16 കാരനും സഹായിയുമാണ് പൊലീസിന്റെ പിടിയിലായത്. തലവൂരിൽ ഒറ്റ രാത്രി കൊണ്ട് അഞ്ച് വീടുകളിലെ മോട്ടോറുകൾ മോഷ്ടിച്ച വിരുതന്മാരാണ് ഒടുവിൽ പിടിയിൽ.
കൊല്ലം: കൊല്ലം തലവൂരിൽ വീടുകളിൽ നിന്ന് മോട്ടോറുകൾ മോഷ്ടിച്ച പ്രതികൾ പിടിയിൽ. 16 കാരനും സഹായിയുമാണ് പൊലീസിന്റെ പിടിയിലായത്. തലവൂരിൽ ഒറ്റ രാത്രി കൊണ്ട് അഞ്ച് വീടുകളിലെ മോട്ടോറുകൾ മോഷ്ടിച്ച വിരുതന്മാരാണ് ഒടുവിൽ പിടിയിൽ.
കോട്ടവട്ടം സ്വദേശിയായ പതിനാറുകാരനാണ് മോഷണത്തിന്റെ മുഖ്യ ആസൂത്രകൻ. ഓട്ടോറിക്ഷ ഡ്രൈവർ പനമ്പറ്റ സ്വദേശി മനോജാണ് 16 കാരന്റെ സഹായി. മറ്റൊരു കേസിൻ്റെ ഭാഗമായി ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് മോട്ടോർ മോഷണം സമ്മതിച്ചത്. പകൽ സമയങ്ങളിൽ ചുറ്റി നടന്ന് വീടുകളും കിണറുകളുടെ ഭാഗത്തേക്കുള്ള വഴികളും മനസ്സിലാക്കി രാത്രിയെത്തി മോഷ്ടിക്കുന്നതാണ് രീതി. മനോജിന്റെ ഓട്ടോറിക്ഷയിലാണ് മോട്ടോർ കടത്ത്. മോഷണത്തിന് ഉപയോഗിച്ച ഓട്ടോറിക്ഷയും മോഷ്ടിച്ച മോട്ടറുകളും പൊലീസ് കണ്ടെത്തി. തമിഴ് നാട്ടിലെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു ലക്ഷ്യം. മനോജിനെ റിമാൻഡ് ചെയ്തു. പതിനാറുകാരനെ ജുവനൈൽ ഹോമിലേക്ക് മാറ്റി.