ഇതാദ്യമായല്ല സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള നൈറ്റ്ലിയുടെ പ്രതികരണം. നേരത്തെയും സമാനമായ വിഷയത്തെ കുറിച്ച് നൈറ്റ്‍ലി സംസാരിച്ചിട്ടുണ്ട്.
സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെട്ടതിന്‍റെ അനുഭവങ്ങള്‍ നമ്മളേറ്റവും കൂടുതല്‍ കേള്‍ക്കാന്‍ തുടങ്ങിയത് ഈ കഴിഞ്ഞ കുറച്ച് കാലങ്ങളായിട്ടാവും. 'മീ ടൂ' മൂവ്മെന്‍റും സാമൂഹിക മാധ്യമങ്ങളും എല്ലാം അതിന് കാരണമായി തീര്‍ന്നിട്ടുണ്ട്. പ്രശസ്തരായ പലരും തങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുള്ള മോശം അനുഭവങ്ങളെ കുറിച്ചും സ്ത്രീകൾ അനുഭവിക്കേണ്ടി വരുന്ന ചൂഷണങ്ങളെ കുറിച്ചും എല്ലാം പരസ്യമായി പ്രതികരിക്കാൻ തയ്യാറാവുന്നുണ്ട്. ഇപ്പോഴിതാ ഇംഗ്ലീഷ് നടിയായ കെയ്റ നൈറ്റ്‍ലിയും ഇതേ വിഷയത്തെ കുറിച്ച് തുറന്ന് പ്രതികരിക്കുകയാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണം എങ്ങനെയാണ് ഒരു വലിയ വിഷയമാകുന്നത് എന്നും തനിക്കറിയാവുന്ന എല്ലാ സ്ത്രീകളും ഏതെങ്കിലും തരത്തില്‍ ചൂഷണത്തിന് വിധേയരായിട്ടുണ്ട് എന്നുമാണ് നൈറ്റ്‍ലിയുടെ പ്രതികരണം.
undefined
അനുവാദമില്ലാത്ത സ്പര്‍ശനം മുതല്‍ സ്വകാര്യഭാഗങ്ങളുടെ പ്രദർശനം വരെ അതില്‍ പെടുന്നു എന്നും നൈറ്റ്‍ലി അഭിമുഖത്തിൽ തുറന്ന് പറഞ്ഞു. 'ഹാര്‍പേഴ്സ് ബസാര്‍' മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് മുപ്പത്തിയാറുകാരിയായ നൈറ്റ്‍ലി ഇക്കാര്യം പറഞ്ഞത്. ബുധനാഴ്ചയാണ് അഭിമുഖമടങ്ങിയ മാഗസിന്റെ പുതിയ ലക്കം വിപണിയിലിറങ്ങുന്നത്. 'തികച്ചും അസ്വസ്ഥതയുളവാക്കുന്ന' എന്നാണ് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ അഭിമുഖത്തില്‍ നൈറ്റ്‍ലി വിശേഷിപ്പിച്ചത്.
നൈറ്റ്‍ലിക്ക് ഏതെങ്കിലും തരത്തിൽ ചൂഷണം നേരിടേണ്ടി വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'ഉണ്ട്, തനിക്കെന്നല്ല, എല്ലാ സ്ത്രീകൾക്കും ഏതെങ്കിലും തരത്തില്‍ ചൂഷണം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടാകും. അങ്ങനെയല്ലാത്ത ആരെയും തനിക്കറിയില്ല. അത് ചിലപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സ്‍പര്‍ശനമാകാം. സ്വകാര്യഭാഗങ്ങളുടെ പ്രദര്‍ശനമാകാം. ഏതെങ്കിലും പുരുഷന്‍ നിങ്ങളെ അടിക്കുന്നതാകാം. അങ്ങനെ അത് എന്തുമാവാം' എന്നായിരുന്നു നൈറ്റ്‍ലി മറുപടി നല്‍കിയത്. സുരക്ഷിതമായി വീട്ടിലേക്ക് പോകുന്നതിന് ഓരോ സ്ത്രീയും എടുക്കുന്ന മുന്‍കരുതലുകളുടെ പട്ടിക നോക്കിയാല്‍ അതിലോരോന്നും താനും ചെയ്യുന്നതാണ് എന്നും നൈറ്റ്‍ലി പറയുന്നു.
ഇതാദ്യമായല്ല സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയത്തിലുള്ള നൈറ്റ്ലിയുടെ പ്രതികരണം. നേരത്തെയും സമാനമായ വിഷയത്തെ കുറിച്ച് നൈറ്റ്‍ലി സംസാരിച്ചിട്ടുണ്ട്. അടുപ്പമുള്ള സീനുകള്‍ ചിത്രീകരിക്കുന്നതിലെ അസ്വസ്ഥതകളെ കുറിച്ചും എങ്ങനെയാണ് സ്ത്രീകളെ ഒന്നുകില്‍ ഇളക്കക്കാരികളായോ അല്ലെങ്കില്‍ മാതൃസഹജമായ രീതിയിലോ നോക്കിക്കാണുന്നത് എന്നതിനെ കുറിച്ചുമെല്ലാം അവര്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു. 'ശരീരത്തിന്‍റെ സ്വീകാര്യതയെ കുറിച്ചും മാതൃത്വത്തെ കുറിച്ചും ഒരു സിനിമ ചെയ്യുകയാണെങ്കില്‍ അതൊരു സ്ത്രീ എടുക്കുന്ന സിനിമ ആയിരിക്കണം എന്ന് ഞാന്‍ കരുതുന്നുണ്ട്. എനിക്ക് പുരുഷന്മാരോട് വിരോധമില്ല. അവര്‍ക്കൊപ്പവും താന്‍ ജോലി ചെയ്യാറുണ്ട്' എന്നും നൈറ്റ്‍ലി നേരത്തെ പറഞ്ഞിരുന്നു.
രണ്ട് കുട്ടികളുടെ അമ്മയാണ് നൈറ്റ്‍ലി. നേരത്തെ 'ദ എസ്സെക്സ് സർപന്റ്' എന്ന പ്രൊജക്ടിൽ നേരത്തെ അഭിനയിക്കാന്‍ കണക്കാക്കിയിരുന്നത് നൈറ്റ്‍ലിയെ ആയിരുന്നു. എന്നാല്‍, മഹാമാരിക്കാലത്ത് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ് എന്ന് പറഞ്ഞുകൊണ്ട് നൈറ്റ്‍ലി അതില്‍ നിന്നും പിന്മാറുകയാണ് ഉണ്ടായത്. അതിനെ കുറിച്ചും ലോക്ക്ഡൗണ്‍ കാലത്ത് എങ്ങനെയാണ് കുടുംബത്തെ നിരാശയില്‍ പെടാതെ സജീവമായി മുന്നോട്ട് കൊണ്ടുപോകാന്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ചുമെല്ലാം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നൈറ്റ്‍ലി പറയുന്നുണ്ട്. നൈറ്റ്‍ലിയുടെ ഭര്‍ത്താവ് ജെയിംസ് റൈറ്റണ്‍ ഒരു ഗായകനാണ്. എഡി, ഡെലിയാ എന്നിങ്ങനെ രണ്ട് കുട്ടികളാണ് നൈറ്റ്‍ലിക്ക്.
(ചിത്രങ്ങൾ: ഫയൽ ചിത്രങ്ങൾ/ഗെറ്റി ഇമേജസ്)