പ്രവാസിയുടെ കുടുംബത്തിന്റെ കൂട്ടക്കൊല: പ്രതിയെ ആക്രമിക്കാൻ ശ്രമിച്ച 11 പേർക്കെതിരെ നടപടിക്കൊരുങ്ങി പൊലീസ്

By Web Team  |  First Published Dec 13, 2023, 7:54 AM IST

പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 11 പേര്‍ക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ കുടുംബത്തെ കൂട്ടക്കൊല ചെയ്ത കേസിലെ പ്രതിയായ പ്രവീണിനെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ആക്രമിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്. ആക്രമിക്കാന്‍ ശ്രമിച്ചെന്ന പ്രവീണിന്റെ പരാതിയില്‍, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് 11 പേര്‍ക്ക് കര്‍ണാടക പൊലീസ് നോട്ടീസ് അയച്ചു. 

നവംബര്‍ 16ന് പ്രവീണിനെ കൊല്ലപ്പെട്ടവരുടെ വസതിയില്‍ എത്തിച്ച സമയത്തായിരുന്നു പ്രദേശവാസികളായ ഒരു സംഘം ഇയാളെ ആക്രമിക്കാന്‍ ശ്രമിച്ചത്. രോഷാകുലരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തിരുന്നു. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പൊലീസ് കസ്റ്റഡിയിലിരിക്കെ പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ 11 പേര്‍ക്ക് പങ്കുണ്ടെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നോട്ടീസ് അയച്ചതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 

Latest Videos

undefined

നവംബര്‍ 12നായിരുന്നു നാടിനെ ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്നാന്‍(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്ക് ശേഷം തന്നെ പ്രതിയായ പ്രവീണിനെ ഉഡുപ്പി പൊലീസ് പിടികൂടിയിരുന്നു. എയര്‍ ഇന്ത്യ ജീവനക്കാരിയായിരുന്ന അയനാസിനോടുള്ള പ്രവീണിന്റെ വ്യക്തി വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അയനാസിനെ മാത്രം ലക്ഷ്യമിട്ടാണ് പ്രതി പ്രവീണ്‍ ഉഡുപ്പിയിലെ വീട്ടില്‍ എത്തിയത്. അയനാസിനെ കൊലപ്പെടുത്താന്‍ ശ്രമിക്കുന്നത് തടയാന്‍ മറ്റുള്ളവര്‍ എത്തിയപ്പോഴാണ് അവര്‍ക്കെതിരെയും പ്രവീണ്‍ അക്രമം നടത്തിയത്. പ്രവീണും അയനാസും എട്ട് മാസത്തോളം പരിചയമുണ്ടായിരുന്നു. എന്നാല്‍, കൊലപ്പെടുന്നതിന്റെ ഒരു മാസം മുന്‍പ് ഇരുവരും തമ്മില്‍ ചില തര്‍ക്കങ്ങളുണ്ടായി. പിന്നാലെ പ്രവീണുമായി അയനാസ് അകല്‍ച്ച സ്ഥാപിച്ചിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമായതെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ശബരിമലയില്‍ തിരക്കിന് നേരിയ ശമനം, നിലയ്ക്കലും സ്ഥിതി സാധാരണ നിലയിലേക്ക് 
 

click me!