തലശ്ശേരിയിൽ നിസ്കാരത്തിന് പോയി തിരികെ വന്നപ്പോഴേയ്ക്കും ഉസ്താദിന്‍റെ റാഡോ വാച്ചും പണവും മോഷണം പോയി

By Web TeamFirst Published Dec 18, 2023, 8:30 AM IST
Highlights

പുലർച്ചെ നിസ്കാരത്തിനു ശേഷം പുറത്തു പോയ സമയത്തായിരുന്നു മോഷണം നടന്നത്. തിരികെ വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പൂട്ടിയ മുറിയുടെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു.

തലശ്ശേരി: കണ്ണൂർ തലശ്ശേരിയിൽ വീണ്ടും മോഷണം. ഒ വി റോഡ് സംഗമം കവലയിലെ ജുമാ മസ്ജിദിലാണ് മോഷണം നടന്നത്. പള്ളിയിൽ സൂക്ഷിച്ച പണവും ഉസ്താദിന്റെ വാച്ചും നഷ്ടമായി. ഉസ്താദ് സിദ്ധിഖ് സഖാഫി പുലർച്ചെ നിസ്കാരത്തിനു ശേഷം പുറത്തു പോയ സമയത്തായിരുന്നു മോഷണം നടന്നത്. തിരികെ വന്നപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്. പൂട്ടിയ മുറിയുടെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത നിലയിലായിരുന്നു.

മുറിയിലുണ്ടായിരുന്ന വസ്ത്രത്തിൽ സൂക്ഷിച്ചിരുന്ന നാൽപ്പതിനായിരം രൂപയും റാഡോ വാച്ചുമാണ് മോഷ്ടാവ് കൊണ്ടു പോയത്. പള്ളിയുടെ നവീകരണത്തിനായി ശേഖരിച്ച പണമാണ് മോഷണം പോയത്. ഉസ്താദിന്റെ പരാതിയിൽ തലശ്ശേരി പൊലീസ് കേസെടുത്തു അന്വേഷണം തുടങ്ങി. അടുത്തിടെ തലശ്ശേരിയിലും സമീപത്തുമായി മോഷണങ്ങൾ പതിവാണ്. കഴിഞ്ഞ ദിവസവും പൂട്ടിയിട്ട വീട്ടിൽ കവർച്ച നടന്നിരുന്നു.

Latest Videos

ഡിസംബർ രണ്ടാം വാരത്തിൽ തലശ്ശേരിയിൽ പട്ടാപകലാണ് ആളില്ലാത്ത വീട്ടിൽ കവർച്ച നടന്നത്. ചിറക്കര മോറക്കുന്ന് വ്യാപാരിയായ മുഹമ്മദ് നവാസിന്റെ വീട്ടിൽ നിന്ന് നാലര ലക്ഷം രൂപ കവർന്നത്. നവാസും ഭാര്യയും ജോലിക്കായി രാവിലെ വീട് പൂട്ടി പോയ സമയത്താണ് മോഷണം നടന്നത്. തൊട്ടടുത്ത വീടുകൾ തമ്മിൽ ഒരു മതിൽ ദൂരം മാത്രമേ ഉള്ളയിടത്താണ് പട്ടാപകൽ മോഷണം നടന്നത്.

കിണറിനോടുചേർന്നുള്ള വാതിൽ വഴിയാണ് കള്ളന്മാർ വീടിന് അകത്ത് കയറിയത്. അലമാരയിൽ കവറിൽ പൊതിഞ്ഞു വെച്ച നാലര ലക്ഷം രൂപ തട്ടിയ മോഷ്ടാക്കളുടെ കണ്ണിൽ ആഭരണങ്ങൾ പെടാതിരുന്നത് രക്ഷയായിരുന്നു. ഈ സംഭവങ്ങൾക്ക് പിന്നിൽ ഒരേ സംഘമാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!