10 ലക്ഷത്തിന്‍റെ ഇൻഷുറൻസ് തുക കൈക്കലാക്കാൻ അനിയൻ ജേഷ്ഠനെ വെടിവെച്ച് കൊന്നു, കുടുക്കിയത് ഫോൺ ലൊക്കേഷൻ

By Web TeamFirst Published Jul 15, 2024, 6:03 PM IST
Highlights

ജേഷ്ഠൻ മരണപ്പെട്ടാൽ ലഭിക്കുന്ന ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതി അരവിന്ദനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വീരേന്ദ്രക്ക് ജേഷ്ഠന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

കാൺപൂർ: ഉത്തർപ്രദേശിൽ ഇൻഷുറൻസ് തുക കൈക്കലാക്കാൻ സ്വന്തം ജേഷ്ഠനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തു.ബഡോസരായ് പൊലീസ് സ്റ്റേഷൻ പരിധിയിലെ മുറൈ മജ്രെ മധ്‌നാപൂർ ഗ്രാമത്തിലെ താമസക്കാരനായ അരവിന്ദ് കുമാർ (35)ആണ് വെടിയേറ്റ് കൊല്ലപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ജേഷ്ഠനെ കൊലപ്പെടുത്തയത് അനിയനാണെന്ന് കണ്ടെത്തിയത്.   

ശുചീകരണ തൊഴിലാളിയായ അരവിന്ദിനെ കൊലപ്പെടുത്തിയ കുറ്റത്തിന് ഇയാളുടെ ഇളയ സഹോദരൻ വിരേന്ദ്രയെ ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ അഞ്ചിന് രാത്രിയാണ് ഈയടുത്ത് പണി കഴിപ്പിച്ച തന്‍റെ പുതിയ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അരവിന്ദ് കുമാർ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ജേഷ്ഠൻ മരണപ്പെട്ടാൽ ലഭിക്കുന്ന ഇൻഷുറൻസ് തുകയായ 10 ലക്ഷം രൂപ തട്ടിയെടുക്കാനാണ് പ്രതി അരവിന്ദനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. വീരേന്ദ്രക്ക് ജേഷ്ഠന്‍റെ ഭാര്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

Latest Videos

ജനലിലൂടെ ആരോ വെടിവെച്ച് കൊന്നതാണെന്നായിരുന്നു ആദ്യം പൊലീസിന് ലഭിച്ച വിവരം. എന്നാൽ അന്വേഷണത്തിൽ ക്ലോസ് റേഞ്ചിൽ നിന്നാണ് അരവിന്ദിന് വെടിയേറ്റതെന്ന് പൊലീസിന് മനസിലായി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇക്കാര്യം വ്യക്തമാക്കിയരുന്നു. ഇതോടെ പൊലീസ് പ്രതിക്കായി അന്വേഷണം ശക്തമാക്കി. അന്വേഷണത്തിനൊടുവിൽ സംഭവ ദിവസം അരവിന്ദന്‍റെ അനിയൻ വീരേന്ദ്ര വീടിനടുത്തുണ്ടായിരുന്നതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് കണ്ടെത്തി. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായിരുന്ന വീരേന്ദ്രക്ക് വലിയ കടബാധ്യതകളുണ്ടായിരുന്നു. നിരവധി ആളുകളിൽ നിന്നും ഇയാൾ പണം കടം വാങ്ങിയിരുന്നു. ഇത് തിരികെ നൽകാനായാണ് വീരേന്ദ്ര ജേഷ്ഠനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അരവിന്ദിന്‍റെ ഭാര്യയുമായി വീരേന്ദ്രയ്ക്ക് അവിഹിത ബന്ധമുണ്ടായിരുന്നു.  ബരാബങ്കിയിലെ വാടകവീട്ടിൽ താമസിക്കുമ്പോൾ വീരേന്ദ്ര യുവതിയെ പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും പൊലീസ് കണ്ടെത്തിിട്ടുണ്ട്.  

തനിക്കുണ്ടായിരുന്ന ഭീമമായ കടബാധ്യത തീർക്കാൻ  ഭാര്യ മുഖേന ഇൻഷുറൻസ് തുക ക്ലെയിം ചെയ്യാനാണ് പ്രതി കരുതിയിരുന്നതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ യുവതിക്ക് നേരിട്ട് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.  അരവിന്ദനെ വെടിവെക്കാനുപയോഗിച്ച തോക്ക് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

Read More : നഷ്ടപ്പെട്ട സഹജീവിയെ തിരയുമ്പോൾ പക്വതയോടെ പെരുമാറിയ മലയാളി മാതൃകയാണ്, ജോയിയുടെ മരണം ദുഖകരം; സ്പീക്കർ

click me!