ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച ഷബ്നയെ ഹനീഫ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
കോഴിക്കോട്: കോഴിക്കോട് ഓർക്കാട്ടേരിയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവിന്റെ അമ്മാവനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഓർക്കാട്ടേരി സ്വദേശി ഹനീഫയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മരിച്ച ഷബ്നയെ ഹനീഫ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആയഞ്ചേരി സ്വദേശിയായ ശബ്‌ന ഭർത്താവ് ഹബീബിന്‍റെ ഓർക്കാട്ടേരിയിലെ വീട്ടിൽ വച്ച് മരിക്കുന്നത്. ഷബ്ന മുറി അടച്ചിട്ടെന്ന് വിദേശത്തുള്ള ഭർത്താവ് ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു. രാത്രിയിൽ ഷബ്നയുടെ ബന്ധുക്കളെത്തി വാതിൽ തള്ളി തുറന്നപ്പോൾ ജനാലയിൽ തൂങ്ങി നിൽക്കുന്ന അവസ്ഥയിലായിരുന്നു മൃതദേഹം. വൈകീട്ട് വീട്ടിൽ തർക്കമുണ്ടായെന്ന് ഷബ്നയുടെ മകൾ പറഞ്ഞതിനാൽ സിസിടിവി ഹാർഡ് ഡിസ്ക് ബന്ധുക്കൾ അഴിച്ചെടുത്തു. പരിശോധിച്ചപ്പോൾ ഷബ്നയുടെ ഭർത്താവിന്‍റെ അമ്മാവൻ മർദ്ദിക്കുന്നത് കണ്ടത്. ഷബ്ന മുറിയിൽ കയറി വാതിലടച്ചപ്പോൾ രക്ഷിക്കാൻ അപേക്ഷിച്ചിട്ടും ആരും തയ്യാറായില്ലെന്ന് മകൾ പൊലീസിന് മൊഴി നൽകി. മരിക്കുന്നെങ്കിൽ മരിക്കട്ടെയെന്നായിരുന്നു ഭർത്താവിന്‍റെ സഹോദരിയുടെ പ്രതികരണമെന്ന് പത്ത് വയസ്സുകാരി പറയുന്നു.
പുതിയ വീട് വാങ്ങി താമസം മാറാനുള്ള ആലോചനയ്ക്കിടെയാണ് ഷബ്നയുടെ മരണം. ഭർതൃ വീട്ടുകാരുടെ പീഡനം പലപ്പോഴും മകൾ പറഞ്ഞിരുന്നെന്നും വിവാഹത്തിന് നൽകിയ സ്വർണം വീടിനായി ഉപയോഗിക്കാൻ പറഞ്ഞതോടെയാണ് ഉപദ്രവം കൂടിയതെന്ന് അമ്മ പറയുന്നു. ഹനീഫ കൊല്ലാനും മടിക്കില്ലെന്ന് ഷബ്നയുടെ ഭർത്താവ് പറയുന്ന ശബ്ദരേഖയും ബന്ധുക്കൾക്ക് ലഭിച്ചു. അസ്വാഭാവിക മരണത്തിനാണ് നിലവിൽ പൊലീസ് കേസെടുത്തിരിക്കുന്നത്. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ട് തെളിവുകൾ ഉൾപ്പെടെ ബന്ധുക്കൾ ഉടൻ മറ്റൊരു പരാതിയും നൽകും.