പൊലീസ് അറസ്റ്റ് ചെയ്യുന്ന ഒരാളുടെ വൈദ്യപരിശോധന നടത്തിയാൽ പരിശോധന റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഇനി മുതൽ പ്രതിക്കും നൽകണം. തീർത്തും സൗജന്യമായിട്ടാകണം പരിശോധന. സ്വകാര്യ ലാബിൽ പരിശോധന നടത്തണമെങ്കിൽ അതിന്റെ ചെലവും സർക്കാർ വഹിക്കണം.
തിരുവനന്തപുരം: പൊലീസ് അറസ്റ്റ് ചെയ്യുന്ന ഒരാളുടെ വൈദ്യപരിശോധന നടത്തിയാൽ പരിശോധന റിപ്പോർട്ടിന്റെ ഒരു പകർപ്പ് ഇനി മുതൽ പ്രതിക്കും നൽകണം. തീർത്തും സൗജന്യമായിട്ടാകണം പരിശോധന. സ്വകാര്യ ലാബിൽ പരിശോധന നടത്തണമെങ്കിൽ അതിന്റെ ചെലവും സർക്കാർ വഹിക്കണം. സർക്കാർ അംഗീകരിച്ച പുതിയ മെഡിക്കോ- ലീഗൽ പ്രോട്ടോകോൾ ഭേദഗതിയിലെ പ്രധാന നിർദ്ദേശങ്ങളാണിത്. എന്താണ് മെഡിക്കൽ -ലീഗൽ പ്രോട്ടോകോള്‍? എന്തുകൊണ്ട് ഭേദഗതി വരുത്തി, എന്തിനാണ് ഭേദഗതികള്‍... അതിലേക്കാണ് വരുന്നത്.
ഒരു പ്രതിയുടെ വൈദ്യപരിശോധന എങ്ങനെ നടത്തണം, പീഡനത്തിന് ഇരയായ സ്ത്രീയോ- പുരുഷനോ -കുട്ടിയോ ആരായാലും വൈദ്യപരിശോധന എങ്ങനെ നടത്തണം, അപകടത്തിൽപ്പെട്ടയാള്‍ അല്ലെങ്കിൽ ആത്മഹത്യക്കു ശ്രമിച്ച ഒരാളെ ചികിത്സിക്കുന്ന ഡോക്ടർ എന്തു നടപടികള്‍ സ്വീകരിക്കണം ഇതെല്ലാം മെഡിക്കോ ലീഗൽ പ്രോട്ടോകോളിൽ ഉള്‍പ്പെടും. അതായത് നിയമ സംവിധാനത്തിന്റെ പരിശോധനയിലൂടെ കടന്നുപോകുന്ന എല്ലാ മെഡിക്കൽ നടപടികളും ഈ പ്രോട്ടോകോളിൽ ഉള്‍പ്പെടും. മെഡിക്കോ- ലീഗൽ പ്രോട്ടോകോള്‍ പ്രകാരമാണ് പോസ്റ്റുമോർട്ടവും നടത്തുന്നത്.
നിലവിൽ അറസ്റ്റ് ചെയ്യുന്ന ഒരു പ്രതിയുടെയോ തടവുകാരന്റെയോ വൈദ്യപരിശോധന എങ്ങനെ നടത്തണമെന്ന് പ്രോട്ടോകള്‍ നിലവിലുണ്ട്. ഇതിൽ ചില വ്യക്തത വരുത്തിയാണ് പുതിയ നിർദ്ദേശങ്ങള്‍. കസ്റ്റഡിയൽ മരണങ്ങളെയും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെയും ശുപാർശ പ്രകരാണ് ആഭ്യന്തരവകുപ്പ് ഭേദഗതി തയ്യാറാക്കിയത്. കസ്റ്റഡിയിലെക്കുന്ന വ്യക്തികളെ പൊലീസ് വൈദ്യപരിശോധന നടത്താറുണ്ട്. പക്ഷെ വീണ്ടും സ്റ്റേഷനിൽ എത്തിച്ച ശേഷമോ അല്ലെങ്കില്‍ റിമാൻഡ് ചെയ്ത ശേഷമോ ഈ പ്രതി മരണപ്പെട്ടാൽ വിവാദമാകുന്നതിൽ ഒരു കാര്യം വൈദ്യപരിശോധനയെ സംബന്ധിച്ചാണ്.
വൈദ്യപരിശോധന നടത്തിയെന്ന് പൊലീസ് അവകാശപ്പെടും, അപ്പോള്‍ മർദ്ദന വിവരങ്ങളൊന്നും രേഖപ്പെടുത്തിയിരുന്നില്ലെന്നുംമാകും പൊലീസ് വാദം. നെടുങ്കണ്ടം രാജ് കുമാർ കസ്റ്റഡി മരണക്കേസിൽ വൈദ്യപരിശോധനയിൽ പരിക്കുകള്‍ കൃത്യമായി രേഖപ്പെടുത്താതിനെ കുറിച്ച് ജുഡിഷ്യൽ കമ്മീഷൻ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. തിരുവല്ലം പൊലീസ് അടുത്തിടെ കസ്റ്റഡിലെടുത്ത പ്രതി വൈദ്യപരിശോധനക്കു ശേഷം സ്റ്റേഷനിലെത്തിപ്പോള്‍ മരിച്ചിരുന്നു. പിന്നീട് പോസ്റ്റുമോർട്ടത്തിൽ മൃതദേഹത്തിൽ പരിക്കുകളുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. ഈ കേസിപ്പോള്‍ സിബിഐ അന്വേഷിക്കുകയാണ്. ശരീര പരിശോധനയിൽ ഇത്തരം അവ്യക്തതകള്‍ നീക്കിയാണ് പുതിയ ഭേദഗതി.നിർദ്ദിഷ്ട ഫോർമാറ്റിൽ അറസ്റ്റിലായ വ്യക്തിയുടെ വൈദ്യ പരിശോധന റിപ്പോർട്ട് നൽകണം. കസ്റ്റഡിലെടുത്താൽ 24 മണിക്കൂറിനകം വൈദ്യപരിശോധനക്ക് ഹാജരാക്കണം
undefined
കേന്ദ്ര-സംസ്ഥാന സർവ്വീസുകളിൽ മെഡിക്കൽ ഓഫീസർ പരിശോധന നടത്തണം. സർക്കാർ ഡോക്ടടറുടെ സേവനം ലഭിക്കാതെ വന്നാൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കണം. കൂടുതൽ പരിശോധനക്ക് സ്വകാര്യ ലാബിലേക്ക് അയക്കണമെങ്കിൽ അതിനുള്ള നടപടി സ്വീകരിക്കണം. അതിനാവശ്യമായ പണം സർക്കാർ ഫണ്ടിൽ നിന്നും കണ്ടെത്തണം. സമഗ്രമായ ശരീര പരിശോധന നടത്തണം. മർദ്ദനമേറ്റതിന്റെ പാടോ ചതവോ കണ്ടാൽ അതേ കുറിച്ച് പ്രതിയോടെ തന്നെ ചോദിച്ച് മനസിലാക്കി രേഖപ്പെടുത്തണം. വിദഗ്ദ ചികിത്സ ആവശ്യമെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കണം.
പരിശോധന നടത്തുന്ന ആശുപത്രിയിൽ വിദഗ്ദ ചികിത്സ നൽകാൻ സൗകര്യമില്ലെങ്കിൽ അത് മെഡിക്കൽ റിപ്പോര്‍ട്ടിലെഴുതണം നിലവിൽ ഏതെങ്കിലും രോഗത്തിന് ചികിത്സ നടത്തുകയോണോ, മുന്പ് ചികിത്സ തേടിയിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ ചോദിച്ചറിയണം. പരിശോധനക്കു ശേഷം വൈദ്യപരിശോധ റിപ്പോർട്ടിന്റെ ഒരു പകര്‍പ്പ് പ്രതിക്കോ , പ്രതിനിർദ്ദേശിക്കുന്നയാളിനോ നൽകണം. ഒരു പകർപ്പ് അന്വേഷണ ഉദ്യോഗസ്ഥനും നൽകണം. സ്രതീകളാണ് പ്രതികളെങ്കിൽ വനിതാ ഡോക്ടർ തന്നെ പരിശോധിക്കണം.
ജയിലിൽ കഴിയുന്ന തടവുകാർക്ക് ജയിൽ മെഡിക്കൽ ഓഫീസറുടെ സേവനം ഉറപ്പാക്കണം. ജയിൽ മെഡിക്കൽ ഓഫീസറുടെ ശുപാർശ പ്രകാരം വിദ്ഗദ ചികിത്സ വേണമെങ്കിൽ അത് നൽകണം. ആശുപത്രിയിലേക്ക് മാറ്റുന്ന തടവുകാരുടെ ചികിത്സ ചുമതല ഒരു റസിഡൻറ്ഡോക്ടറുടെ നേതൃത്വത്തിലാകണം. സുരക്ഷാ ചുമതലയുള്ള പൊലീസുകാർക്കും വാർഡൻമാർക്കും ഇവരുടെ ചികിത്സയിൽ ഉത്തരവാദിക്വമുണ്ടാകുമെന്നാണ് മന്ത്രിസഭ അംഗീകരിച്ച ഭേഗതി നിർദ്ദേശം. ആഭ്യന്തര വകുപ്പ് തയ്യാറായ മെഡിക്കൽ- ലീഗൽ പ്രോട്ടോകോള്‍ നിയമവകുപ്പിൻെറ ഭേദഗതിയോടെയാണ് അംഗീകരിച്ചത്.