കെഎസ്ആർടിസിയുടെ ഹെഡ് ലൈറ്റ് തകർത്ത യുവതിക്ക് ജാമ്യം, കെട്ടിവച്ചത് വൻ തുക; തകർത്തതിന്റെ കാരണവും പറഞ്ഞ് സുലു

By Web Team  |  First Published Nov 22, 2023, 5:05 PM IST

ഇന്നലെയാണ് സുലുവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. 


കോട്ടയം: കെഎസ്ആര്‍ടിസി ബസിന്റെ ഹെഡ് ലൈറ്റുകള്‍ അടിച്ച തകര്‍ത്ത കേസിലെ പ്രതിയായ യുവതിക്ക് ജാമ്യം. പൊന്‍കുന്നം സ്വദേശി 26കാരി സുലുവിനാണ് കോടതി ജാമ്യം അനുവദിച്ചത്. നഷ്ടപരിഹാരമായി 46,000 രൂപ കെട്ടിവച്ച ശേഷമാണ് ജാമ്യം അനുവദിച്ചത്. തന്റെ കാറില്‍ ഇടിച്ച ശേഷം കെഎസ്ആര്‍ടിസി ബസ് നിര്‍ത്താതെ പോവുകയായിരുന്നെന്ന് സുലു ആരോപിച്ചു.

ഇന്നലെയാണ് സുലുവിനെ ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. പൊതുമുതല്‍ നശിച്ചു എന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തതെന്ന് ചിങ്ങവനം പൊലീസ് അറിയിച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ട് കോട്ടയം കോടിമത നാലുവരി പാതയിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു നേരെയാണ് ആക്രമണം നടന്നത്. ബസ് കോട്ടയത്ത് വച്ച് ഓവര്‍ടേക്ക് ചെയ്തപ്പോള്‍ കാറിന്റെ റിയര്‍വ്യൂ മിററില്‍ തട്ടുകയായിരുന്നു.

Latest Videos

undefined

കാര്‍ പെട്ടെന്ന് മറുവശത്തേക്ക് തിരിച്ചപ്പോഴാണ് മിററില്‍ തട്ടിയതെന്ന് ബസ് ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് ബസ് വശത്തേക്ക് ഒതുക്കി നിര്‍ത്തിയപ്പോഴാണ് കാറില്‍ നിന്ന് രണ്ട് സ്ത്രീകള്‍ ഇറങ്ങി വന്നത്. ആദ്യം ഡ്രൈവറുമായി തര്‍ക്കമുണ്ടായി, രൂക്ഷമായി അസഭ്യം വിളിക്കുകയും ചെയ്തു. യാത്രക്കാര്‍ ഇടപെട്ടപ്പോള്‍ ആദ്യം പോകാന്‍ ശ്രമിച്ചെങ്കിലും പിന്നീട് കാറില്‍ പോയി ജാക്കി ലിവര്‍ എടുത്തുകൊണ്ട് വന്ന് ലൈറ്റ് അടിച്ച് തകര്‍ക്കുകയുമായിരുന്നുവെന്നാണ് ബസ് ജീവനക്കാര്‍ പറഞ്ഞത്. സ്ത്രീകള്‍ക്ക് നേരെ ഒരു പ്രകോപനവും ഉണ്ടായിട്ടില്ലെന്നും ബസ് ജീവനക്കാര്‍ പറഞ്ഞു. മുന്‍വശത്തെ രണ്ട് ലൈറ്റുകള്‍ തകര്‍ത്തിട്ടുണ്ട്. ആലപ്പുഴ രജിസ്‌ട്രേഷനുള്ള കാറിലാണ് സ്ത്രീകള്‍ സഞ്ചരിച്ചിരുന്നതെന്ന് ബസ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും യാത്രക്കാരില്‍ ചിലര്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുലുവിനെ പിടികൂടിയത്.

എസ്എഫ്‌ഐയുടെ ക്ഷണം; കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ പരിപാടി ഉദ്ഘാടനത്തിന് ഉദയനിധി സ്റ്റാലിന്‍ 
 

click me!