വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാനുള്ള യുവാക്കളുടെ ശ്രമം, വിദ്യാർത്ഥി മരിച്ചു, 2 പേര്‍ അറസ്റ്റില്‍

By Web Team  |  First Published Dec 28, 2023, 9:56 AM IST

അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ പിടിച്ചതാണ് 14കാരനായ അഭിജിത്തിന് ഷോക്കേല്‍ക്കാനിടയായത്


മാനന്തവാടി: കുഴിനിലം ചെക്ക്ഡാമിനു സമീപം സ്‌കൂള്‍ വിദ്യാര്‍ഥി ഷോക്കേറ്റു മരിക്കാനിടയായ സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഴിനിലം വിമലനഗര്‍ പുത്തന്‍ പുരയ്ക്കല്‍ വീട്ടില്‍ പി.വി. ബാബു (38), കുഴിനിലം കോട്ടായില്‍ വീട്ടില്‍ കെ.ജെ. ജോബി (39) എന്നിവരെയാണ് മാനന്തവാടി സ്റ്റേഷന്‍ഹൗസ് ഓഫീസര്‍ എം.എം. അബ്ദുള്‍ കരീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 

കണിയാരം ഫാ. ജി.കെ.എം. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കുഴിനിലം അടുവാന്‍കുന്ന് കോളനിയിലെ അഭിജിത്ത് (14) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് മീന്‍പിടിക്കാന്‍ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് മാനന്തവാടി പൊലീസ് കേസെടുത്തിരുന്നു.

Latest Videos

undefined

തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ജോബിയുടെയും ബാബുവിന്റെയും പങ്ക് വ്യക്തമായത്. അണക്കെട്ടിലെ വെള്ളത്തിലേക്കിട്ട വയറില്‍ ഘടിപ്പിച്ച മൊട്ടുസൂചിയില്‍ പിടിച്ചതാണ് അഭിജിത്തിന് ഷോക്കേല്‍ക്കാനിടയായത്. അന്വേഷണത്തില്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍നിന്ന് ഇലക്ട്രിക്ക് വയര്‍, കമ്പി, മുള കൊണ്ടുള്ള തോട്ടി വടിക്കഷണം എന്നിവ കണ്ടെടുത്തിരുന്നു. 

മാനന്തവാടി എസ്.ഐമാരായ കെ.കെ. സോബിന്‍, ടി.കെ. മിനിമോള്‍, എ.എസ്.ഐ. കെ.വി. സജി, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി. വിപിന്‍, റോബിന്‍ ജോര്‍ജ്, കെ.ഡി. രാംസണ്‍,  പി.വി. അനൂപ് എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു. ജില്ല ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി. സുമേഷിന്റെ നേതൃത്വത്തിലുള്ള ഇലക്ട്രിക്കല്‍ ഇന്‍സ്പക്ടറേറ്റ് ടീമും കെ.എസ്.ഇ.ബി. തവിഞ്ഞാല്‍ സെക്ഷന്‍ അസി. എന്‍ജിനീയര്‍ ശിവദാസിന്റെ നേതൃത്വത്തിലുള്ള സംഘവും ബുധനാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!