ഘോഷയാത്രയ്ക്ക് നേരെ മലിന ജലമൊഴിച്ചു, സംഘര്‍ഷാവസ്ഥ; അഞ്ച് പേര്‍ക്കെതിരെ കേസ്

By Web Team  |  First Published Dec 27, 2023, 9:19 PM IST

സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. 


മൈസൂരു: ഘോഷയാത്രയ്ക്ക് നേരെ മലിന ജലമൊഴിച്ച സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തത് പൊലീസ്. 
ബുധനാഴ്ച മൈസൂരു നഞ്ചന്‍കോട് നടന്ന ഘോഷയാത്രയ്ക്ക് നേരെയാണ് ഒരു സംഘമാളുകള്‍ മലിനമായ വെള്ളം ഒഴിച്ച് പ്രകോപനം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ വന്‍ പൊലീസ് സന്നാഹമാണ് സ്ഥലത്തുള്ളത്. 

നഞ്ചുണ്ടേശ്വര ക്ഷേത്രം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജഗദീഷ് ആണ് അഞ്ചു പേര്‍ക്കെതിരെ പരാതി നല്‍കിയത്. ബാലരാജു, നാരായണ, നാഗഭൂഷണ്‍, നടേഷ്, അഭി എന്നിവര്‍ക്കെതിരെയാണ് പരാതി ലഭിച്ചതെന്ന് നഞ്ചന്‍കോട് ടൗണ്‍ പൊലീസ് അറിയിച്ചു. ഘോഷയാത്രയ്ക്ക് നേരെ പ്രതികള്‍ ഒഴിച്ച മലിന ജലം പ്രതിഷ്ഠയുടെ മേല്‍ പതിച്ച് മതപരമായ ആചാരങ്ങള്‍ തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. 'അന്ധകാസുര സംഹാര' ചടങ്ങിനോട് അനുബന്ധിച്ചാണ് ക്ഷേത്ര ഭരണ സമിതി ഘോഷയാത്ര സംഘടിപ്പിച്ചത്. എന്നാല്‍ അന്ധകാസുരനാണ് തങ്ങളുടെ രാജാവെന്ന് പറഞ്ഞ് ഡിഎസ്എസ് എന്ന സംഘടന രംഗത്ത് വരുകയും ഘോഷയാത്രയെ എതിര്‍ക്കുകയുമായിരുന്നുവെന്ന് പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു. 

Latest Videos

undefined

അതേസമയം, ഘോഷയാത്രയില്‍ ഒരു വ്യക്തിയെയും അപമാനിക്കുന്നില്ലെന്ന് ക്ഷേത്ര സമിതി വിശദീകരിച്ചു. ഇത് വകവയ്ക്കാതെ ഭക്തരുടെ മതവികാരം വ്രണപ്പെടുത്തി ഘോഷയാത്രയ്ക്കിടെ ഒരു സംഘം വെള്ളം ഒഴിക്കുകയായിരുന്നുവെന്നും ക്ഷേത്ര സമിതി വ്യക്തമാക്കി. പ്രതികള്‍ മലിനമായ വെള്ളം ഒഴിച്ചതാണ് സംഘര്‍ഷാവസ്ഥയ്ക്ക് കാരണമായതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

'എംഫില്‍ അംഗീകൃത ബിരുദമല്ല, പ്രവേശനം നേടരുത്'; മുന്നറിയിപ്പുമായി യുജിസി  


tags
click me!