സിസിടിവി ദൃശ്യങ്ങളും സെന്‍ക്കന്‍റ് ഹാന്‍റ് മൊബൈല്‍ വില്‍പന കേന്ദ്രങ്ങളിലും പിന്തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്
വിയ്യൂര്‍: മൊബൈല്‍ കടയില്‍ മോഷണം നടത്തി തമിഴ്നാട്ടിലേക്ക് കടന്ന അന്തര്‍ സംസ്ഥാന മോഷ്ടാവിനെ പിന്തുടര്‍ന്ന് പിടികൂടി വിയ്യൂര്‍ പൊലീസ്. പുതുക്കോട്ടയിലെ ആരാധനാലയത്തിന് സമീപം ഒളിവില്‍ കഴിഞ്ഞിരുന്ന അബ്ബാസിനെയാണ് വിയ്യൂര്‍ പൊലീസ് പിടികൂടിയത്. കഴിഞ്ഞ മാസം 19ന് വിയ്യൂരിലെ മൊബൈല്‍ കടയുടെ പൂട്ടു തകര്‍ത്ത് അകത്തു കടന്ന് രണ്ട് മൊബൈല്‍ ഫോണുകളും പതിനയ്യായിരം രൂപയും മോഷ്ടിച്ച പ്രതിയാണ് തമിഴ്നാട്ടില്‍ നിന്ന് പിടിയിലായത്.
പാലക്കാട് സ്വദേശി വെളുത്തക്കാത്തൊടി അബ്ബാസിനെയാണ് സിസിടിവി ദൃശ്യങ്ങളും സെന്‍ക്കന്‍റ് ഹാന്‍റ് മൊബൈല്‍ വില്‍പന കേന്ദ്രങ്ങളിലും പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവില്‍ വലയിലാക്കിയത്. മോഷണ ശേഷം അബ്ബാസ് കോഴിക്കോട്ടേക്ക് കടന്ന് അവിടെയുള്ള ഒരു കടയില്‍ മൊബൈല്‍ ഫോണുകള്‍ വിറ്റിരുന്നു. മോഷ്ടാവിനെ പിന്തുടർന്ന് ഇവിടെയെത്തിയ പൊലീസിന് പ്രതിയെക്കുറിച്ചുള്ള സൂചന ലഭിച്ചിരുന്നു. തുടരന്വേഷണത്തില്‍ കോഴിക്കോട് സിറ്റിയില്‍ മാത്രം ഇയാള്‍ക്കെതിരെ 4 കളവു കേസുകളുണ്ടെന്ന് വ്യക്തമായി. ഈ കേസുകളില്‍ ശിക്ഷ കഴിഞ്ഞ് കഴിഞ്ഞ ജൂണിലാണ് അബ്ബാസ് പുറത്തിറങ്ങിയത്.
undefined
പിന്നാലെ പല സ്ഥലങ്ങളിലായി നടത്തിയ മോഷണങ്ങളുടെ തുടര്‍ച്ചയായിരുന്നു വിയ്യൂരിലേതും. കോഴിക്കോടേക്ക് പൊലീസെത്തിയെന്ന് സൂചന ലഭിച്ചതോടെയാണ് അബ്ബാസ് തമിഴ്നാട്ടിലേക്ക് കടന്ന് പുതുക്കോട്ടയിലെ മുത്തുപ്പേട്ടയിലെ ആരാധനാലയ പരിസരത്ത് താവളമടിച്ചത്. പിന്നാലെയെത്തിയ വിയ്യൂര്‍ എസ്എച്ച്ഒ കെ.സി. ബൈജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം രണ്ടു ദിവസം നിരീക്ഷണം നടത്തിയശേഷമാണ് പ്രതിയെ വലയിലാക്കിയത്.
ചോദ്യം ചെയ്യലില്‍ കോഴിക്കോട്, മലപ്പുറം, തൃശൂര്‍ ജില്ലകളില്‍ നിന്നായി ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, പണം എന്നിവ കവര്‍ന്നതായി പ്രതി സമ്മതിച്ചിട്ടുണ്ട്. മോഷണ വസ്തുക്കള്‍ വിറ്റുകിട്ടുന്ന പണം ആഡംബര ജീവിതത്തിനാണ് ചെലവാക്കുന്നതെന്നും പ്രതി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം