ഇറക്കുന്ന സ്ഥലത്തേച്ചൊല്ലി തര്‍ക്കം, ഓട്ടോ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് മര്‍ദിച്ച 55കാരന്‍ മരിച്ചു, അറസ്റ്റ്

By Web Team  |  First Published Oct 25, 2023, 1:56 PM IST

മർദ്ദനത്തിന്റെ ആഘാതത്തിൽ സുധീപിന്റെ ഇരുവശങ്ങളിലായി ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരിക രക്ത സ്രാവം സംഭവിക്കുകയായിരുന്നു


പള്ളിക്കത്തോട്: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മധ്യവയസ്കന്‍ മരിച്ച കേസിൽ പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തെ തുടർന്ന് ഉണ്ടായ തർക്കത്തിൽ പരിക്കേറ്റായിരുന്നു പള്ളിക്കത്തോട് സ്വദേശിയായ സുധീപ് എബ്രഹാമിന്റെ മരണം. വാഴൂർ സ്വദേശികളായ അനീഷ് , പ്രസീദ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പള്ളിക്കത്തോട് സ്വദേശിയായ അമ്പത്തിരണ്ട് വയസുകാരൻ സുധീപ് എബ്രഹാമിന്റെ മരണകാരണം ഇരുവരിൽ നിന്നുമേറ്റ മർദ്ദനമെന്നാണ് പൊലീസ് കണ്ടെത്തൽ.

സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇങ്ങിനെയാണ്. അനീഷ് ഓടിച്ചിരുന്ന ഓട്ടോറിക്ഷയിൽ സുധീപ് എബ്രഹാം വീട്ടില്‍ പോകുന്നതിനുവേണ്ടി കയറി. എന്നാൽ വീട്ടിലേക്ക് പോകാതെ അനീഷിന്റെ വീടിന് സമീപമുള്ള റോഡില്‍ ഓട്ടോ നിര്‍ത്തി. തന്നെ വീട്ടിലേക്ക് കൊണ്ടു പോകണം എന്ന് സുധീപ് പറഞ്ഞതോടെ ഇരുവരും തമ്മില്‍ വാക്കു തർക്കമായി. വീട്ടിൽ കൊണ്ടു പോയി വിട്ടില്ലെങ്കിൽ കയറിയ സ്ഥലത്ത് തിരികെ കൊണ്ടാക്കണം എന്ന് സുധീപ് നിലപാടെടുത്തു. ഇതോടെ അനീഷും ഒപ്പമുണ്ടായിരുന്ന പ്രസീദും സുധീപിനെ ഓട്ടോയിൽ കയറ്റി സമീപത്തെ ഷാപ്പിനു സമീപം എത്തിച്ച് മർദ്ദിക്കുകയായിരുന്നു.

Latest Videos

undefined

മരംവെട്ട് ജോലി കൂടി ചെയ്തിരുന്ന അനീഷ് തന്റെ ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന ഇരുമ്പ് അലവാങ്ക് ഉപയോഗിച്ച് സുധീപിനെ അടിക്കുകയും നിലത്ത് വീണ സുധീപിന്റെ നെഞ്ചിന് ചവിട്ടുകയുമായിരുന്നു. മർദ്ദനത്തിന്റെ ആഘാതത്തിൽ സുധീപിന്റെ ഇരുവശങ്ങളിലായി ഏഴ് വാരിയെല്ലുകൾ ഒടിഞ്ഞ് ആന്തരിക രക്ത സ്രാവം സംഭവിക്കുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. അക്രമ ശേഷം ഓടി രക്ഷപ്പെട്ട പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!