നരബലി നടത്തിയാൽ നിധി കിട്ടും എന്ന വിശ്വാസം; പൂജക്കിടെ കർഷകനെ തലക്കടിച്ചു കൊന്ന് മന്ത്രവാദി

By Web Team  |  First Published Oct 1, 2022, 5:52 PM IST

നരബലി നടത്തിയാൽ നിധി കിട്ടും എന്ന വിശ്വാസത്തിൽ മന്ത്രവാദി കർഷകനെ പൂജക്കിടെ തലക്കടിച്ചു കൊല്ലുകയായിരുന്നു.


ചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച് നരബലി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് ദാരുണമായ മനുഷ്യബലി നടന്നത്. നരബലി നടത്തിയാൽ നിധി കിട്ടും എന്ന വിശ്വാസത്തിൽ മന്ത്രവാദി കർഷകനെ പൂജക്കിടെ തലക്കടിച്ചു കൊല്ലുകയായിരുന്നു.

തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് കർഷകനായ ലക്ഷ്മണനെ രണ്ട് ദിവസം മുമ്പാണ് സ്വന്തം കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെറ്റിലത്തോട്ടത്തിൽ തല തകർന്ന് മരിച്ചുകിടന്ന ലക്ഷ്മണന്‍റെ മൃതദേഹത്തിന് സമീപം ആഭിചാര ക്രിയകൾ നടന്നതിന്‍റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. സിന്ദൂരം, നാരങ്ങ, കർപ്പൂരം തുടങ്ങിയ മൃതദേഹത്തിന് സമീപം കണ്ടതിനെ തുടർന്ന് സംശയം തോന്നിയ കേളമംഗലം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടന്നത് നരബലിയെന്ന് വെളിപ്പെട്ടത്. ലക്ഷ്മണനെ അവസാനം ഫോൺ ചെയ്തത് ധർമപുരി സ്വദേശിയായ മണി എന്നയാളാണെന്ന് കണ്ടെത്തി. മന്ത്രവാദവും മന്ത്രവാദ ചികിത്സയും നടത്തുന്നയാളാണ് മണി. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ദാരുണമായ നരബലിയുടെ വിശദാംശങ്ങൾ പുറത്തുവന്നത്.

Latest Videos

ലക്ഷ്മണന്‍റെ വെറ്റിലത്തോട്ടത്തിൽ നിധിയുണ്ടെന്ന് നേരത്തേ മണി ലക്ഷ്മണനെ പറഞ്ഞുവിശ്വസിപ്പിച്ചിരുന്നു. ഇത് കൈക്കലാക്കാൻ നരബലി നടത്തണമെന്നും. മണിയുടെ അടുത്ത് മന്ത്രവാദ ചികിത്സയ്ക്ക് വരുന്ന യുവതിയെ ബലി നൽകാനായിരുന്നു ആദ്യ പദ്ധതി. ചികിത്സയുമായി ബന്ധപ്പെട്ട പൂജകൾക്ക് വെറ്റിലത്തോട്ടത്തിലേക്ക് വരാൻ യുവതിയോട് ആവശ്യപ്പെട്ടു. പൂജ തുടങ്ങിയിട്ടും ഇവർ എത്താത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ തർക്കമായി. ഇതിനിടെ ലക്ഷ്മണനെ ബലി നൽകാൻ മണി തീരുമാനിക്കുകയായിരുന്നു. ലക്ഷ്മണനെ തലക്കടിച്ച് കൊന്നതിന് ശേഷം നിധിക്കായി വെറ്റിലത്തോട്ടമാകെ പരതിയെങ്കിലും നിധി കണ്ടെത്താനായില്ല. തുടർന്ന് മൃതദേഹം ഉപേക്ഷിച്ച് ഇയാൾ മുങ്ങുകയായിരുന്നു. അസ്വാഭാവിക മരണം എന്ന നിലയിൽ അന്വേഷണം തുടങ്ങി രണ്ട് ദിവസത്തിന് ശേഷമാണ് ലക്ഷ്മണന്‍റെ മരണം നരബലിയാണെന്ന് വെളിപ്പെട്ടത്.

click me!