ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് നടക്കാൻ ഇറങ്ങിയ റിട്ടയേഡ് അധ്യാപിക പത്മിനിയുടെ നാല് പവൻ തൂക്കമുള്ള സ്വർണ്ണ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്.
കോട്ടയം: പനച്ചിക്കാടിനടുത്ത് പരുത്തുംപാറയിൽ പ്രഭാത സവാരിക്കിറങ്ങിയ റിട്ടയേർഡ് അധ്യാപികയുടെ സ്വർണ മാല മോഷ്ടിച്ച കേസിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മാല മോഷ്ടിച്ചവര്‍ക്ക് പുറമേ കവര്‍ച്ചയ്ക്ക് വാഹനം നല്‍കിയ ആളെയും മോഷണ മുതല്‍ വാങ്ങിയ ആളെയുമാണ് പിടികൂടിയത്. കാര്യമായ തെളിവുകള്‍ ഇല്ലാതിരുന്ന കേസില്‍ കോട്ടയം എസ് പി കെ കാർത്തിക്കും സംഘവും നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.
പത്തനംതിട്ട തോട്ടപുഴശ്ശേരി സ്വദേശി അനിൽകുമാർ, കൊല്ലത്തെ കുപ്രസിദ്ധ മോഷ്ടാവ് കാവനാട് ശശി, തിരുവല്ല സ്വദേശി ശരത് , ആറന്മുളക്കാരന്‍ ഉല്ലാസ് എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ഹെല്‍മറ്റ് കൊണ്ട് മുഖം മറച്ച രണ്ട് പേര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് ബൈക്കിലെത്തി മാല പൊട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ മാത്രമാണ് പൊലീസിന് കിട്ടിയത്. ഇതോടെ സമീപകാലത്ത് സമാനമായ മാല മോഷണ കേസുകളില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയവരുടെയെല്ലാം വിവരം ചിങ്ങവനം പൊലീസ് ശേഖരിച്ചു. ഈ അന്വേഷണത്തിലാണ് കാവനാട് ശശിയെ കുറിച്ചും അനില്‍കുമാറിനെ കുറിച്ചും ഉളള സംശയം ശക്തമായത്.
undefined
വിശദമായ അന്വേഷണത്തില്‍ ഇരുവരും ആറന്‍മുള സ്വദേശി ഉല്ലാസില്‍ നിന്ന് അടുത്തിടെ ബൈക്ക് വാങ്ങിയെന്ന് മനസിലാക്കി. മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുളള അന്വേഷണത്തില്‍ ഇരുവരും കൊട്ടാരക്കരയിലെ ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയാണെന്ന വിവരവും കിട്ടിയതോടെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ഓടിച്ചിട്ടാണ് പിടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷണ മുതലായ മാല ഇരുവരും തിരുവല്ലക്കാരന്‍ ശരത്തിന് വിറ്റെന്ന് വ്യക്തമായതോടെ ശരത്തിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ശനിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു പരുത്തുംപാറയിൽ നടക്കാൻ ഇറങ്ങിയ റിട്ടയേഡ് അധ്യാപിക പത്മിനിയുടെ നാല് പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ബൈക്കിലെത്തിയ രണ്ടംഗ സംഘം കവർന്നത്. അറസ്റ്റിലായ ശശിക്ക് ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് എന്നീ ജില്ലകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. ശരത്തിന് തിരുവല്ല, കാഞ്ഞിരപ്പള്ളി, ചെങ്ങന്നൂർ, കോട്ടയം ഈസ്റ്റ്, പൊൻകുന്നം എന്നീ സ്റ്റേഷനുകളിലും ഉല്ലാസിന് ആറന്മുള സ്റ്റേഷനിലും ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.