പ്രതികരിക്കുന്ന കോൺ കോശങ്ങൾ കണ്ണിന് പിന്നിലുണ്ട്. അവ ആക്ടീവ് ആകുന്നതോടെ അനുബന്ധ സിഗ്നൽ തലച്ചോറിലെ കളർ പെർസെപ്ഷൻ സെന്‍ററിലേക്ക് പോകുകയും തലച്ചോറിൽ അതിന് അനുബന്ധമായൊരു അനുഭവം രൂപപ്പെടുകയും ചെയ്യും. അതിനെയാണ് നമ്മൾ 'നിറം' എന്ന് പറയുന്നത്. 

രണ്ടാം ഭാഗം: ഭാഷാ പഠനം; മലയാളത്തിൽ എന്താണ് ഗവേഷിക്കാൻ ഉള്ളത് ?

അതായത് നമ്മൾ പ്രകൃതിയിൽ കാണുന്ന നിറം എന്ന് പറയുന്നത് നമ്മുടെ തലച്ചോറിന് ഉള്ളിൽ രൂപപ്പെടുത്തിയെടുക്കുന്ന ഒരു അനുഭവമാണെന്ന് ചുരുക്കം. സിനിമാ തിയേറ്ററിലെ വെള്ള സ്ക്രീനിൽ തെളിയുന്ന മോഹൻലാലും മമ്മൂട്ടിയും അവിടെ ഉള്ളതല്ലെന്നും, പണ്ടെങ്ങോ അഭിനയിച്ചതിനെ ഷൂട്ട് ചെയ്ത് വച്ച ശേഷം കാണിക്കുകയാണെന്നും പറഞ്ഞാൽ, ഷൂട്ടിംഗ്, ക്യാമറ, സ്ക്രീൻ, പ്രൊജക്ഷൻ ഇതിനെക്കുറിച്ചൊന്നും ധാരണയില്ലാത്തയാളിന് ഒക്കെ അത്ഭുതമാകും. അതുപോലെ ചുറ്റും കാണുന്ന വർണവിസ്മയങ്ങളൊന്നും പ്രകൃതിയുടേതല്ലെന്നും നമ്മുടെ ഉള്ളിലെ നിർമ്മിതിയാണെന്നും പറഞ്ഞാൽ എങ്ങനെ വിശ്വസിക്കാൻ കഴിയും. അസ്തമയസൂര്യനിലെ അരുണാഭ, മഴവില്ലിന്‍റെ വർണവൈവിധ്യം, കാടിന്‍റെ പച്ചപ്പ് ഒക്കെ നമുക്ക് ഉള്ളിലാണ് രൂപമെടുക്കുന്നത് എന്ന് പറഞ്ഞാൽ എങ്ങനെ ഉൾക്കൊള്ളും? 

പണ്ട് കാലത്ത് ഇതെല്ലാം ഉൾക്കൊള്ളാൻ ഇത്തിരി പ്രയാസം ആയിരുന്നെങ്കിലും ഓഗ്മെന്‍റൽ റിയാലിറ്റി, വിർച്വൽ റിയാലിറ്റി എന്നിവയുടെ കാലത്ത് ഇത് ഉൾക്കൊള്ളാൻ എളുപ്പമാണ്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ ഫ്ലോറിൽ എത്തിക്കുകയും ന്യൂസ് റൂമിൽ ഹെലികോപ്റ്റർ പറത്തുകയും ചെയ്യുന്നത്, വലിച്ചുകെട്ടിയ ഗ്രീൻ സ്ക്രീനിന്‍റെ പുറത്താണെന്ന് ഇന്ന് നമ്മൾക്ക് അറിയാം. എന്തിന് നമ്മുടെ കണ്ണിന് മുകളിൽ പ്രത്യേക തരത്തിലുള്ള വിആർ ഉപകരണങ്ങൾ ഫിക്സ് ചെയ്താൽ ദിനോസർ പാർക്കിലെ ദിനോസറുകളുടെ നടുവിലൂടെ നമുക്കിന്ന് ഓടാൻ കഴിയും. ഈ ഉപകരണം കണ്ണിന് മുന്നിലാണെങ്കിൽ കളർ ഉണ്ടാക്കുന്ന മെഷീൻ തലച്ചോറിന് ഉള്ളിലാണെന്ന വ്യത്യാസം മാത്രമേ ഉള്ളൂ.  ഇപ്പോൾ കുറച്ചൊക്കെ ഉൾക്കൊള്ളാൻ കഴിയുന്നുണ്ടാകും. എങ്കിലും ഇതെല്ലാം എല്ലാ മനുഷ്യരുടെയും ഉള്ളിൽ ഒരുപോലെ നടക്കുന്ന കാര്യമാണെന്നും അതുകൊണ്ട് തന്നെ ചുവപ്പെന്ന യാഥാർഥ്യം വാക്കിൽ മാത്രമാണ് നിലനിൽക്കുന്നത് എന്നും പറഞ്ഞാൽ എങ്ങനെയാണ് ഉൾക്കൊള്ളാൻ കഴിയുക? ഇവിടെയാണ് നമ്മളിൽ അധികം പേരും ശ്രദ്ധിക്കാത്ത ഭാഷ നിർമ്മിച്ചെടുക്കുന്ന റിയാലിറ്റി കടന്ന് വരുന്നത്. 

ഭാഷ രൂപപ്പെടുത്തിയെടുക്കുന്ന റിയാലിറ്റി

നിറം തലച്ചോറിൽ എങ്ങനെ രൂപപ്പെടുന്നു എന്ന് പറഞ്ഞ കാര്യം ഒന്ന് കൂടി ശ്രദ്ധിക്കുക. പ്രത്യേക ഫ്രീക്വൻസിയിലുള്ള ഫോട്ടോൺ കണ്ണിന് പിന്നിലുള്ള കോൺകോശത്തിൽ പതിച്ചപ്പോൾ അതിന് അനുബന്ധമായി ഒരു സിഗ്നൽ പോകുകയും അതിന് അനുസരിച്ചുള്ള നിറം തലച്ചോറിൽ രൂപപ്പെടുകയുമാണ് ചെയ്യുന്നത്.  ഇതിനെ ഒരു സർക്യൂട്ട് ആയി കണക്കാക്കുക. സർക്യൂട്ടിന്‍റെ ഒരു ഭാഗത്ത് പച്ച, ചുവപ്പ് , നീല നിറങ്ങളിലുള്ള ലൈറ്റ് ഉണ്ടെന്ന് കരുതുക.   മറു ഭാഗത്ത് സ്വിച്ചുകളായ പ്രത്യേക തരത്തിലുള്ളകോൺ കോശങ്ങളും ഉണ്ട്. ഈ സ്വിച്ചുകൾ ആക്ടീവ് ആകണമെങ്കിൽ അവയുമായി ചേരുന്ന ഫ്രീക്വൻസി ഫോട്ടോണുകൾ കണ്ണിൽ എത്തണം. അതായത് സൂര്യപ്രകാശം ഒരു റോസാപ്പൂവിൽ തട്ടിയെന്ന് കരുതുക. പൂവ് സൂര്യപ്രകാശത്തിൽ നിന്ന് ചില പ്രത്യേക ഫ്രീക്വൻസി ഫോട്ടോണുകൾ ആഗിരണം ചെയ്യുകയും മറ്റ് ഫ്രീക്വൻസികൾ പ്രതിഫലിപ്പിക്കുകയും ചെയ്യും.  ആ ഫ്രീക്വൻസി നമ്മുടെ കണ്ണിൽ എത്തുന്നു. ആ ഫ്രീക്വൻസി എത്തിയാൽ മാത്രം ആക്ടീവ് ആകുന്ന കോൺ കോശങ്ങൾ കണ്ണിന് പിന്നിലുണ്ട്. ആ സ്വിച്ച് ആക്ടീവായാൽ തലച്ചോറിൽ അതുമായി ബന്ധപ്പെട്ടുള്ള ഒരു നിറം തെളിയുന്നു. അതിനെ കണ്ടയാൾ പറയുന്നു ചുവന്ന റോസാപ്പൂവ്.  

മൂന്നാം ഭാഗം: ഭാഷാ പഠനം; എങ്ങനെയാണ് മനുഷ്യൻ അറിവ് സ്വന്തമാക്കുന്നത്?

ഇതുവരെ ഒകെയാണ്. പക്ഷേ, ഒരൽപ്പം കൂടി ചുഴിഞ്ഞ് ചിന്തിച്ചുനോക്കുക. നാളെ രാവിലെ നിങ്ങൾ ഉണരുമ്പോൾ നിങ്ങളുടെ തലച്ചോറിൽ വളരെ ചെറിയൊരു വയറിംഗ് ഷിഫ്റ്റ് നടന്നുവെന്ന് കരുതുക. കാഴ്ചയുടെ വയറിംഗ് ചെറുതായൊന്ന് മാറ്റിയതാണ് കാര്യം. അതുവരെ ചുവന്ന നിറത്തിന്‍റെ വിഷ്വൽ മേഖലയും അതിന്‍റെ കോൺകോശവുമായി ഉണ്ടായിരുന്ന വയറിംഗും പച്ച നിറവും അതിന്‍റെ കോൺകോശവുമായി ഉണ്ടായിരുന്ന വയറിംഗും പരസ്പരം മാറ്റി. ഇന്നലെ വരെ പച്ചയായി കണ്ടിരുന്നതെല്ലാം ഇന്ന് മുതൽ ചുവപ്പായും, ചുവപ്പായി കണ്ടിരുന്നതെല്ലാം പച്ചയായും കാണുന്നു. കൊടി നോക്കിയ ശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനമാണെന്ന് കരുതി ലീഗിന്‍റെ സമ്മേളനത്തിലും ലീഗിന്‍റെ സമ്മേളനമാണെന്ന് കരുതി കമ്യൂണിസ്റ്റ് പാർട്ടി സമ്മേളനത്തിലും കയറിച്ചെല്ലുന്നു.  ട്രാഫിക്‌ സിഗ്നലിൽ നിർത്തേണ്ട സമയത്ത് പോകുകയും പോകേണ്ട സമയത്ത് നിർത്തുകയും ചെയ്യുന്നു. ആകെ മുഴുവൻ കുഴപ്പമാകും. 

ജന്മനാൽ തന്നെ ഒരാളിൽ ഈ വയറിംഗ് സംവിധാനം തിരിഞ്ഞിട്ടാണെന്ന് കരുതുക. എന്നാൽ എന്താണ് സംഭവിക്കുക? ആ മനുഷ്യന് എങ്ങനെ ഈ സമൂഹത്തിൽ ജീവിക്കാൻ കഴിയും. വലിയ കുഴപ്പം ആകുമെന്ന് തോന്നാം. എന്നാൽ ഒരു കുഴപ്പവും ഇല്ലെന്ന് മാത്രമല്ല. ഇങ്ങനെയൊരു കാര്യം ഉണ്ടെന്ന് വയറിംഗ് മാറിയ ആളോ മറ്റുള്ളവരോ അറിയില്ല. സത്യത്തിൽ നമ്മുടെ ചുറ്റുമുള്ള മനുഷ്യരിൽ എത്ര പേരാണ് ഇങ്ങനെ വ്യത്യസ്തമായി കാണുന്നത് എന്ന കാര്യം പോലും നമുക്ക് അറിയില്ല. ഒരു കാര്യം വ്യക്തമാണ് നമ്മളെല്ലാം ലോകത്തെ കാണുന്നത് ഒരുപോലെയല്ല. സ്ത്രീകൾക്ക് പുരുഷൻമാരെക്കാളും കൂടുതൽ നിറങ്ങൾ കാണാനുള്ള കഴിവ് ഉണ്ട്. എന്നിട്ടും എന്തുകൊണ്ട് നമ്മൾ ഇക്കാര്യം തിരിച്ചറിയുന്നില്ല എന്നാണെങ്കിൽ, അവിടെയാണ് ഭാഷയുടെ പ്രത്യേകത. നമ്മൾ ചുവപ്പെന്നും പച്ചയെന്നും നീലയെന്നുമെല്ലാം പറയുന്ന നിറങ്ങളുടെ ഒരുമ മനുഷ്യർ രൂപപ്പെടുത്തി എടുത്തിരിക്കുന്നത് അവരവരുടെ ഭാഷകളിലാണ്. 

നിങ്ങളുടെ കുഞ്ഞ് വളർന്ന് വരുന്നത് തന്നെ ഉദാഹരണമായി എടുക്കുക. അവന് കളർ വിഷന്‍റെ കാര്യത്തിൽ നിങ്ങളിൽ നിന്ന് ഒരു ചെറിയ വ്യത്യാസം ഉണ്ട്. നിങ്ങൾ പച്ചയായി കാണുന്നതെല്ലാം അവൻ ചെറുതിലേ മുതൽ ചുവപ്പായാണ് കാണുന്നത്. നിങ്ങൾ ചുവപ്പായി കാണുന്നതെല്ലാം പച്ചയായും. ആപ്പിളിൽ തട്ടി പ്രത്യേക ഫ്രീക്വൻസി നിങ്ങളുടെ കണ്ണിലെത്തി, അതിന് അനുബന്ധമായി നിങ്ങളുടെ തലച്ചോറിൽ ഒരു നിറം തെളിഞ്ഞു. അതേ ഫ്രീക്വൻസി നിങ്ങളുടെ കുഞ്ഞിന്‍റെ കണ്ണിലെത്തി അനുബന്ധമായി മറ്റൊരു നിറം തെളിഞ്ഞു. ആ ഫ്രീക്വൻസിക്ക് അനുബന്ധമായി ഉണ്ടായ അനുഭൂതിയെ നിങ്ങൾ വിളിച്ച പേര് ചുവപ്പ് എന്നാണ്. എങ്കിൽ അതേ ഫ്രീക്വൻസിയുമായി ബന്ധപ്പെട്ട് നിങ്ങളുടെ മകന്‍റെ ഉള്ളിലുണ്ടാകുന്ന മറ്റൊരു അനുഭൂതിയെ അവനും ചുവപ്പ് എന്ന് തന്നെ വിളിക്കും. 

മറ്റൊരു ഫ്രീക്വൻസിയുമായി ബന്ധപ്പെട്ട മറ്റൊരു അനുഭൂതിയെ നിങ്ങൾ പച്ചയെന്ന് വിളിച്ചു. അതേ ഫ്രീക്വൻസിയുമായി ബന്ധപ്പെട്ട് ഉണ്ടായ മറ്റൊരു അനുഭൂതിയെ നിങ്ങളുടെ മകനും പച്ചയെന്ന് വിളിക്കും. കാരണം നിങ്ങളവനെ അങ്ങനെയാണ് പഠിപ്പിക്കുന്നത്. പക്ഷേ നിങ്ങളുടെ രണ്ട് അനുഭൂതികളും പരസ്പരം മാറിയാണ് കിടക്കുന്നതെന്ന് നിങ്ങള്‍ക്കോ മകനോ ഒരിക്കലും മനസ്സിലാക്കാൻ കഴിയില്ല. കാരണം ഒരു പ്രത്യേക ഫ്രീക്വൻസിയുമായി ബന്ധപ്പെട്ട രണ്ട് പ്രത്യേക അനുഭൂതികളെ ചുവപ്പെന്ന വാക്ക് കൊണ്ട് ഒന്നാക്കിയിരിക്കുകയാണ്. ഈ യാഥാർത്ഥ്യം ഭാഷയിലൂടെ രൂപപ്പെടുത്തിയെടുത്തതാണ്. ഈ യാഥാർഥ്യത്തിന്‍റെ അടിസ്ഥാനത്തിൽ മനുഷ്യരുടെ ദൈന്യംദിന പ്രവൃത്തികളെല്ലാം നടന്നുപോകും. എല്ലാ മനുഷ്യരും പച്ച കാണുമ്പോൾ വണ്ടി ഓടിച്ച് പോവുകയും ചുവപ്പ് കാണുമ്പോൾ വണ്ടി നിര്‍ത്തുകയും ചെയ്യും. കൊടി നോക്കി ലീഗുകാർ അവരുടെ ഹൗസിലേക്കും സിപിഎമ്മുകാർ സെന്‍റിലേക്കും കയറിപ്പോകും. പക്ഷേ ഭാഷയെക്കുറിച്ചും കളർ പെർസെപ്ഷനെക്കുറിച്ചും അറിയുന്നവർക്ക് അറിയാം. ഇത് ഭാഷയിൽ രൂപപ്പെടുത്തിയ യാഥാര്‍ത്ഥ്യമാണെന്ന് (Reality).

(Ludwig Wittgenstein)

നാലാം ഭാഗം:  ഭാഷാ പഠനം: മനസും തലച്ചോറും ഒരു ശാസ്ത്രീയ പഠനം

പറഞ്ഞുവന്നത്, റിയാലിറ്റി എന്നാൽ എന്ത് എന്നതിൽ അടക്കം ഭാഷാപഠനത്തില്‍ പ്രഥമ പരിഗണന അർഹിക്കുന്നുണ്ട് എന്ന് തന്നെ. പലരും പറയുന്നത് പോലെ “ഓ ഭാഷാപഠനം" അത്ര നിസാരമല്ലെന്ന് തന്നെ. ശബ്ദത്തിലെ ഫ്രീക്വൻസിയെക്കുറിച്ച് പഠിച്ചാൽ ഭാഷയെ മുഴുവൻ മനസ്സിലാക്കിക്കളയാം എന്ന് പറയുന്ന അതിപ്രശസ്തരുള്ള നാടാണ് കേരളം. അവരെല്ലാം ഭാഷയെക്കുറിച്ച് കുറച്ചുകൂടെ ആഴത്തിൽ പഠിക്കേണ്ടതുണ്ട് എന്നാണ് തോന്നുന്നത്. അതിന് കേവലധാരണയ്ക്കപ്പുറം ഫിലോസഫിക്കൽ കാഴ്ചപ്പാടാണ് വേണ്ടത്. മനുഷ്യന്‍റെ ബോധത്തിന് ഉള്ളിലേക്ക് കടക്കാൻ ഇവർക്ക് കഴിയേണ്ടതുണ്ട്. വാക്ക് കൊണ്ട് വെറുതേ തള്ളിക്കളഞ്ഞാൽ ഇല്ലാതാകുന്നതല്ല ബോധം.  ഈ ഉൾക്കാഴ്ചയിൽ നിന്നാണ് ഭാരതീയ ദർശനങ്ങൾ ഭാഷാപഠനത്തിന് സവിശേഷസ്ഥാനം നൽകിയത്.

ജ്ഞാനോത്പാദനം തുടങ്ങുന്നത് ചോദ്യങ്ങളിൽ നിന്നാണ്. ഗവേഷണത്തിന് ആദ്യം വേണ്ടത് പെർഫെക്ട് ആയി രൂപപ്പെടുത്തിയ റിസർച്ച് ക്വസ്റ്റ്യൻ ആണ്.  അതുകൊണ്ടാണ്  ലുഡ്വിങ് വിറ്റ്ഗൈൻസ്റ്റൈൻ (Ludwig Wittgenstein) തന്‍റെ ആദ്യകാല ഫിലോസഫിക്കൽ പഠനങ്ങളിൽ ഭാഷയെ കേന്ദ്രസ്ഥാനത്ത് നിർത്തിയത്. ഫിലോസഫിക്കൽ പ്രശ്നങ്ങൾ എന്ന് പറയുന്ന പലതും ഭാഷയിലെ പ്രശ്നങ്ങളാണെന്ന്  അദ്ദേഹം വാദിച്ചു.  മനുഷ്യഭാഷയുടെ പ്രവർത്തനത്തെ സംബന്ധിച്ച യാഥാർത്ഥ്യം കണ്ടുപിടിച്ചാൽ ഫിലോസഫിക്കൽ പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്താം എന്നും അദ്ദേഹം കരുതി. ഇതൊന്നും മനസ്സിലാകാത്ത കാലം വരെ ഭാഷാപഠനം സിമ്പിളാണ്.  മനസ്സിലാക്കിയാൽ ഭാഷാപഠനം അത്ര ചെറിയ കളിയല്ലെന്നും വ്യക്തമാകും.  

അഞ്ചാം ഭാഗം: ഭാഷാ പഠനം; മനുഷ്യ ബുദ്ധിക്ക് അളക്കാന്‍ കഴിയാത്ത അത്ഭുതങ്ങള്‍ ഈ പ്രപഞ്ചത്തിലുണ്ടോ?

(കേരള സര്‍വകലാശാലയ്ക്ക് കീഴില്‍ തിരുവനന്തപുരം സർക്കാർ വനിതാ കോളേജ് മലയാള വിഭാഗത്തിൽ " ചോംസ്കിയൻ മിനിമലിസ്റ്റ് പ്രോഗ്രാം മലയാളത്തിൽ - സിദ്ധാന്തവും പ്രയോഗവും " എന്ന വിഷയത്തിൽ ഗവേഷകനാണ് ലേഖകന്‍. )

 

click me!