2 ശബ്ദവും ഒരുപോലെ, പൊതുപ്രവർത്തകൻ പങ്കുവെച്ച സംശയം; തട്ടിക്കൊണ്ടുപോകലിൽ അന്വേഷണത്തിൽ നിർണായകമായത് 3 കാര്യങ്ങൾ

By Web TeamFirst Published Dec 2, 2023, 11:08 PM IST
Highlights

പ്രാദേശിക പൊതുപ്രവർത്തകൻ പങ്കുവച്ച ഒരു സംശയം, ടോം ആൻഡ് ജെറി കാർട്ടൂൺ, പിന്നെ 6 വയസുകാരിയും സഹോദരനും പറഞ്ഞ അടയാളങ്ങൾ വെച്ച് വരച്ച രേഖാചിത്രങ്ങളും... പ്രതികളെ കുടുക്കുന്നതിന് പൊലീസിനെ സഹായിച്ചത് ഈ 3 കാര്യങ്ങളാണ്.

കൊല്ലം: കൊല്ലം ഓയൂരിൽ നിന്നും ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കേസന്വേഷണത്തിന് നിര്‍ണായകമായത് 3 കാര്യങ്ങളാണെന്ന് പൊലീസ്. കണ്ണനല്ലൂരിലെ പ്രാദേശിക പൊതുപ്രവർത്തകൻ പങ്കുവച്ച ഒരു സംശയം, ടോം ആൻഡ് ജെറി കാർട്ടൂൺ, പിന്നെ ആറ് വയസുകാരിയും സഹോദരനും പറഞ്ഞ അടയാളങ്ങൾ വെച്ച് വരച്ച രേഖാചിത്രങ്ങളും. മൊബൈൽ ഫോൺ ഉപയോഗിക്കാതെ കുറ്റകൃത്യം നടത്തിയ പ്രതികളെ കുടുക്കുന്നതിന് പൊലീസിനെ സഹായിച്ചത് ഈ മൂന്ന് കാര്യങ്ങളാണ്.

മോചനദ്രവ്യം ആവശ്യപ്പെട്ട് കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വന്ന് കോളിലെ സ്ത്രീ ശബ്ദത്തില്‍ കണ്ണനല്ലൂരിലെ പ്രാദേശിക കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനുമായ സമദ് തോന്നിയ ശബ്ദമാണ് കേസന്വേഷണത്തിന് നിര്‍ണായകമായ ഒരു കാര്യം. മോചനദ്രവ്യം ആവശ്യപ്പെട്ട് ശബ്ദരേഖയും കേട്ടതിന് പിന്നാലെയാണ് സമദ്, തന്റെ സുഹൃത്തിന്റെ ഫോണിൽ കടമായി പണം ആവശ്യപ്പെട്ട മറ്റൊരു സ്ത്രീ ശബ്ദം കേട്ടത്. കടം ചോദിച്ച ശബ്ദ സന്ദേശത്തിലെ അതേ ശബ്ദമാണ് കുട്ടിയെ വിടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് വന്ന ഫോൺ കോളിലുമെന്ന് സംശയം തോന്നിയ സമദ് സുഹൃത്തായ പൊലീസ് ഉദ്യോഗസ്ഥന് വിവരം കൈമാറി. അങ്ങനെ കേസിലെ രണ്ടാം പ്രതിയായ അനിതയിലേക്കാണ് പൊലീസ് ആദ്യമെത്തിയത്.

Latest Videos

Also Read: തട്ടിക്കൊണ്ടുപോകലിനെ ആദ്യം എതിർത്തു, കുറ്റകൃത്യത്തിൽ അനുപമ പങ്കാളിയായത് ഇങ്ങനെ

അനിതയുടെ വീട് അന്വേഷിച്ചെത്തിയ പൊലീസിന് വീട്ടുമുറ്റത്ത് സ്വിഫ്റ്റ് കാറ് കൂടി കണ്ടതോടെ സംശയം ബലപ്പെട്ടു. തട്ടിക്കൊണ്ടുപോകപ്പെട്ട പെൺകുട്ടിയും സഹോദരനും നൽകിയ വിവരങ്ങളിലൂടെ വരച്ച രേഖാചിത്രങ്ങളുമായി സാമ്യമുള്ളവരാണ് വീട്ടിൽ താമസിക്കുന്നതെന്ന് കൂടി തിരിച്ചറിഞ്ഞതോടെ പൊലീസ് പത്മകുമാറിനും കുടുംബത്തിനും പിന്നാലെ കൂടി. മൂവരുടെയും ഫോൺ പിന്തുടർന്ന് തെങ്കാശിയിലെ പുളിയറയിലെത്തിയ പൊലീസ് സംഘത്തിന് വേണ്ട മറ്റൊരു തെളിവുമായി മൂന്നാം പ്രതി അനുപമയുടെ കൈയ്യിലൊരു ടാബ് ഉണ്ടായിരുന്നു. ടോം ആൻഡ് ജെറി കാർട്ടൂണുകൾ ഡൗൺലോഡ് ചെയ്തൊരു ടാബ്. അനുപമയുടെ യൂട്യൂബ് സെർച്ച് ഹിസ്റ്ററിയിലും നിറയെ കാർട്ടൂണുകൾ കണ്ടു. തട്ടിക്കൊണ്ടുപോയ ആറ് വയസുകാരി കരഞ്ഞപ്പോൾ അനുനയിപ്പിക്കാനാണ് കാർട്ടൂൺ ഡൗൺലോഡ് ചെയ്തതെന്ന് തുടർച്ചയായ ചോദ്യങ്ങൾക്കൊടുവിൽ അനുപമയ്ക്ക് സമ്മതിക്കേണ്ടി വന്നതോടെ പൊലീസിന്റെ സംശയങ്ങൾക്കും ഉത്തരമായി. 

ആശ്രാമം മൈതാനിയിൽ നിന്ന് പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച ഓട്ടോറിക്ഷ ഒരു സബ് ഇൻസ്പെക്ടർ യാദൃശ്ചികമായി കണ്ടെത്തിയതും അന്വേഷണത്തെ സഹായിച്ചു. പ്രതികളുടെ ഫാം ഹൗസിൽ നിന്ന് കിട്ടിയ പല കാലങ്ങളിൽ തയാറാക്കിയ വ്യാജ നമ്പർ പ്ലേറ്റുകളും മറ്റൊരു തെളിവായി. മൊബൈൽ ഫോൺ വീട്ടിൽ വച്ച ശേഷം കുറ്റകൃത്യം നടത്താനിറങ്ങിയാൽ പിടിക്കപ്പെടില്ലെന്ന പ്രതികളുടെ കണക്കുകൂട്ടലുകളത്രയും തെറ്റിച്ചാണ് അന്വേഷണ സംഘത്തിന് മുന്നിൽ ഈ തെളിവത്രയും എത്തിയതും മൂവരും അകത്തായതും.

click me!