പൊലീസ് കൈകാണിച്ചു, നിർത്താതെ പോയ വിദ്യാർത്ഥിയെ പിന്നാലെ കൂടി പൊക്കി തല്ലിച്ചതച്ചു; പൊലീസുകാർക്കെതിരെ നടപടി

By Web Team  |  First Published Nov 18, 2023, 10:17 AM IST

കൂട്ടുകാരനെ വിളിക്കാന്‍ കാറുമായി പോയ പാര്‍ത്ഥിപനെ വഴിയില്‍  വാഹനപരിശോധനയ്ക്കിടെ പൊലീസ് കൈ കാണിച്ചിരുന്നു. ലൈസൻസ് ഇല്ലാത്തതിനാല്‍ ഭയന്ന് പാര്‍ത്ഥിപൻ വണ്ടി നിര്‍ത്തിയില്ല.


കോട്ടയം: പരിശോധനയ്ക്കിടെ വാഹനം നിർത്താതെ പോയതിന് പാലാ പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. ഗ്രേഡ് എസ്ഐ പ്രേംസണ്‍, എഎസ്ഐ ബിജു കെ.തോമസ് എന്നിവര്‍ക്കെതിരെയാണ് നടപടി. വിദ്യാര്‍ഥിയെ പൊലീസ് മര്‍ദ്ദിച്ചെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. വാഹനപരിശോധനയുടെ പേരിലാണ് പാല  പൊലീസ് സ്റ്റേഷനില്‍ വിദ്യാര്‍ഥിക്ക് ക്രൂരമര്‍ദ്ദനമേറ്റത്. 

പെരുമ്പാവൂര്‍ സ്വദേശിയായ 17-കാരന് പാര്‍ത്ഥിപനെയാണ് പൊലീസ് തല്ലിച്ചതച്ചത്. മർദ്ദനമേറ്റ് വിദ്യാർത്ഥിയുടെ നട്ടെല്ലിന് പരിക്കേറ്റിരുന്നു. മര്‍ദ്ദിച്ചെന്ന പാര്‍ത്ഥിപന്‍റെ പരാതി പാലാ പൊലീസ് ആദ്യം നിഷേധിച്ചെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെ സംഭവത്തില്‍ കോട്ടയം എസ്‍പി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. പാലാ ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഡിഐജി രണ്ട് പൊസുകാര്‍ക്കെതിരെ നടപടിയെടുത്തത്. 

Latest Videos

undefined

കൂട്ടുകാരനെ വിളിക്കാന്‍ കാറുമായി പോയ പാര്‍ത്ഥിപനെ വഴിയില്‍  വാഹനപരിശോധനയ്ക്കിടെ പൊലീസ് കൈ കാണിച്ചിരുന്നു. ലൈസൻസ് ഇല്ലാത്തതിനാല്‍ ഭയന്ന് പാര്‍ത്ഥിപൻ വണ്ടി നിര്‍ത്തിയില്ല. എന്നാൽ പൊലീസ് കാറിനെ  പിന്തുടര്‍ന്ന് വിദ്യാർത്ഥിയെ പിടികൂടി പാലാ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കൈയ്യില്‍ ലഹരി മരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം .സ്റ്റേഷനില്‍ ക്യാമറയില്ലാത്ത ഭാഗത്തേക്ക് മാറ്റി നിര്‍ത്തിയായിരുന്നു മര്‍ദ്ദനമെന്ന് പാര്‍ത്ഥിപൻ പരാതി നല്‍കിയിരുന്നു.

മര്‍ദ്ദിച്ച കാര്യം പുറത്തുപറഞ്ഞാല്‍ വേറെ കേസില്‍ കുടുക്കുമെന്ന് ഗ്രേഡ് എസ്ഐ പ്രേംസണ്‍, എഎസ്ഐ ബിജു കെ.തോമസ് എന്നിവര്‍ ഭീഷണിപ്പെടുത്തിയതായും പാര്‍ത്ഥിപൻ ആരോപിച്ചിരുന്നു. ക്രൂരമായി മർദ്ദനമേറ്റ കുട്ടി പിന്നീട് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. അന്വേഷണത്തില്‍ ഇക്കാര്യങ്ങളെല്ലാം ശരിയെന്ന് ബോധ്യപെട്ടതോടെയാണ് ഗ്രേഡ് എസ്ഐയേയും എഎസ്ഐയേയും സസ്പെൻഡ് ചെയ്തത്.

Read More :  'ഈട് വേണ്ട, കൊള്ളപ്പലിശ'; ഒളിഞ്ഞിരിക്കുന്ന മൈക്രോ ഫിനാൻസ് ചതി, ചിറ്റൂരിൽ 3 മാസത്തിനിടെ ജീവനൊടുക്കിയത് 4 പേർ

click me!