പരിചയമില്ലാത്ത രണ്ട് നമ്പറുകളിൽ നിന്ന് തന്‍റെയും സ്ത്രീയുടെയും ദൃശ്യം ലഭിച്ചെന്ന് അസിസ്റ്റന്‍റ് ഡയറക്ടര്‍
മുംബൈ: ഡേറ്റിംഗ് സൈറ്റില്‍ പരിചയപ്പെട്ട സ്ത്രീ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയുമായി 45കാരന്‍. തങ്ങള്‍ക്കിടയില്‍ നടന്ന വീഡിയോ കോള്‍ ദൃശ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയതെന്ന് പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് മുംബൈ പൊലീസ് അറിയിച്ചു. ഒരു അസിസ്റ്റന്‍റ് ഡയറക്ടറാണ് പരാതിക്കാരനെന്ന് ഇന്ത്യന്‍ എക്സ്‍പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഡിസംബർ 13 നാണ് ഡേറ്റിംഗ് സൈറ്റ് ഉപയോഗിക്കുന്നതിനിടയിൽ താൻ ഒരു സ്ത്രീയെ പരിചയപ്പെട്ടതെന്നും ചാറ്റ് ചെയ്യാന്‍ തുടങ്ങിയതെന്നും പരാതിക്കാരന്‍ വ്യക്തമാക്കി. വീഡിയോ കോളിനിടെ സ്ത്രീ തന്‍റെ വസ്ത്രമെല്ലാം അഴിക്കുകയും തന്‍റെ വസ്ത്രമഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തെന്ന് പരാതിയില്‍ പറയുന്നു. സ്ത്രീ വീഡിയോ റെക്കോര്‍ഡ് ചെയ്തത് അറിഞ്ഞില്ലെന്നും പരാതിക്കാരന്‍ പറഞ്ഞു.
undefined
പിന്നാലെ പരിചയമില്ലാത്ത രണ്ട് നമ്പറുകളിൽ നിന്ന് തന്‍റെയും സ്ത്രീയുടെയും നഗ്ന ദൃശ്യം ലഭിച്ചു. ഈ വീഡിയോ അയച്ചവർ 75,000 രൂപ ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വീഡിയോ ക്ലിപ്പ് തന്‍റെ പരിചയക്കാര്‍ക്കും അല്ലാത്തവര്‍ക്കും അയക്കുമെന്നും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നു. ഇതോടെ ഭയന്ന പരാതിക്കാരന്‍, ആവശ്യപ്പെട്ട തുക കുറയ്ക്കാന്‍ അപേക്ഷിച്ചു. തുടര്‍ന്ന് 35,000 രൂപ ട്രാൻസ്ഫർ ചെയ്തു. പ്രതികൾ വീണ്ടും പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെയാണ് പരാതിക്കാരൻ പൊലീസിനെ സമീപിക്കാൻ തീരുമാനിച്ചത്.
പരാതിക്കാരനെ ഭീഷണിപ്പെടുത്തിയ സ്ത്രീ ആരെന്ന് വ്യക്തമായിട്ടില്ല. അജ്ഞാതയായ സ്ത്രീക്കും മറ്റുള്ളവർക്കുമെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 385, 506, 34 എന്നീ വകുപ്പുകള്‍ പ്രകാരം പൊലീസ് കേസെടുത്തു. ഐടി ആക്റ്റിലെ 66ഡി, 66ഇ, 67എ എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളും ചുമത്തി. പ്രതികള്‍ ഉപയോഗിച്ച മൊബൈൽ നമ്പറുകളുടേയും ബാങ്ക് അക്കൗണ്ടുകളുടേയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ഇൻസ്‌പെക്ടർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് പരാതി അന്വേഷിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം