പരാജയപ്പെടാനും പകരംവീട്ടാനും കൊല ചെയ്യാനും മത്സരമല്ല, പ്രണയം!

By Web Team  |  First Published Oct 29, 2022, 2:45 PM IST

എവിടെയുമെപ്പോഴും പക കൊണ്ട് അശുദ്ധിയായത് ബന്ധങ്ങളാണ്. പ്രണയമായാലും സൗഹൃദമായാലും കുടുംബമായാലും മറ്റു പേരറിയാത്ത അടുപ്പങ്ങളായാലും. ഇട്ടേച്ചു പോയവര്‍ക്ക് മുമ്പില്‍ അടുത്തു നില്‍ക്കുന്നവരെ ചേര്‍ത്ത് പിടിച്ച്  ജീവിക്കുക.


പ്രണയമെന്നത് ഒരു തിരഞ്ഞെടുപ്പാണ്. രണ്ടുമനസ്സുകള്‍ തമ്മിലുള്ള യോജിപ്പും  പരസ്പര ധാരണയുമാണ്. അതിലൊരാള്‍ക്ക് വിയോജിപ്പും ആശയ വ്യത്യാസവും തോന്നിത്തുടങ്ങുമ്പോള്‍ മാന്യമായ പിരിയലുകളുണ്ടാവണം. ഒരാള്‍ പിരിയുമ്പോള്‍ മറ്റൊരാള്‍ പരാജയപ്പെടുന്നു എന്ന പൊതുബോധത്തിലാണ് ശാരീരികമായ അക്രമങ്ങളുടെ പിറവി.

 

Latest Videos

undefined

 

നീണ്ട നോട്ടങ്ങള്‍ക്കൊടുവില്‍ വല്ലപ്പോഴും വീണു കിട്ടുന്നൊരു ചിരി മതിയായിരുന്നു, പല ദിവസങ്ങള്‍ക്കും ഉത്സാഹമേകാന്‍. പേരിന്റെ ആദ്യാക്ഷരങ്ങള്‍ ഹൃദയ ചിഹ്നത്തിനുള്ളിലാക്കി ഡെസ്‌കിലും നോട്ട് ബുക്കിലുമൊക്കെ  വരച്ചു ചേര്‍ത്തു.  അതുവരെ അലക്ഷ്യമായി കിടന്നിരുന്ന മുടിയിഴകളെ പരിപാലിച്ചു തുടങ്ങി. ചിരട്ടക്കനലിട്ട് ഇസ്തിരിപ്പെട്ടി ചൂടാക്കി ചുളിവ് നിവര്‍ത്തി. വായിച്ച പുസ്തകങ്ങളിലെ ഉള്ളില്‍ തട്ടിയ വരികള്‍ കീറിയ നോട്ട് പേജിലെഴുതി കൈമാറി. ഇമോജികള്‍ക്കും ചിത്രങ്ങള്‍ക്കും സ്റ്റാറ്റസുകള്‍ക്കും പകരം മയില്‍പ്പീലിയും പ്രണയം തുളുമ്പും കവിതകളും കാസറ്റുകളും ചെമ്പകവും ലാങ്കിയുമൊക്കെ കൈമാറ്റം ചെയ്യപ്പെട്ടു.

ഓര്‍മ്മക്കായ്, നിനക്കായ്, ആദ്യമായ്, സ്വന്തം.. അത്  പ്രണയ ഗീതങ്ങളുടെ എന്ന പോലെ പ്രണയങ്ങളുടെയും സുവര്‍ണ്ണ കാലമായിരുന്നു. വാര്‍ത്താ വിനിമയ സൗകര്യങ്ങളുടെ അപര്യാപ്തത പ്രണയങ്ങളുടെ കൈമാറ്റത്തിലും പ്രതിഫലിച്ച കാലം. രണ്ടു നീല മാര്‍ക്കുകളില്‍ സന്ദേശങ്ങള്‍ വായിക്കപ്പെട്ടു എന്ന് സ്വയം മനസ്സിലാക്കാന്‍ സാധിക്കുന്ന ഇന്നുകള്‍ക്ക് മുമ്പ് നോട്ടം കൊണ്ടോ ഭാവം കൊണ്ടോ മറുപടി വായിച്ചെടുക്കേണ്ടതായി വന്നിരുന്ന  സമയം.

പലവട്ടം പലരോടും ഇഷ്ടം പറഞ്ഞിട്ടും ആരും സ്വീകരിക്കാതെ കിടന്ന പ്രണയത്തെ ഏറ്റെടുക്കാന്‍ ഒരാളുണ്ടായപ്പോള്‍ ഹൃദയത്തില്‍ വസന്തകാലമായിരുന്നു. ക്ലാസ്സില്‍ നിന്നും തല നൂറ്റിയെണ്‍പത് ഡിഗ്രിയില്‍ തിരിച്ചു നോക്കിയാല്‍ നോട്ടം ക്‌ളാസ്സിലേക്കും സലീനയിലേക്കുമെത്തും. ഇഷ്ടമായിരുന്നെന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇഷ്ടത്തിനെ കുറിച്ച് വാ തോരാതെ പറഞ്ഞു കൊണ്ടിരുന്നു. വിശിഷ്ട ദിവസങ്ങളില്‍ മധുരവും സമ്മാനങ്ങളും കൈമാറിക്കൊണ്ടിരുന്നു. അവള്‍ ബസ് കയറി പോകുന്നതും ബസ്സിലെ തിക്കും തിരക്കില്‍ കിട്ടുന്ന വിടപറയുമെന്നര്‍ത്ഥമുള്ള  നോട്ടവും പ്രതീക്ഷിച്ച് മതിലും  ചാരി നിന്നു. 

അവധിക്കാലങ്ങളില്‍ ആ വീടിനു മുമ്പിലൂടെ കടം വാങ്ങിയ ബൈക്കില്‍ പലവട്ടം വേഗം കുറച്ചു റോന്തുചുറ്റി. ഒടുവില്‍ കണ്ടുമുട്ടലുകളുടെ ദൈര്‍ഘ്യം കുറഞ്ഞു. കൗമാര പ്രണയത്തിന്റെ വേലിക്കെട്ടില്‍ നിന്ന് ജീവിത യാഥാര്‍ഥ്യങ്ങളുടെ വിശാലതയിലേക്ക് നടന്നു നീങ്ങിയപ്പോള്‍ പ്രണയം മനസ്സില്‍ മാത്രം സൂക്ഷിക്കാനുള്ള ഒരോര്‍മ്മയായി. ആ കാലത്ത് തേച്ചെന്നോ ഒട്ടിച്ചെന്നോ എവിടെയും വിലാപങ്ങളുയര്‍ന്നില്ല. 'സുമംഗലീ നീ ഓര്‍മ്മിക്കുമോ' എന്ന പാട്ടുവെച്ച്  എത്രയെത്ര പ്രണയ നൈരാശ്യങ്ങളെയാണ് ഉറക്കിക്കിടത്തിയത്. ബാബുരാജൂം യേശുദാസുമൊക്കെ എത്രയെത്ര വിരഹാര്‍ദ്ര രാവുകളിലാണ് കൂട്ടിരുന്നിട്ടുള്ളത്.

പ്രായത്തിന്റെ അവിവേകവും ജീവിത സത്യങ്ങള്‍ നേരിട്ടിട്ടില്ലെന്ന തിരിച്ചറിവും തിരഞ്ഞെടുപ്പിനുള്ള അവകാശം ഓരോരുത്തരിലും നിക്ഷിപ്തമാണെന്നുമൊക്കെയുള്ള തിരിച്ചറിവുകളാണ് പകയില്ലാതെ പതം വന്നൊരു ഓര്‍മ്മയായി ഇന്നുമാ പ്രണയത്തെ ഉള്ളിലിട്ടു കൊണ്ടു നടക്കാന്‍ ബഹു ഭൂരിപക്ഷത്തിനും അന്നു ഹേതുവായത്.

വൈരാഗ്യത്തിന്റെ തിരകള്‍ എങ്ങിനെയായിരിക്കും പ്രണയക്കടലില്‍ പിറവി കൊണ്ടത്? ഒന്നുറപ്പാണ്, അവസാനത്തെ ഒരു തരി  സ്‌നേഹവും വറ്റിത്തീര്‍ന്ന് ദുരഭിമാനവും അസൂയയുമൊക്കെ മൂത്തുണ്ടായ പകയെ ഒരിക്കലും പ്രണയമെന്ന വിശുദ്ധ വാക്കിന് മുമ്പോ ശേഷമോ ചേര്‍ത്ത് വെക്കുന്നത് തന്നെ പാപമാണ്. അധമ വികാരത്തിനൊപ്പം പിരിച്ചുകെട്ടി വെയ്ക്കേണ്ട ഒന്നല്ലല്ലോ പ്രണയം. ദുരഭിമാനം തോന്നുന്ന നിമിഷം പ്രണയവും സ്‌നേഹവും സൗഹൃദവുമൊക്കെ വറ്റിത്തുടങ്ങും. പിരിഞ്ഞാല്‍ പകയുണ്ടാകുമെന്ന സാമാന്യ വത്കരണത്തിലാവും പ്രണയത്തിനോടൊപ്പം പകയും ചേര്‍ക്കപ്പെട്ടത്. അങ്ങിനെയെങ്കില്‍  എത്രയെത്ര പകവീട്ടലുകളാവും ഈ ലോകത്ത് നടത്തേണ്ടി വരിക!

നിരാശകളെയും പകയേയും പരാജയങ്ങളെയും പ്രണയത്തോട് ചേര്‍ത്ത് വെച്ച് നമ്മള്‍ സൃഷ്ടിച്ചത് അനാവശ്യ മാതൃകകളാണ്. പ്രണയ പരാജയമെന്ന് പറയാന്‍ പ്രണയമൊരു മത്സരമല്ലായെന്നും രണ്ടിലൊരാള്‍ നിരസിക്കുന്നത് മറ്റൊരാളുടെ പരാജയമെന്നോ പറയാനാവില്ല. പ്രണയമെന്നത് ഒരു തിരഞ്ഞെടുപ്പാണ്. രണ്ടുമനസ്സുകള്‍ തമ്മിലുള്ള യോജിപ്പും  പരസ്പര ധാരണയുമാണ്. അതിലൊരാള്‍ക്ക് വിയോജിപ്പും ആശയ വ്യത്യാസവും തോന്നിത്തുടങ്ങുമ്പോള്‍ മാന്യമായ പിരിയലുകളുണ്ടാവണം. ഒരാള്‍ പിരിയുമ്പോള്‍ മറ്റൊരാള്‍ പരാജയപ്പെടുന്നു എന്ന പൊതുബോധത്തിലാണ് ശാരീരികമായ അക്രമങ്ങളുടെ പിറവി. പരാജയമെന്ന ബോധ്യത്തിലാണ് എങ്ങിനെയും വിജയിക്കണമെന്നോ സ്വന്തമാക്കണമെന്നോ തനിക്ക് സ്വന്തമാവാത്തത് മറ്റാര്‍ക്കും വേണ്ടെന്ന് തീരുമാനിച്ച് കൊലപാതങ്ങളിലേക്കോ വലിയ അക്രമത്തിലേക്കോ കൊണ്ടെത്തിക്കുന്നത്.

പരാജയമെന്ന വാക്ക് ഉള്ളില്‍ പക തീര്‍ക്കാത്ത ആരുമുണ്ടാവില്ല. അതൊരു വാശിയും കൂടി സമ്മാനിക്കും. തന്നെ വേണ്ടാത്ത ഒരാള്‍ക്ക് മുമ്പില്‍ തന്നെ മാത്രം മതിയെന്ന് പറയുന്നൊരാളോടൊത്ത് ജീവിച്ചു കാണിക്കുക എന്നത് തന്നെയാണ് പക. 

എത്രപേര്‍ വിവാഹ മോചനം നേടി മറ്റൊരാളോടൊപ്പം സന്തോഷകരമായി മറ്റൊരു ദാമ്പത്യ ജീവിതം നയിക്കുന്നു. എത്രയെത്രപേര്‍ മനസ്സിന് പിടിക്കാത്തത് കൊണ്ട് സൗഹൃദങ്ങളെ അകറ്റി നിര്‍ത്തിയിരിക്കുന്നു.  അങ്ങനെ വിലയിരുത്തുമ്പോള്‍ പ്രണയമൊരു സ്വപ്നമാണ്. ഒരു സ്വപ്നം സാഫല്യമായില്ല എന്നു കരുതി മറ്റൊരു സ്വപ്നം കാണാതിരിക്കാന്‍  നമ്മളാരും ഉറക്കം വെടിഞ്ഞിട്ടില്ല. മറ്റൊരു സ്വപ്നം കൊണ്ട് മറികടക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

എവിടെയുമെപ്പോഴും പക കൊണ്ട് അശുദ്ധിയായത് ബന്ധങ്ങളാണ്. പ്രണയമായാലും സൗഹൃദമായാലും കുടുംബമായാലും മറ്റു പേരറിയാത്ത അടുപ്പങ്ങളായാലും. ഇട്ടേച്ചു പോയവര്‍ക്ക് മുമ്പില്‍ അടുത്തു നില്‍ക്കുന്നവരെ ചേര്‍ത്ത് പിടിച്ച്  ജീവിക്കുക. പങ്കിട്ട നല്ല നിമിഷങ്ങളെ ഉള്ളില്‍ സൂക്ഷിക്കുക. മറ്റൊരാളെ ഇല്ലാതാക്കുമ്പോഴും രക്തമൊഴുക്കുമ്പോഴും സ്വയം ഇല്ലാതാവുന്നതും വേദന താങ്ങേണ്ടതും നമ്മളല്ലോ!
 

click me!