യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നിന് താഴെയാണ് തങ്ങൾ താമസിക്കുന്നതെന്ന് അറിയാത്ത ആയിരക്കണക്കിന് റോമാക്കാരെയാണ് ഈ സ്ഫോടനം കൊന്നൊടുക്കിയത്. നഗരമപ്പാടെ നാമാവശേഷമായി.
ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ് അഗ്നിപർവ്വത സ്ഫോടനത്തിന് ഇരയായ രണ്ട് പേരുടെ അസ്ഥികൾ കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. പുരാതന റോമൻ നഗരമായ പോംപൈയിലാണ് അസ്ഥികൾ കണ്ടെത്തിയിരിക്കുന്നത്.
ഒരു ചെറിയ താൽക്കാലിക കിടപ്പുമുറിയിൽ ഒരു പുരുഷൻ്റെയും സ്ത്രീയുടെയും അസ്ഥികൂടം കണ്ടെത്തിയതായിട്ടാണ് പോംപൈ പുരാവസ്തു സൈറ്റ് തങ്ങളുടെ പ്രസ്താവനയിൽ പറയുന്നത്. സ്ത്രീ കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. അതേസമയം പുരുഷന്റെ അസ്ഥികൂടം കട്ടിലിന്റെ താഴെ കിടക്കുന്ന നിലയിലും. സ്ത്രീക്ക് ചുറ്റുമായി സ്വർണം, വെള്ളി, വെങ്കല നാണയങ്ങൾ, സ്വർണത്തിന്റെയും പേളിന്റെയും കമ്മലുകൾ ഉൾപ്പെടെയുള്ള ആഭരണങ്ങൾ എന്നിവയുണ്ടായിരുന്നു എന്നും ഗവേഷകർ പറയുന്നു.
undefined
AD 79 -ൽ വെസൂവിയസ് പർവതം പൊട്ടിത്തെറിച്ചപ്പോഴാണ് നേപ്പിൾസിനടുത്തുള്ള പോംപൈ നഗരവും ചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളും നശിച്ചത്. സ്ഫോടനത്തിൽ ചാരം കൊണ്ട് മുങ്ങുകയായിരുന്നു ഈ പ്രദേശം. യൂറോപ്പിലെ ഏറ്റവും വലിയ അഗ്നിപർവ്വതങ്ങളിലൊന്നിന് താഴെയാണ് തങ്ങൾ താമസിക്കുന്നതെന്ന് അറിയാത്ത ആയിരക്കണക്കിന് റോമാക്കാരെയാണ് ഈ സ്ഫോടനം കൊന്നൊടുക്കിയത്. നഗരമപ്പാടെ നാമാവശേഷമായി.
ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന സ്ത്രീയും പുരുഷനും ഈ ചെറിയ മുറിയിൽ അഭയം തേടിയതാവാം എന്ന് കരുതുന്നു. എന്നാൽ, വലിയ പാറക്കല്ലുകൾ വന്ന് വാതിലുകളെ മറച്ചതോടെ ഇവർക്ക് രക്ഷപ്പെടാൻ സാധിച്ചിട്ടുണ്ടാവില്ല എന്നും അനുമാനിക്കുന്നു. ഒടുവിൽ അഗ്നിപർവ്വതത്തിൽ നിന്നുള്ള ലാവയുടെയും മറ്റ് തിളച്ചുമറിയുന്ന ചൂടുള്ള വസ്തുക്കളുടെയും ഒഴുക്കിനടിയിൽ അവർ അമർന്നു പോയിരിക്കാമെന്നും ഗവേഷകർ പറയുന്നു.
പോപൈക്കാരുടെ ജീവിതത്തെ കുറിച്ചുള്ള വിവരങ്ങൾ കൂടുതൽ ലഭിക്കാൻ ഈ കണ്ടെത്തൽ സഹായകമാകും എന്നാണ് ഗവേഷകർ പറയുന്നത്.