കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസ്; 3 പേർ മാത്രം പങ്കെന്ന വാദത്തിൽ ഉറച്ച് പൊലീസ്, സാമ്പത്തിക ഇടപാടുകൾ പരിശോധിക്കും

By Web Team  |  First Published Dec 3, 2023, 5:07 PM IST

പ്രതികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. അതേസമയം പൊലീസ് ഭാഷ്യത്തിൽ നിരവധി അവ്യക്തതകൾ തുടരുകയാണ്.


കൊല്ലം: ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്ന് പേർ മാത്രമെന്ന വാദത്തിൽ ഉറച്ച് പൊലീസ്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ നാളെ അപേക്ഷ നൽകും. പ്രതികളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും പരിശോധിക്കാനാണ് പൊലീസിന്റെ നീക്കം. ഇനിയും പല ചോദ്യങ്ങള്‍ക്കും പൊലീസിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് ഒരുങ്ങുന്നത്. ഇതിനായി നാളെ കൊട്ടാരക്കര കോടതിയിൽ അപേക്ഷ നൽകും. 

മാമ്പള്ളികുന്നം കവിതരാജിൽ കെ ആർ പത്മകുമാർ ( 52) , ഭാര്യ എം ആർ അനിതകുമാരി (45), മകൾ പി. അനുപമ (20) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കെതിരെ ​ഗുരുതര വകുപ്പുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. കുട്ടിക്കടത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജീവപര്യന്തം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തട്ടിക്കൊണ്ടുപോകൽ, തടവിലാക്കൽ, ദേഹോപദ്രവമേൽപിക്കൽ ക്രിമിനൽ ​ഗൂഢാലോചന തുടങ്ങിയ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരമുള്ള വകുപ്പുകളും പ്രതികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. പണം നേടുക എന്ന ലക്ഷ്യത്തോടെ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.  

Latest Videos

click me!