കൊല്ലം ടി കെ എം കോളേജിൽ നിന്ന് എഞ്ചിനിയറിംഗ് ബിരുദം നേരിയ ആളാണ് കേസിലെ പ്രതിയായ പത്മകുമാര്‍.
കൊല്ലം: സമ്പന്നതയിൽ നിന്നുള്ള പതനമായിരുന്നു ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പത്മകുമാറിന്റേയും കുടുംബത്തിന്റേയും. ഭാരിച്ച വായ്പാ ബാധ്യതകളും കൊവിഡുമാണ് തട്ടിക്കൊണ്ടുപോകലിലേക്കും പിന്നീട് ജയിൽവാസത്തിലേക്കും നയിച്ചത്.
കൊല്ലം ടി കെ എം കോളേജിൽ നിന്ന് എഞ്ചിനിയറിംഗ് ബിരുദം നേരിയ ആളാണ് കേസിലെ പ്രതിയായ പത്മകുമാര്‍. തുടക്കത്തിൽ എഞ്ചിനിയറിംഗ് മേഖലയിൽ ജോലി ചെയ്ത ഇയാള്‍ പിന്നീട്, ചാത്തന്നൂരിൽ കേബിൾ ശ്യംഖല സംരംഭം തുടങ്ങി. ഇതിനിടയിൽ റിയൽ എസ്റ്റേറ്റിലേക്ക് ഇറങ്ങിയ പത്മകുമാറിന് ചിറക്കരയിലും തമിഴ്നാട്ടിലും ഫാം ഹൗസുണ്ടെന്നാണ് പൊലീസ് പറയുന്നത്. വീടിന് അടുത്തായി ഇയാള്‍ വാവാസ് എന്ന പേരില്‍ ഒരു ബേക്കറിയുമുണ്ട്.
ദേശീയ പാതയ്ക്കടുത്ത് ഇരു നില വീടും കാറുകളും, ഒരു സമ്പന്ന കുടുംബത്തിന്റെ ചേരുവകളെല്ലാമുണ്ടായിരുന്നു പത്മകുമാറിന്. പക്ഷേ, കൊവിഡ് എല്ലാം തകർത്തു. ഓൺലൈൻ ആപ്പ് വഴിയുള്ള വായ്പ അടക്കം ബാധ്യത കുമിഞ്ഞുകൂടി. ആറ് കോടിയുടെ ആസ്തിയുള്ള കുടുബത്തിന് നാലരക്കോടി രൂപ ബാധ്യതയായി. കുടുംബത്തിന്റെ ആസ്തികളിൽ ഭൂരിഭാഗവും പണയത്തിലാണ്. സുഹൃത്തുക്കളും പരിചയക്കാരും വളഞ്ഞ വഴിയിൽ ബിസിനസ് സംരംഭങ്ങൾ വളര്‍ത്തുന്നത് കണ്ടപ്പോളുണ്ടായ മനോനിലയിലാണ് ഗൂഢാലോചനയെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഒടുവിൽ മൂന്നംഗ കുടുംബം കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ജയിലഴിള്ളിലായി.