19കാരനായ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയില്‍ നിന്നാണ് രണ്ട് പൊലീസുകാരും ആറ് കോളജ് വിദ്യാർത്ഥികളും ചേർന്ന് അഞ്ച് ലക്ഷം തട്ടിയത്
പുനെ: മയക്കുമരുന്ന് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി എഞ്ചിനീയറിംഗ് വിദ്യാർത്ഥിയില്‍ നിന്ന് 4.98 ലക്ഷം രൂപ തട്ടിയ രണ്ട് പൊലീസുകാർക്കെതിരെ കേസെടുത്തു. 19കാരനായ വിദ്യാർത്ഥിയില്‍ നിന്നാണ് രണ്ട് പൊലീസുകാരും ആറ് കോളജ് വിദ്യാർത്ഥികളും ചേർന്ന് ലക്ഷങ്ങള്‍ തട്ടിയത്. മഹാരാഷ്ട്രയിലെ പിംപ്രി - ചിഞ്ച്‌വാദിലാണ് സംഭവം.
സബ് ഇൻസ്‌പെക്ടർ ഹേമന്ത് ഗെയ്‌ക്‌വാദ്, കോൺസ്റ്റബിൾ സച്ചിൻ ഷെജ്‌വാൾ, അനിൽ ചൗധരി, അമൻ ഷെയ്ഖ്, ഹുസൈൻ ഡാംഗെ, മുഹമ്മദ് അഹ്മർ മിർസ, ശങ്കർ ഗോർഡെ, മുന്ന സ്വാമി എന്നിവരാണ് പ്രതികൾ. വിദ്യാർഥിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസിൽ ഇതുവരെ നാല് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
undefined
കിവാലെയിലെ സിംബയോസിസ് കോളജ് വിദ്യാർത്ഥിയാണ് പരാതിക്കാരന്‍. ജാർഖണ്ഡ് സ്വദേശിയാണ് വിദ്യാർത്ഥി. വിദ്യാർത്ഥിയുമായി ആദ്യം പ്രതികള്‍ സൌഹൃദം സ്ഥാപിച്ചു. വിദ്യാർത്ഥി സമ്പന്ന കുടുംബത്തില്‍ നിന്നാണെന്ന് മനസ്സിലാക്കിയ പ്രതികള്‍ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടാന്‍ പദ്ധതി തയ്യാറാക്കിയെന്നും പൊലീസ് പറഞ്ഞു.
ഫെബ്രുവരി 10നാണ് സംഭവം നടന്നത്. പ്രതികള്‍ ആദ്യം വിദ്യാർത്ഥിയെ ഒരു കഫേയിലേക്ക് വിളിച്ചുവരുത്തി. മയക്കുമരുന്ന് അടങ്ങിയ പൊതി വർത്തമാനം പറയുന്നതിനിടെ വിദ്യാർത്ഥി അറിയാതെ പോക്കറ്റില്‍ നിക്ഷേപിച്ചു. എന്നിട്ട് പൊലീസുകാർ അവനെ പരിശോധിച്ച് പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് പൊതി കണ്ടെടുത്തു. തുടർന്ന് മയക്കുമരുന്ന് കൈവശം വച്ചതിന് കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി. കേസെടുക്കാതിരിക്കാന്‍ 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭയന്നുപോയ വിദ്യാർത്ഥി 4.98 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക് ഗൂഗിള്‍ പേ, നെറ്റ് ബാങ്കിംഗ് എന്നിവ വഴി ട്രാന്‍സ്ഫർ ചെയ്തു.
അടുത്ത ദിവസം വരെ പ്രതികളുടെ കസ്റ്റഡിയിലായിരുന്നു വിദ്യാർത്ഥി. ഫെബ്രുവരി 12ന് വിദ്യാർത്ഥി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ കേസെടുക്കുകയും നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ മറ്റ് നാല് പേര്‍ ഒളിവിലാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം