'സാമ്പാറിന് രുചിയില്ല, എരിവ് കൂടി': വഴക്കുപറഞ്ഞ അച്ഛനെ മകൻ തല്ലിക്കൊന്നു

By Web Team  |  First Published Oct 20, 2023, 7:56 PM IST

കറിക്ക് സ്വാദില്ലെന്നും എരിവ് കൂടിയെന്നും പറഞ്ഞ് ദർശനെ ചിട്ടിയപ്പ നിരവധി തവണ അധിക്ഷേപിച്ചു. ഇതോടെ  പ്രകോപിതനായ ദർശൻ അച്ഛനെ മർദിക്കുകയായിരുന്നു.


ബെംഗളൂരു: ഭക്ഷണത്തിന് രുചിയില്ലെന്ന് പറഞ്ഞ അച്ഛനെ മകൻ തല്ലിക്കൊന്നു. കർണാടകയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുടകിലെ വിരാജ്പേട്ട് താലൂക്കിലെ നംഗല ഗ്രാമത്തിൽ താമസിക്കുന്ന സി കെ ചിട്ടിയപ്പ (63) ആണ് കൊല്ലപ്പെട്ടത്. താനുണ്ടാക്കിയ  സാമ്പാറിന് എരിവ് കൂടിയതിന് വഴക്കുപറഞ്ഞ ചിട്ടിയപ്പയെ മകൻ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിൽ   ഇയാളുടെ മകൻ ദർശൻ തമ്മയ്യ (38)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ നേരത്തെ മരിച്ച ചിട്ടിയപ്പ മക്കള്‍ക്കൊപ്പമായിരുന്നു താമസം. മൂത്ത മകന്‍റെ ഭാര്യയാണ് വീട്ടിൽ ഭക്ഷണം ഉണ്ടാക്കിയിരുന്നത്. എന്നാൽ  മൂത്തമകനും മരുമകളും അടുത്തിടെ ബന്ധുവീടുകൾ സന്ദർശിക്കാനായി പോയി. കുറച്ച് ദിവസമായി ഇവർ ബന്ധു വീടുകളിലായിരുന്നു.

Latest Videos

undefined

സംഭവ ദിവസം ഇളയ മകൻ ദർശനാണ് ഭക്ഷണം ഉണ്ടാക്കിയത്. ചോറിന് കറിയായി സാമ്പാറാണ് ഉണ്ടാക്കിയിരുന്നത്. ദർശൻ ഉണ്ടാക്കിയ സാമ്പാറിൽ മുളക് കൂടിയെന്നാരാപിച്ച് ചിട്ടിയപ്പ മകനെ വഴക്കു പറഞ്ഞിരുന്നു. കറിക്ക് സ്വാദില്ലെന്നും എരിവ് കൂടിയെന്നും പറഞ്ഞ് ദർശനെ ചിട്ടിയപ്പ നിരവധി തവണ അധിക്ഷേപിച്ചു. ഇതോടെ  പ്രകോപിതനായ ദർശൻ അച്ഛനെ മർദിക്കുകയായിരുന്നു. അടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ചിട്ടിയപ്പയെ പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. വിവരമറിഞ്ഞെത്തിയ വിരാജ്പേട്ട റൂറൽ പൊലീസ് കേസെടുത്ത് ദർശന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

Read More : ഇസ്രയേലിനെതിരെ വിദ്വേഷ പോസ്റ്റ്, ബാങ്ക് ജീവനക്കാരിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു

tags
click me!