300 രൂപയുടെ ലിപ്സ്റ്റിക് ഓർഡർ ചെയ്ത വനിതാ ഡോക്ടർക്ക് നഷ്ടം വൻ തുക; 'കസ്റ്റമർകെയർ' കോളിന് പിന്നാലെ പണി വന്ന വഴി

By Web Team  |  First Published Nov 20, 2023, 12:50 AM IST

ഡെലിവെറി ഡേറ്റിന് മുന്നേ കൊറിയര്‍ കമ്പനിയുടേതെന്ന പേരില്‍ ഓർഡ്ർ ചെയ്ത പ്രൊഡക്റ്റ്  ഡെലിവറി ചെയ്തതായുള്ള സന്ദേശം ഡോക്ടറുടെ ഫോണിൽ ലഭിച്ചു.


മുംബൈ: ഓണ്‍ലൈനില്‍ 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ഒരുലക്ഷം രൂപ. നവിമുംബൈ സ്വദേശിയായ  വനിതാ ഡോക്ടറെയാണ് ഓൺലൈൻ തട്ടിപ്പ് സംഘം കബളിപ്പിച്ച് പണം തട്ടിയത്. കഴിഞ്ഞ നവംബര്‍ രണ്ടാം തീയതി  ഡോക്ടർ ഒരു ഇ-കൊമേഴ്‌സ് വെബ്‌സൈറ്റില്‍ നിന്നും 300 രൂപവ വിലയുള്ള ഒരു ലിപ്‌സ്റ്റിക് ഓര്‍ഡര്‍ ചെയ്തതിരുന്നു.

ഡെലിവെറി ഡേറ്റിന് മുന്നേ  കൊറിയര്‍ കമ്പനിയുടേതെന്ന പേരില്‍ ഓർഡ്ർ ചെയ്ത പ്രൊഡക്റ്റ്  ഡെലിവറി ചെയ്തതായുള്ള സന്ദേശം ഡോക്ടറുടെ ഫോണിൽ ലഭിച്ചു. എന്നാല്‍, സാധനം കിട്ടാതെ ഡെലിവറി ചെയ്‌തെന്ന സന്ദേശം ലഭിച്ചതോടെ വനിതാ ഡോക്ടര്‍ സന്ദേശത്തിലുണ്ടായിരുന്ന നമ്പറില്‍ വിളിച്ചു. കമ്പനിയുടെ കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടിവ് തിരികെ വിളിക്കുമെന്നായിരുന്നു മറുപടി. പിന്നാലെ കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടിവെന്ന പേരില്‍ ഒരാള്‍ ഡോക്ടറെ വിളിച്ചു.

Latest Videos

undefined

പിന്നീടാണ് തട്ടിപ്പ് നടന്നത്. താങ്കളുടെ ഓര്‍ഡര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്നും ലഭിക്കണമെങ്കിൽ രണ്ടുരൂപ കൂടി അടയ്ക്കണം എന്നുമായിരുന്നു കസ്റ്റമര്‍കെയര്‍ എക്‌സിക്യൂട്ടിവിന്‍റെ നിര്‍ദേശം. ഇതിനായി ബാങ്ക് വിവരങ്ങള്‍ കൈമാറാനായി ഒരുലിങ്കും അയച്ചുനല്‍കി. ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ ഒരു ആപ്പ് മൊബൈലിൽ ഡൌൺലോഡ് ആയി. ഇത് വനിതാ ഡോക്ടർ അറിഞ്ഞിരുന്നില്ല. രണ്ട് രൂപ അടച്ചതോടെ പ്രൊഡക്ട് ഉടനെത്തുമെന്ന് പറഞ്ഞ് വിളിച്ചയാൾ ഫോൺ വെച്ചു.

നവംബർ 9ന് ബാങ്ക് അക്കൌണ്ടിൽ നിന്നും ആദ്യം 95,000 രൂപയും പിന്നീട് 5000 രൂപയും നഷ്ടപ്പെട്ടതായി മൊബൈലിൽ സന്ദേശമെത്തി. അക്കൌണ്ട് പരിശോധിച്ചപ്പോള്‍ താനറിയാതെ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഡോക്ടർ മനസിലാക്കി.  ഇതോടെയാണ് താൻ നേരിട്ട വമ്പൻ തട്ടിപ്പ് ഡോക്ടർ തിരിച്ചറിയുന്നത്. ഇതോടെ വനിതാ ഡോക്ടർ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Read  More : പാസ്‍വേഡിൽ ജാഗ്രതൈ, ഈ 10 എണ്ണത്തിൽ ഏതെങ്കിലുമാണോ ? എങ്കിൽ പണി കിട്ടും! ക്രാക്ക് ചെയ്യാൻ സെക്കൻഡുകൾ മാത്രം

click me!