ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് രാമങ്കരി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അനിൽ ഭഗവാൻ പഗാരെക്കെതിരെ പൊലീസ് കേസെടുത്തത്.
ആലപ്പുഴ: വിദേശ രാജ്യങ്ങളിലെ കപ്പലുകളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ കേരള പൊലീസ് പിടികൂടി. മഹാരാഷ്ട്ര നാസിക്കിലെ ശ്രീറാംപൂര്‍ സ്വദേശിയായ അനിൽ ഭഗവാൻ പഗാരെയാണ് ആലപ്പുഴ രാമങ്കരി പൊലീസിന്‍റെ പിടിയിലായത്. നാസിക്കിൽ ഗ്ലോബൽ മൊബിലിറ്റി എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു ഇയാള്‍. വിദേശരാജ്യങ്ങളിലെ കപ്പലുകളിലേക്ക് വിവിധ ജോലികള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നു എന്ന് പറഞ്ഞ് പ്രതി നിരവധി യുവാക്കളിൽ നിന്നും പണം തട്ടിയെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് രാമങ്കരി പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അനിൽ ഭഗവാൻ പഗാരെക്കെതിരെ പൊലീസ് കേസെടുത്തത്. അന്വേഷണത്തിനൊടുവിൽ മഹാരാഷ്ട്രയിലെ നാസിക്കിലെ ശ്രീറാംപൂരിനടുത്തുള്ള പൊങ്കൽവസ്തി എന്ന സ്ഥലത്ത് വെച്ചാണ് രാമങ്കരി പൊലീസ് അറസ്റ്റ് ചെയ്തത്. 2019-20 കാലഘട്ടത്തിൽ ഗോവയിലെ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് അനിലെന്ന് പൊലീസ് പറഞ്ഞു. അമ്പലപ്പുഴ ഡിവൈഎസ്പിയുടെ നിർദ്ദേശ പ്രകാരം രാമങ്കരി ഇൻസ്പെക്ടർ പ്രദീപ് ജെ, സബ് ഇൻസ്പെക്ടർ ഷൈലകുമാർ, എഎസ്ഐമാരായ പ്രേംജിത്ത്, റിജോ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read More : അമ്മയെ 2 ദിവസമായി കാണാനില്ല, മകൻ വെള്ളം കോരാനെത്തിയപ്പോൾ കിണറ്റിൽ ഒരു മൃതദേഹം; ഭർത്താവ് മുങ്ങി, ദുരൂഹത