വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ദമ്പതികളെ പുറത്താക്കുകയായിരുന്നു. പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ അഭയം തേടിയെങ്കിലും പ്ലാറ്റ് ഫോം ടിക്കറ്റില്ലാത്തതില്‍ അധികൃതര്‍ ഇറക്കിവിട്ടു.
കല്യാണി/കൊൽക്കത്ത: ബംഗാളിൽ നവവധുവിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ എട്ട് പേർ അറസ്റ്റിൽ. കാഞ്ചരപ്പാറ സ്‌റ്റേഷനു സമീപം റെയിൽവേ ട്രാക്കിലാണ് 19 കാരിയായ നവവധു കൂട്ടബലാത്സംഗത്തിനിരയായത്. ഭർത്താവിനെ മർദ്ദിച്ചവശാനക്കിയ ശേഷമാണ് യുവതിയെ അതിക്രമിച്ചത്. വിവാഹത്തിൽ എതിർപ്പുയർത്തിയ ബന്ധുക്കൾ വീട്ടിൽ നിന്ന് പുറത്താക്കിയതിനെ തുടർന്ന് ദമ്പതികൾ കാഞ്ചരപ്പാറ സ്റ്റേഷനിൽ രാത്രി തങ്ങാൻ തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, പ്ലാറ്റ്‌ഫോം ടിക്കറ്റ് ഇല്ലാത്തതിനാൽ റെയിൽവേ ഉദ്യോഗസ്ഥർ ഇവരെ സ്റ്റേഷനിൽ നിന്ന് പുറത്താക്കി.
പിന്നീട് റെയിൽവേ ട്രാക്കിലൂടെ നടന്ന് പോകവെ കല്യാണി ബരാക്‌പൂർ എക്‌സ്‌പ്രസ്‌വേയിലെ കാഞ്ചരപ്പാറ റെയിൽവേ മേൽപ്പാലത്തിൽ എത്തിയപ്പോൾ പുലർച്ചെ നാലിനും അഞ്ചിനുമിടയിൽ നാട്ടുകാരായ ചില യുവാക്കൾ യുവതിയെ ട്രാക്കിന് അരികിലുള്ള കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു. തടയാൻ ശ്രമിച്ച ഭർത്താവിനെ ക്രൂരമായി മർദിച്ചു. പിന്നീട് പ്രതികൾ ഓടി രക്ഷപ്പെട്ടു. യുവതി കല്യാണി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു.
രണ്ട് മണിക്കൂറിനുള്ളിൽ നാല് പ്രതികളെ പിടികൂടി. ഉച്ചയോടെ എട്ട് പേരെയും പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പ്രതികളുടെ ടെസ്റ്റ് ഐഡൻ്റിഫിക്കേഷൻ (ടിഐ) പരേഡ് നവംബർ 4ന് നടക്കും. കുറ്റപത്രം സമർപ്പിച്ചതിന് ശേഷം പ്രതികളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ആവശ്യപ്പെടുമെന്ന് ഭബാനി ഭവനിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.