പിടിച്ചെടുത്തത് മാരകമായ 'ഓറഞ്ച് ലൈൻ', ടാനിയ നിസാരക്കാരിയല്ല, ഉത്തരേന്ത്യൻ ലോബിയുടെ മുഖ്യ കണ്ണി 'ബംഗാളി ബീവി'

By Web Team  |  First Published Jun 18, 2024, 9:57 AM IST

കൊച്ചിയിൽ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന  ഇടനിലക്കാരുടെ ആവശ്യപ്രകാരമാണ് ടാനിയ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഇടയിൽ 'ബംഗാളി ബീവി' എന്നറിയപ്പെടുന്ന ടാനിയ പർവ്വീൻ ഉത്തരേന്ത്യൻ ലോബിയുടെ പ്രധാന കണ്ണിയാണ്.


കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം ഉത്തരേന്ത്യൻ മയക്കുമരുന്ന് ലോബിയിൽ  നിന്നും പിടിച്ചെടുത്തത് മാരക മയക്കുമരുന്നെന്ന് എക്സൈസ്. 'ഓറഞ്ച് ലൈൻ' വിഭാഗത്തിൽപ്പെടുന്ന അത്യന്തം വിനാശകാരിയായ 33 ഗ്രാം  മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവുമായാണ്  കഴിഞ്ഞ ദിവസം അസം സ്വദേശിയും ബംഗാളി യുവതിയും എക്സൈസ് പിടിയിലാകുന്നത്. അസം നൗഗോൺ സ്വദേശി ബഹറുൾ ഇസ്ലാം (കബൂത്തർ സേട്ട് ),  വെസ്റ്റ് ബംഗാൾ, നോവപാറ മാധവ്പൂർ സ്വദേശിനി ടാനിയ പർവീൻ എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ്, എക്‌സൈസ് ഇന്‍റലിജൻസ്, എറണാകുളം സ്പെഷ്യൽ സ്ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തിൽ അറസ്റ്റിലായത്. 

ഉത്തരേന്ത്യയിൽ നിന്ന് വൻ തോതിൽ മയക്കുമരുന്ന് എത്തിച്ച് നൽകുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ്  പിടിയിലായ ടാനിയ. 200 ചെറിയ കുപ്പികളിലാക്കി വിൽപ്പനക്കായി തയ്യാറാക്കി വച്ച നിലയിൽ ആയിരുന്നു ഹെറോയിൻ. കൂടാതെ 6.5 ഗ്രാം വീതം ഹെറോയിൽ അടങ്ങിയ രണ്ട് പ്ലാസ്റ്റിക്ക് ബോക്സുകളും, ഹെറോയിൻ നിറയ്ക്കുന്നതിന്  വേണ്ടി സൂക്ഷിച്ചിരുന്ന 550 ചെറിയ കാലി കുപ്പികളും ഇവരുടെ പക്കൽ ഉണ്ടായിരുന്നു. മയക്കുമരുന്ന് ഇടപാട് നടത്തുവാൻ ഉപയോഗിച്ച രണ്ട് സ്മാർട്ട് ഫോണുകൾ, മയക്കുമരുന്ന് വിൽപ്പന ചെയ്ത് കിട്ടിയ 19500 രൂപ, ഡിജിറ്റൽ സ്കെയിൽ എന്നിവയും ഇവരിൽ നിന്ന് കണ്ടെടുത്തു.

Latest Videos

undefined

കൊച്ചിയിൽ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാർട്ടികളും മറ്റും സംഘടിപ്പിക്കുന്ന  ഇടനിലക്കാരുടെ ആവശ്യപ്രകാരമാണ് ടാനിയ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഇടയിൽ 'ഗാളി ബീവി' എന്നറിയപ്പെടുന്ന ടാനിയ പർവ്വീൻ ഹെറോയിൻ അടങ്ങിയ പ്ലാസ്റ്റിക് ബോക്സുകൾ ശരീരത്തിൽ സെലോടേപ്പ് ഉപയോഗിച്ച് കെട്ടി വച്ചാണ് ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് കടത്തിയിരുന്നത്. ഇരുവരും ചേർന്ന് ഇവിടെ എത്തിക്കുന്ന മയക്കുമരുന്ന് ചെറിയ കുപ്പികളിൽ നിറക്കുന്നത് കബൂത്തർ സേട്ട് എന്ന ബഹറുൾ ഇസ്ലാം ആണ്. ഇങ്ങനെ കുപ്പികളിൽ നിറച്ച മയക്കുമരുന്ന് ഓർഡർ അനുസരിച്ച്  ഇടനിലക്കാരുടെ പക്കലേക്ക് എത്തിക്കുന്നതും ടാനിയ പർവീൻ തന്നെ. 

രണ്ട് മാസം മുൻപ് ഒരു കേസിൽ   പിടിയിലായ ആളിൽ നിന്ന് ലഭിച്ച വിവരപ്രകാരം ഇവർ ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. എക്സൈസ് സംഘം ഇവരുടെ താമസസ്ഥലം വളയവേ, ബഹറുൾ ഇസ്ലാം ഉദ്യോഗസ്ഥരെ വെട്ടിച്ച് വീടിന്‍റെ പിൻവാതിൽ വഴി ഓടാൻ ശ്രമിച്ചെങ്കിലും പിടികൂടി. പിടിയിലായ സമയം ലഹരിയിലായിരുന്ന ടാനിയ പർവീൻ അലറി വിളിച്ചത് കണ്ടു നിന്ന നാട്ടുകാരിൽ ഭീതി പടർത്തി. അന്താരാഷ്ട്ര അതിർത്തിയോട് ചേർന്ന് കിടക്കുന്ന അസ്സാമിലെ കരീംഗഞ്ചിൽ നിന്നാണ് ഇവർ വൻതോതിൽ മയക്ക് മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഇടപാടുകാരെക്കുറിച്ചു  വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ  കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ അറിയിച്ചു. 

എറണാകുളം സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡ് പ്രിവന്‍റീവ് ഓഫീസർ എൻ.ഡി. ടോമി, ഇന്‍റലിജൻസ് പ്രിവന്‍റീവ് ഓഫീസർ എൻ.ജി. അജിത്ത് കുമാർ, എറണാകുളം സ്പെഷ്യൽ സ്ക്വാഡിലെ അസ്സി. എക്സൈസ് ഇൻസ്പെക്ടർ എസ്. രാജീവ്, പ്രിവന്‍റീവ് ഓഫീസർമാരായ സി.പി. ജിനേഷ് കുമാർ, ടി.ടി ശ്രീകുമാർ, സജോ വർഗ്ഗീസ്, വനിതാ സി.ഇ.ഒ സരിതാ റാണി എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.  

Read More : വീട് നിർമ്മാണത്തിനായി അയൽവാസി 15 അടി താഴ്ചയിൽ മണ്ണ് നീക്കി, ദളിത് കുടുംബത്തിന്‍റെ വീട് അപകടാവസ്ഥയിൽ

tags
click me!