ഒറ്റ നോട്ടത്തില്‍ എംസി ബ്രാണ്ടി കുപ്പി, ബിവറേജ് വില; 'നടനായ ഡോക്ടര്‍' നിര്‍മ്മിച്ചത് 16 കെയ്‌സ് വ്യാജൻ

By Web Team  |  First Published Dec 9, 2023, 11:15 AM IST

സംസ്ഥാനത്തിന് പുറത്തു നിന്ന് സ്പിരിറ്റെത്തിച്ച് നിറം കലര്‍ത്തി എം.സി ബ്രാണ്ടിയുടെ വ്യാജ സ്റ്റിക്കറും ഹോളോഗ്രാമും പതിപ്പിച്ച് വിതരണം ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് എക്‌സൈസ്.


തൃശൂര്‍: പെരിങ്ങോട്ടുകരയില്‍ ഹോട്ടലിന്റെ മറവില്‍ നടത്തിയ വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രത്തില്‍ എക്‌സൈസ് റെയ്ഡ്. 1200 ലിറ്റര്‍ സ്പിരിറ്റും എം.സി ബ്രാണ്ടിയുടെ ലേബലൊട്ടിച്ച് തയറാക്കിയ വ്യാജ മദ്യവും പിടികൂടി. ഡോക്ടറും നടനുമാണെന്ന് സ്വയം അവകാശപ്പെട്ട ഇരിങ്ങാലക്കുട സ്വദേശി അനൂപ് ഉള്‍പടെ ആറു പേരെ സംഭവത്തില്‍ എക്‌സൈസ് പിടികൂടി. 

പെരിങ്ങോട്ടുകരയിലെ ഏറാത്ത് ഹോട്ടല്‍ 1200 രൂപ ദിവസ വാടകയ്‌ക്കെടുത്തായിരുന്നു ഇരിങ്ങാലക്കുട സ്വദേശി അനൂപിന്റെ നേതൃത്വത്തിലുള്ള വ്യാജമദ്യ നിര്‍മ്മാണ കേന്ദ്രം പ്രവര്‍ത്തിച്ചത്. സംസ്ഥാനത്തിന് പുറത്തു നിന്ന് സ്പിരിറ്റെത്തിച്ച് നിറം കലര്‍ത്തി എം.സി ബ്രാണ്ടിയുടെ വ്യാജ സ്റ്റിക്കറും ഹോളോഗ്രാമും പതിപ്പിച്ച് വിതരണം ചെയ്യുകയായിരുന്നു സംഘത്തിന്റെ രീതിയെന്ന് എക്‌സൈസ് പറഞ്ഞു. 

Latest Videos

undefined

ബിവറേജസ് കോര്‍പ്പറേഷന്‍ വിലയാണ് കുപ്പിയില്‍ പതിപ്പിച്ചിരുന്നത്. പകല്‍ ആളനക്കമില്ലാത്ത ഹോട്ടലില്‍ രാത്രി കാലങ്ങളില്‍ അപരിചിത വാഹനങ്ങള്‍ വന്നു പോകാന്‍ തുടങ്ങിയതോടെയാണ് എക്‌സൈസ് സംഘം നിരീക്ഷണം ആരംഭിച്ചത്. എക്‌സൈസ് കമ്മീഷ്ണര്‍ സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തുമ്പോള്‍ വാഹനത്തില്‍ മദ്യം കയറ്റുകയായിരുന്നു. 33 ലിറ്ററിന്റെ 12 കന്നാസും, 23 ലിറ്ററിന്റെ 20 ബോട്ടിലും, അര ലിറ്ററിന്റെ 432 കുപ്പി മദ്യവുമാണ് പിടികൂടിയത്. ഹോട്ടലിന് പിറകില്‍ രണ്ട് കാറുകളില്‍ നിന്നാണ് 16 കേയ്‌സ് വിദേശ മദ്യം കണ്ടെത്തിയതെന്നും എക്‌സൈസ് അറിയിച്ചു. 

അനൂപായിരുന്നു മുഖ്യ സൂത്രധാരന്‍. ബംഗളൂരുവില്‍ നിന്ന് എംബിബിഎസ് ബിരുദ നേടിയിട്ടുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്. സിനിമയില്‍ അഭിനയിച്ചിട്ടുണ്ടെന്നും മൊഴി നല്‍കിയിട്ടുണ്ട്. ഇക്കാര്യങ്ങള്‍ എക്‌സൈസ് പരിശോധിച്ച് വരികയാണ്. അനൂപിനെ കൂടാതെ കോട്ടയം സ്വദേശികളായ കെ.വി.റജി, റോബിന്‍, തൃശൂര്‍ കല്ലൂര്‍ സ്വദേശി സെറിന്‍ ടി.മാത്യു, കൊട്ടിയം സ്വദേശി മെല്‍വിന്‍ ജെ. ഗോമസ്, ചിറക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും നിരവധി വ്യാജ ഐഡി കാര്‍ഡുകളും, എയര്‍ പിസ്റ്റളും പിടിച്ചെടുത്തിട്ടുണ്ട്. സംഘത്തെ കുറിച്ചുള്ള വിശദമായ അന്വേഷണം തുടരുകയാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

'കടുവ സ്ഥലത്ത് തന്നെ', താമരശേരി ചുരത്തിൽ ഇറങ്ങരുത്; ജാഗ്രതാ നിര്‍ദേശങ്ങള്‍ 
 

click me!