തടവുകാരനായ ഹർഷാദിൻ്റെ അടുത്ത ബന്ധുവായ സി കെ റിസ്വാൻ ആണ് കണ്ണൂർ കോടതിയിൽ കീഴടങ്ങിയത്. അതേസമയം, ഹർഷാദിനെ കണ്ടെത്താൻ ഇപ്പോഴും പൊലീസിനായിട്ടില്ല.
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ലഹരിക്കേസിലെ തടവുകാരനെ ജയിൽ ചാടാൻ സഹായിച്ച ബന്ധു കീഴടങ്ങി. തടവുകാരനായ ഹർഷാദിൻ്റെ അടുത്ത ബന്ധുവായ സി കെ റിസ്വാൻ ആണ് കണ്ണൂർ കോടതിയിൽ കീഴടങ്ങിയത്. അതേസമയം, ഹർഷാദിനെ കണ്ടെത്താൻ ഇപ്പോഴും പൊലീസിനായിട്ടില്ല.
ലഹരിക്കേസിൽ പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് ഹർഷാദ്. കഴിഞ്ഞ മാസം 14 നാണ് ഇയാൾ ജയിൽ ചാടുന്നത്. പത്രക്കെട്ടെടുക്കാൻ പുറത്തുവന്ന തടവുപുള്ളി സുരക്ഷാ ഉദ്യോഗസ്ഥർ നോക്കി നിൽക്കെ ബൈക്കിൽ കയറി രക്ഷപ്പെട്ടു. രണ്ട് പേരും കണ്ണൂർ ഭാഗത്തേക്ക് അതിവേഗം ഓടിച്ചുപോയി. ദിവസം മുഴുവൻ അരിച്ചുപെറുക്കിയിട്ടും തടവുകാരനെയും കൂട്ടാളിയേയും കിട്ടിയിട്ടില്ല. സുരക്ഷാ വീഴ്ചയിൽ ജയിൽ വകുപ്പ് അന്വേഷണം നടത്തിയിരുന്നു. ഹർഷാദിനെ അന്ന് ജയിൽ ചാടാൻ സഹായിച്ചയാളാണ് റിസ്വാൻ. കോടതിയിൽ കീഴടങ്ങിയ റിസ്വാനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ഗൂഡാലോചനാകുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മുൻകൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു ഹർഷാദും റിസ്വാനും അന്ന് നടപ്പിലാക്കിയത്. കർണാടകത്തിലേക്ക് ഹർഷാദ് കടന്നെന്നാണ് സംശയം. ഇയാളെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. ബാംഗ്ലൂരിൽ നിന്ന് തടവുചാടാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. റിസ്വാനെ ചോദ്യം ചെയ്താൽ ഹർഷാദിന്റെ ഒളിസങ്കേതത്തെക്കുറിച്ച് കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.