യുവാവിന്റെ മാതാപിതാക്കൾക്ക് ഒപ്പമായിരുന്നു താമസിച്ചിരുന്നതെങ്കിലും മൂന്ന് വർഷമായി ദമ്പതികൾ മാതാപിതാക്കളോട് സംസാരിച്ചിരുന്നില്ല. ഭാര്യയേയും മകനേയും കൊന്ന് ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി
മംഗളൂരു: 28കാരിയായ ഭാര്യയേയും നാല് വയസുള്ള മകനേയും കൊലപ്പെടുത്തിയതിന് പിന്നാലെ ട്രെയിനിന് മുന്നിൽ ചാടി 32കാരന്റെ ആത്മഹത്യ. കർണാടകയിലെ മംഗളൂരുവിലാണ് സംഭവം. ബാങ്ക് ജീവനക്കാരനായ കാർത്തിക് ഭട്ടാണ് ഭാര്യയായ പ്രിയങ്കയേയും മകൻ ഹൃദ്യനേയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കാർത്തികിന്റെ വീട്ടുകാരുമായി ദമ്പതികൾക്ക് അസ്വാരസ്യങ്ങളുണ്ടായിരുന്നു. ഇതിനേ തുടർന്ന് കുടുംബ വീട്ടിലെ തന്നെ ഒരു മുറിയിൽ തനിച്ചായിരുന്നു ഇവർ കഴിഞ്ഞിരുന്നത്. മംഗളൂരുവിൽ ഹോട്ടൽ നടത്തുകയാണ് കാർത്തികിന്റെ പിതാവ്.
വെള്ളിയാഴ്ച പിതാവ് ഹോട്ടലിലേക്ക് പോയതിന് പിന്നാലെ ഭാര്യയേയും മകനേയും കൊല ചെയ്ത യുവാവ് ജീവനൊടുക്കുകയായിരുന്നു. ശനിയാഴ്ചകളിൽ വീടിന് പുറത്ത് പോകുന്ന രീതി മകനും മരുമകൾക്കമുള്ളതിനാൽ ചെറുമകനൊപ്പം ഇവർ പുറത്ത് പോയെന്ന ധാരണയിലായിരുന്നു കുടുംബത്തിലെ മറ്റ് അംഗങ്ങളുണ്ടായിരുന്നത്. പക്ഷികെരെയിൽ വച്ച് ട്രെയിനിടിച്ച് മരിച്ചത് കാർത്തിക് ആണെന്ന് വ്യക്തമായതിന് പിന്നാലെ ഇവർ താമസിച്ചിരുന്ന മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടക്കുമ്പോഴാണ് പ്രിയങ്കയും ഹൃദ്യനും കൊല്ലപ്പെട്ട നിലയിൽ കിടക്കുന്നത് കാണുന്നത്. മൂർച്ചയേറിയ ആയുധം കൊണ്ടുള്ള കുത്തേറ്റാണ് പ്രിയങ്കയും മകനും കൊല്ലപ്പെട്ടിട്ടുള്ളത്. ശനിയാഴ്ചയാണ് കാർത്തികിന്റെ മുറിയിൽ പൊലീസ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചത്.
undefined
മുറിയിൽ നിന്ന് യുവാവിന്റെ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ഒരേ വീട്ടിൽ തന്നെ താമസിച്ചിരുന്ന കാർത്തികിന്റെ മാതാപിതാക്കളുമായി ദമ്പതികൾ സംസാരിച്ചിരുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമാണ് കടുംകൈ ചെയ്യുന്നതെന്നാണ് യുവാവ് കുറിപ്പിൽ വിശദമാക്കിയത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മുറിയിൽ തന്നെ തൂങ്ങിമരിക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെയാണ് യുവാവ് പുറത്തിറങ്ങി ട്രെയിനിന് മുന്നിൽ ചാടിയത്. മരണത്തിന് ആരും കാരണക്കാരല്ലെന്ന് വ്യക്തമാക്കിയ ആത്മഹത്യാ കുറിപ്പിൽ അന്തിമ കർമ്മങ്ങൾ മാതാപിതാക്കളേക്കൊണ്ട് ചെയ്യിക്കരുതെന്നും യുവാവ് വിശദമാക്കിയിട്ടുണ്ട്. പോസ്റ്റ് മോർട്ടത്തിന് പിന്നാലെ മൃതദേഹങ്ങൾ പ്രിയങ്കയുടെ മാതാപിതാക്കൾക്ക് വിട്ടുനൽകുമെന്നാണ് പൊലീസ് വിശദമാക്കുന്നത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം