Latest Videos

ടിൻഡറിൽ ഡേറ്റിംഗ്, കഫേയിലെത്തി കൂടിക്കാഴ്ച, യുവതിയുടെ ജന്മദിനവും ആഘോഷിച്ചു; പിന്നെ നടന്നത് വൻ ചതി!

By Web TeamFirst Published Jun 30, 2024, 10:11 AM IST
Highlights

മറ്റൊരു യുവാവിനെ കെണിയിലാക്കാനായി കഫേയിലെത്തിയപ്പോഴാണ് അഫ്സാന പർവീനെ പൊലീസ് പൊക്കിയത്.  ഓൺലൈൻ മാട്രിമോണി സൈറ്റായ ശാദി ഡോട്ട് കോമിലൂടെ പരിചയപ്പെട്ട യുവാവുമായാണ് ഇത്തവണ അഫ്സാന കഫേയിലെത്തിയത്

ദില്ലി: സിവിൽ സർവീസിന് പഠിക്കുന്ന ഒരു യുവാവ്, ഒരു ദിവസം ഡേറ്റിംഗ് ആപ്പിലൂടെ യുവതിയെ പരിചയപ്പെട്ടു. അടുപ്പം വളർന്നതോടെ ജന്മദിനം ആഘോഷിക്കാൻ കഫേയിലേക്ക് വിളിച്ചു. കൂട്ടുകാരിയെ കാണാൻ കഫേയിലെത്തി, ജ്യൂസും കേക്കും കഴിച്ചു. പക്ഷേ യുവാവിന് ഒടുവിൽ കിട്ടിയത് മുട്ടൻ പണി. ബില്ല് വന്നത് വൻ തുക.  ഓൺലൈനിൽ പരിചപ്പെട്ട യുവതിയെ വിശ്വസിച്ച് കഫേയിലെത്തിയ യുവാവിന് നഷ്ടമായത് 1 .2 ലക്ഷം രൂപയാണ്. കഴിഞ്ഞ 23ന് ആണ് സിനിമാ കഥയെ വെല്ലും വിധമുള്ള തട്ടിപ്പ് നടന്നത്. 

ഡേറ്റിംഗ് ആപ്പായ ടിൻഡറിലൂടെയാണ് യുവാവ് വർഷ എന്ന പേരിൽ ഒരു യുവതിയെ പരിചയപ്പെടുന്നത്. ആപ്പിലൂടെ ചാറ്റിംഗ് തുടർന്ന ഇരുവരും നേരിൽ കാണാനും സംസാരിക്കാനും തീരുമാനിച്ചു. ഒടുവിൽ  ജൂൺ 23 ന് വികാസ് മാർഗിലെ ബ്ലാക്ക് മിറർ കഫേയിൽ പെൺകുട്ടിയുടെ ജന്മദിനത്തിന് എത്താമെന്ന് തീരുമാനിച്ചു.  കഫേയിലെത്തി യുവാവും യുവതിയും  കുറച്ച് ലഘുഭക്ഷണങ്ങളും രണ്ട് കേക്കുകളും ഓർഡർ ചെയ്തു. വർഷ ജ്യൂസും ഓർഡർ ചെയ്തു. വൈകുന്നേരമായതോടെ വർഷയുടെ ഫോണിലേക്ക് ഒരു കോളെത്തി. വീട്ടിലേക്ക് അടിയന്തരമായി എത്തണമെന്നും വീണ്ടും കാണാമെന്നും യുവാവിനോട് പറഞ്ഞ് വർഷ വേഗത്തിൽ കഫേയിൽ നിന്നുമിറങ്ങി. 

പിന്നീടാണ് യുവാവിനെ വെട്ടിലാക്കിയ വൻ തട്ടിപ്പ് നടന്നത്. യുവതി പോയതിന് പിന്നാലെ കഫേ ജീവനക്കാർ ബില്ലുമായെത്തി. പരമാവധി 2000 രൂപ ബില്ല് പ്രതീക്ഷിച്ച യുവാവിന് കിട്ടിയത്  1,21,917.70 രൂപയുടെ  ബില്ല്! ഞെട്ടിപ്പോയ യുവാവ് ബില്ലിലെ അധിക തുകയെപ്പറ്റി കഫേ ജീവനക്കാരോട് തർക്കിച്ചു. പക്ഷേ കഫേ ഉടമ അക്ഷയ് പഹ്‌വയും ജീവനക്കാരും യുവാവിനെ ഭീഷണിപ്പെടുത്തി മുഴുവൻ പണവും അടപ്പിച്ചു.   ചതി പറ്റിയെന്ന് മനസിലാക്കിയതോടെ യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.  

യുവാവിന്‍റെ പരാതിയിൽ കേസെടുത്ത പൊലീസ് അക്ഷയിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് തട്ടിപ്പിന്‍റെ ചുരുളഴിയുന്നത്. കഫേ ഉടമകളായ മൂന്ന് യുവാക്കളും അഫ്സാന പർവീനെന്ന 25 കാരിയും പ്ലാൻ ചെയ്ത് യുവാവിനെ കുടുക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. അഫ്സാന വർഷയെന്ന പേരിൽ ടിൻഡറിലൂടെ യുവാവിനെ കുടുക്കി കഫേയിലെത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്ഷയിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അഫ്സാനയെയും പിടികൂടി.

മറ്റൊരു യുവാവിനെ കെണിയിലാക്കാനായി കഫേയിലെത്തിയപ്പോഴാണ് അഫ്സാന പർവീനെ പൊലീസ് പൊക്കിയത്.  ഓൺലൈൻ മാട്രിമോണി സൈറ്റായ ശാദി ഡോട്ട് കോമിലൂടെ പരിചയപ്പെട്ട യുവാവുമായാണ് ഇത്തവണ അഫ്സാന കഫേയിലെത്തിയത്. തട്ടിപ്പിന് കളമൊരുങ്ങുന്നതിന് തൊട്ടുമുമ്പാണ് പൊലീസ് അഫ്സാനയെ പിടികൂടുന്നത്. യുവാക്കളെ പറ്റിച്ച് തട്ടിയെടുക്കിന്ന പണം നാല് പേർ ചേർന്ന് വീതിച്ചെടുക്കുകയാണ് പതിവ്. തട്ടിയെടുക്കുന്ന പണത്തിന്‍റെ 15 ശതമാനം പെൺകുട്ടിക്കും ബാക്കി തുക കഫേ മാനേജരും പ്രതികളും വീതിച്ചെടുക്കുമെന്ന് പൊലീസ് കണ്ടെത്തി.  സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

Read More :  നിഗൂഢത മറനീക്കാൻ സുനിൽ പിടിയിലാകണം; ക്വാറി ഉടമ ദീപുവിനെ കൊന്ന ശേഷം പ്രതികൾ ഉപേക്ഷിച്ച കാർ കണ്ടെത്തി പൊലീസ്

tags
click me!