സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയെ സാഹസികമായി പിടികൂടി പൊലീസ്

By Web Team  |  First Published Apr 15, 2024, 11:08 PM IST

സ്വര്‍ണം, പണം മുതലായ കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍ സ്വീകരിച്ച് കവര്‍ച്ച ചെയ്യലാണ് ഇയാളുടെ രീതി. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. 


വയനാട്: സംസ്ഥാനത്തെ സ്വര്‍ണ കടത്ത് ക്വട്ടേഷന്‍ സംഘത്തിലെ പ്രധാനിയെ വയനാട് പൊലീസ് സാഹസികമായി പിടികൂടി. കമ്പളക്കാട്, പൂവനേരിക്കുന്ന്, ചെറുവനശ്ശേരി വീട്ടില്‍ സി.എ. മുഹ്സിനെ (29) യാണ് മീനങ്ങാടി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി ജെ കുര്യാക്കോസിന്റെ നേതൃത്വത്തില്‍ എറണാംകുളം പനമ്പള്ളി നഗറില്‍ നിന്ന് ഞായറാഴ്ച കസ്റ്റഡിയിലെടുത്തത്. സ്വര്‍ണ കവര്‍ച്ച നടത്തിയുമായി ബന്ധപ്പെട്ട വിരോധത്താല്‍ വീട്ടില്‍ അതിക്രമിച്ചുകയറി കരണി സ്വദേശിയായ യുവാവിനെ വടിവാള്‍ കൊണ്ട് വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. 

ഇതര സംസ്ഥാന തൊഴിലാളികളുടെ കൂടെ ക്വാര്‍ട്ടേഴ്‌സില്‍ ഒളിച്ച് താമസിക്കുകയായിരുന്ന ഇയാള്‍ ആഴ്ചകള്‍ക്കുള്ളില്‍ സ്ഥലം മാറി കൊണ്ടിരിക്കുന്ന ശൈലിയായിരുന്നു സ്വീകരിച്ചുവന്നത്. ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിലാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ ഇയാള്‍ക്ക് വയനാട് ജില്ലയിലെ കമ്പളക്കാട്, പടിഞ്ഞാറത്തറ, പനമരം, മേപ്പാടി പൊലീസ് സ്റ്റേഷനുകളിലും, മലപ്പുറം ജില്ലയിലെ കരിപ്പൂര്‍ പൊലീസ് സ്റ്റേഷനിലുമായി വധശ്രമം, ക്വട്ടേഷന്‍, തട്ടിക്കൊണ്ട് പോയി ദേഹോപദ്രവം ഏല്‍പ്പിക്കല്‍, പിടിച്ചുപറി, സംഘം ചേര്‍ന്ന് കുറ്റകൃത്യം ചെയ്യാന്‍ തയ്യാറെടുക്കല്‍, ലഹരി കടത്ത്, ലഹരി പാര്‍ട്ടി  സംഘടിപ്പിക്കല്‍ തുടങ്ങി ഏട്ടോളം കേസുകളുണ്ട്. സ്വര്‍ണം, പണം മുതലായ കൊണ്ടുപോകുന്നവരുടെ വിവരങ്ങള്‍ സ്വീകരിച്ച് കവര്‍ച്ച ചെയ്യലാണ് ഇയാളുടെ രീതി.  

Latest Videos

കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 2.30 നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും, നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്ന് കളഞ്ഞത്. കഴുത്തിനും കൈക്കും കാലിനും വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും രണ്ട് മൊബൈല്‍ ഫോണുകള്‍ കവരുകയും ചെയ്തു. തുടര്‍ന്ന്, പൊലീസ് കൃത്യമായി അന്വേഷണം നടത്തി 14 പേരെ പിടികൂടി റിമാന്റ് ചെയ്തിരുന്നു. ഇനി ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.

click me!