പുരാതന ചൈനയിൽ നാഗരികത എങ്ങനെ വികസിച്ചുവെന്ന അന്വേഷണത്തില്‍ നടന്ന വിപ്ലവം തന്നെയായിരുന്നു ഈ കണ്ടെത്തലുകളെല്ലാം.
മാസ്ക് നമുക്ക് 'ന്യൂ നോർമൽ' ആയിക്കഴിഞ്ഞു. അത് നമ്മുടെ നിത്യജീവിതത്തിലെ ഒഴിവാക്കാനാവാത്ത ഒന്നായി തുടരുന്നു. എന്ന് മുതലാണ് നാം മാസ്‍ക് ധരിച്ച് തുടങ്ങിയത്? നേരത്തെയും പല മഹാമാരിക്കാലത്തും ആളുകൾ പലതരത്തിലുള്ള മാസ്ക് ധരിച്ചിട്ടുണ്ട് എന്ന് ചരിത്രം പറയുന്നു. എന്നാൽ, മൂവായിരം വർഷം പഴക്കമുള്ള വ്യത്യസ്‍തമായ ഒരു സ്വർണ മാസ്കിന്റെ അവശിഷ്ടങ്ങൾ ചൈനയിൽ കണ്ടെത്തിയിരിക്കുകയാണ്.
ചൈനയിലെ സിചുവാന്‍ പ്രവിശ്യയിൽ ഒരിടത്തു നടന്ന ആര്‍ക്കിയോളജിക്കല്‍ ഖനനത്തിലാണ് മാസ്‍കിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൂവായിരം വര്‍ഷം പഴക്കമുള്ള വലിയൊരു പുരാവസ്തുശേഖരത്തിൽ ഉള്‍പ്പെട്ടതാണ് ഈ സ്വര്‍ണ മാസ്‍കും. ഏകദേശം 280 ഗ്രാം (0.6 പൗണ്ട്) തൂക്കവും 84 ശതമാനം സ്വർണവും കൊണ്ടാണ് ഇത് നിർമ്മിച്ചതെന്ന് കണക്കാക്കപ്പെടുന്നു. പുതുതായി കണ്ടെത്തിയ ആറ് ബലിക്കുഴികളിൽ ഉണ്ടായിരുന്ന 500 -ലധികം ഇനങ്ങളിൽ ഒന്നാണ് ഈ ആചാരപരമായ മാസ്‍ക് എന്ന് രാജ്യത്തെ നാഷണല്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് അഡ്‍മിനിസ്ട്രേഷന്‍ പറയുന്നു.
undefined
പ്രവിശ്യാ തലസ്ഥാനമായ ചെങ്ഡുവിന് പുറത്ത് 4.6 ചതുരശ്ര മൈൽ വിസ്തൃതിയുള്ള സാങ്‌സിങ്‌ഡുയിയിലാണ് ഈ കണ്ടെത്തലുകൾ നടന്നിരിക്കുന്നത്. ബിസി 316 -ൽ പിടിച്ചടക്കപ്പെടുന്നതുവരെ പടിഞ്ഞാറൻ സിചുവാൻ നദീതടത്തെ ഭരിച്ചിരുന്ന പുരാതന ഷു സ്റ്റേറ്റിനെ കുറിച്ച് ഈ പുതിയ കണ്ടെത്തലുകള്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കിയേക്കും എന്ന് ചില വിദഗ്ധർ പറയുന്നു.
സ്വർണ മാസ്‍കിനു പുറമേ പുരാവസ്‍തു ഗവേഷകർ, വെങ്കലം, സ്വർണ ഫോയിലുകൾ, ആനക്കൊമ്പ്, അസ്ഥി തുടങ്ങിയവയിൽ നിന്ന് നിർമ്മിച്ച കരകൗശല വസ്‍തുക്കളും കണ്ടെത്തി. ആറ് കുഴികളിൽ ഏറ്റവും വലുത് 19 ചതുരശ്ര മീറ്റർ (205 ചതുരശ്ര അടി) വരുന്ന ഒന്നാണ്, ഇതുവരെ തുറക്കാത്ത തടിപ്പെട്ടി, മൂങ്ങയുടെ ആകൃതിയിലുള്ള വെങ്കല പാത്രം എന്നിവയും ഇവിടെ നിന്നും ലഭിച്ചു.
1920 -കൾ മുതലുള്ള 50,000 -ത്തിലധികം പുരാതന കരകൗശല വസ്‍തുക്കൾ സാങ്‌സിങ്‌ഡുയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ഒരു കർഷകൻ അബദ്ധവശാൽ നിരവധി അവശിഷ്ടങ്ങൾ സ്ഥലത്ത് കണ്ടതോടെയാണ് ഇവിടെ ഖനനം തുടങ്ങിയത്. 1986 -ല്‍ ഇവിടെ രണ്ട് ആചാരക്കുഴികള്‍ കണ്ടെത്തിയത് കണ്ടെത്തലുകളില്‍ ഒരു വലിയ വഴിത്തിരിവ് തന്നെ ഉണ്ടാക്കി. നന്നായി സംരക്ഷിക്കപ്പെട്ട തരത്തിലുള്ള വെങ്കല മാസ്‍കുകളടക്കം വിപുലമായ ശേഖരമാണ് അന്ന് അവിടെ നിന്നും കണ്ടെത്തിയത്.
പിന്നീട് ഇടവേളകള്‍ക്ക് ശേഷം 2019 -ല്‍ മൂന്നാമതൊരു കുഴി കൂടി കണ്ടെത്തിയത് വലിയ ചില കണ്ടെത്തലുകളിലേക്കുള്ള യാത്രയായി. ശേഷം, ഇത്തരത്തിലുള്ള അഞ്ച് കുഴികള്‍ കൂടി ഇവിടെ നിന്നും കണ്ടെത്തി. ഈ കുഴികള്‍ ഏതെങ്കിലും തരത്തിലുള്ള ആചാരവുമായി ബന്ധപ്പെട്ടിരിക്കാം എന്നാണ് വിദഗ്ദ്ധര്‍ വിശ്വസിക്കുന്നത്.
ഷു സംസ്ഥാനത്തിന്റെ ഹൃദയഭാഗത്തായിട്ടാണ് സാങ്‌സിങ്‌ഡുയി എന്നാണ് വിശ്വസിക്കപ്പെടുന്നത്. ഏതെങ്കിലും തരത്തിലുള്ള എഴുതപ്പെട്ട രേഖകള്‍ കുറവായിരുന്നതിനാല്‍ തന്നെ ഇതിനെ കുറിച്ച് വളരെ കുറച്ച് അറിവ് മാത്രമേ ചരിത്രകാരന്മാര്‍ക്ക് ഉള്ളൂ. ഇവിടെ നിന്ന് കിട്ടിയ വസ്തുക്കളില്‍ പലതും ബിസി 12, 11 നൂറ്റാണ്ടില്‍ നിന്നും ഉള്ളതാണ് എന്നാണ് കരുതപ്പെടുന്നത്. അവിടെയുള്ള ഒരു മ്യൂസിയത്തില്‍ ഇവ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പുരാതന ചൈനയിൽ നാഗരികത എങ്ങനെ വികസിച്ചുവെന്ന അന്വേഷണത്തില്‍ നടന്ന വിപ്ലവം തന്നെയായിരുന്നു ഈ കണ്ടെത്തലുകളെല്ലാം. ചൈനീസ് നാഗരികതയുടെ തൊട്ടിലായി കണക്കാക്കപ്പെട്ടിരുന്ന യെല്ലോ റിവർ വാലിയിലെ അയൽ സമൂഹങ്ങളിൽ നിന്നും തികച്ചും സ്വതന്ത്രമായിട്ടാണ് രാജ്യം വികസിച്ചതെന്നാണ് ഈ വ്യത്യസ്തമായ തരത്തിലുള്ള ഷു സംസ്കാരത്തിന്റെ തെളിവുകൾ സൂചിപ്പിക്കുന്നത്.
നാഷണല്‍ ഹെറിറ്റേജ് അഡ്‍മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സോങ് സിന്‍ചാവോ പ്രസ് ഏജന്‍സിയായ സിന്‍ഹുവായോട് പറഞ്ഞത്, 'സാങ്‌സിങ്‌ഡുയി സംസ്‍കാരത്തെ കുറിച്ചുള്ള തങ്ങളുടെ അറിവുകള്‍ വിപുലപ്പെടുത്തുകയും അതിന് ആഴം പകരുകയും ചെയ്യുന്ന കണ്ടെത്തലുകളാണ് ഇതെല്ലാം' എന്നാണ്.
ഇവിടെ നിന്നും കണ്ടെത്തിയ സില്‍ക്ക് നാരുകളും തുണികളുടെ അവശിഷ്ടങ്ങളും ഷു സംസ്‍കാരത്തെ കുറിച്ചുള്ള അറിവുകള്‍ വര്‍ധിപ്പിക്കുന്നതിന് സഹായിച്ചുവെന്ന് ഖനന സംഘത്തിന്‍റെ തലവനും സിചുവാന്‍ പ്രോവിന്‍ഷ്യല്‍ കള്‍ച്ചറല്‍ റെലിക്സ് ആന്‍ഡ് ആര്‍ക്കിയോളജി റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് മേധാവിയുമായ ടാങ് ഫേയി ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായി. 'പുരാതന ചൈനയിലെ സിൽക്കിന്റെ പ്രധാന ഉത്ഭവസ്ഥാനങ്ങളിലൊന്നാണ് ഈ സംസ്‍കാരം' എന്നും സിന്‍ഹുവാ പറയുന്നു.
യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലെങ്കിലും, ഭാവിയിൽ ഉൾപ്പെടുത്തുന്നതിനായി പട്ടികയില്‍ സാങ്‌സിങ്‌ഡുയി ഉണ്ട്.