ലക്ഷ്യം മെഡിക്കൽ വിദ്യാർത്ഥികൾ, കൊല്ലത്ത് രാസ ലഹരിയുമായെത്തി; ബിഡിഎസ് വിദ്യാർത്ഥിയെ കാത്തിരുന്ന് പൊക്കി

By Web Team  |  First Published Oct 19, 2023, 10:22 AM IST

ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി കൊല്ലത്തെത്തിച്ച് വിൽപ്പന നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.


കൊട്ടിയം: കൊല്ലം കൊട്ടിയത്ത് വൻ രാസലഹരി വേട്ട.  ന്യൂജെൻ മയക്കുമരുന്നായ എംഡിഎംഎയുമായി ബിഡിഎസ് വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് പുതുവള്ളി സ്വദേശി നൗഫലാണ് പിടിയിലായത്. ഇയാളിൽ നിന്നും 72 ഗ്രാം എംഡിഎംഎ അന്വേഷണ സംഘം പിടിച്ചെടുത്തു.  കൊല്ലത്തെ മെഡിക്കൽ വിദ്യാ‍ത്ഥികൾക്ക് രാസലഹരി എത്തിച്ച് നൽകുന്ന സംഘത്തിലെ പ്രധാനിയാണ് നൗഫലെന്ന് പൊലീസ് പറഞ്ഞു. 

കഴിഞ്ഞ കുറെ ദിവസങ്ങളായി ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ പുലർച്ചെ അന്ത‍ർ സംസ്ഥാന ബസിൽ ഇയാൾ ബെംഗളൂരുവിൽ നിന്ന് മയക്കുമരുന്നുമായി കൊട്ടിയത്തേക്ക് എത്തുമെന്ന് ഡാൻസാഫ് ടീമിന് വിവരം  കിട്ടി. ഇതിന്റ അടിസ്ഥാനത്തിൽ പൊലീസ് സംഘം കൊട്ടിയം ജംഗ്ഷനിൽ പ്രതിക്കായി കാത്തു നിന്നു. പുലർച്ചെ നാല് മണിയോടെയാണ് കൊട്ടിയത്ത് ബസ് എത്തിയത്. ബസിൽ നിന്ന് ഇറങ്ങിയ ഉടൻ തന്നെ പൊലീസ് നൗഫലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Latest Videos

undefined

പരിശോധനയിൽ ഇയാളുടെ ബാഗിനുള്ളിൽ നിന്നാണ് 72 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ബെംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി കൊല്ലത്തെത്തിച്ച് വിൽപ്പന നടത്താനായിരുന്നു പ്രതിയുടെ ലക്ഷ്യം. മെഡിക്കൽ വിദ്യാ‍ർത്ഥികളായ മറ്റ് ചില‍ർക്കും കേസിൽ പങ്കുണ്ടെന്നാണ് പ്രതിയുടെ മൊഴി.  ഇവരെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്.

വീഡിയോ സ്റ്റോറി കാണാം

അതിനിടെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും മാരക മയക്കുമരുന്നായ ഹെറോയിൻ പിടികൂടി. 20 ലക്ഷം രൂപ വിലമതിക്കുന്ന 44 ഗ്രാം ഹെറോയിനാണ് വിവേക് എക്സ്പ്രസിന്‍റെ സീറ്റിനടിയിൽ ഉടമസ്ഥനില്ലാതെ കണ്ടെത്തിയ ഒരു ബാഗിൽ നിന്നും ലഭിച്ചത്. 4 സോപ്പ് പെട്ടികൾക്കുള്ളിലായിരുന്നു ഹെറോയിൻ. ബാഗിന്റെ ഉടമയെ കണ്ടെത്തുന്നതിനുള്ള പരിശോധനകൾ
തുടരുന്നതായി ആർപിഎഫും എക്സ്സൈസും അറിയിച്ചു.

Read More :  '43 സാക്ഷികൾ, 95 രേഖകൾ, 10 തൊണ്ടിമുതൽ'; ആലുവയില്‍ 5 വയസുകാരിയുടെ കൊലപാതകം, വിചാരണ പൂർത്തിയായി

tags
click me!