ഹുസ്നക്കും കൂട്ടാളികൾക്കും കള്ളനോട്ട് കിട്ടിയത് എവിടെ നിന്ന്? കേസിൽ രണ്ട് പേർ കൂടി പിടിയിൽ, വലവിരിച്ച് പൊലീസ്

By Web Team  |  First Published Jun 26, 2024, 12:06 AM IST

മണി ട്രാന്‍സഫറിനായി ഹുസ്ന എന്ന യുവതി കൊടുത്തുവിട്ട അഞ്ഞൂറ് രൂപയുടെ മുപ്പത് നോട്ടുകളില്‍ 14 എണ്ണം കള്ളനോട്ടാണെന്ന് കടയുടമ തിരിച്ചറിഞ്ഞതോടെയാണ് കള്ളനോട്ട് കേസിന് ചുരുളഴിയുന്നത്.


കോഴിക്കോട്: കോഴിക്കോട് നരിക്കുനിയില്‍ മൊബൈല്‍ ഷോപ്പിൽ നിന്നും കള്ളനോട്ട് മാറ്റാന്‍ ശ്രമിച്ച കേസില്‍ ഉറവിടം തേടി പൊലീസ്. കേസില്‍ ഇന്ന് രണ്ട് പേരെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കള്ളനോട്ട് കൈമാറ്റത്തിനായി വലിയ റാക്കറ്റ് തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന് കിട്ടിയ വിവരം. നരിക്കുനിയിലെ ഐ ക്യു മൊബൈല്‍ ഹബ്ബ് എന്ന കടയില്‍ മണി ട്രാന്‍സഫറിനായി ഹുസ്ന എന്ന യുവതി കൊടുത്തുവിട്ട അഞ്ഞൂറ് രൂപയുടെ മുപ്പത് നോട്ടുകളില്‍ 14 എണ്ണം കള്ളനോട്ടാണെന്ന് കടയുടമ തിരിച്ചറിഞ്ഞതോടെയാണ് കള്ളനോട്ട് കേസിന് ചുരുളഴിയുന്നത്.

തനിക്ക് തന്ന നോട്ടില്‍ വ്യാജനുണ്ടെന്ന് കടയുടമ പണം കൊണ്ടുവന്ന മുഷിദിനോട് വിളിച്ച് പറഞ്ഞപ്പോള്‍ സംഘം തുക തിരിച്ച് അയച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്നാണ് കടയുടമ മുഹമ്മദ് റയീസ് കൊടുവള്ളി പൊലീസില്‍ പരാതി നല്‍കിയത്. പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കൊടുത്തുവിട്ട ഹുസ്ന ഉള്‍പ്പെടെ നാല് പേര്‍ പൊലീസ് പിടിയിലുമായി. അന്വേഷണത്തിനിടെ നരിക്കുനി എസ്.ബി.ഐ ബാങ്കും കള്ളനോട്ട് പരാതിയുമായി പൊലീസിനെ സമീപിച്ചു. ബാങ്കില്‍ നിക്ഷേപത്തിനെത്തിയ ആറായിരം രൂപയിലാണ് കള്ളനോട്ട് കണ്ടെത്തിയത്. ഈ നോട്ടുകള്‍ ബാങ്ക് കൊടുവള്ളി പൊലീസിന് കൈമാറി. ഈ സംഭവത്തിന് പിന്നിലും അറസ്റ്റിലായവരാണെന്നാണ് പൊലീസ് കരുതുന്നത്. 

Latest Videos

undefined

കേസിൽ ഇന്ന് രണ്ട് പേര്‍ കൂടി അറസ്റ്റിലായതോടെ കേസിന്‍റെ വ്യാപ്തി കൂടുകയാണ്. ചെന്നൈയില്‍ നിന്നാണ് ഒരാളെ പിടികൂടിയത്. നരിക്കുനിയിലും പരിസരത്തും മാത്രം ഒതുങ്ങുന്നതല്ല കള്ളനോട്ട് റാക്കറ്റെന്നാണ് പൊലീസിന്‍റെ നിഗമനം. വരും ദിവസങ്ങളി‍ല്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാവുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. നിലവില്‍ ഒരു കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. 

Read More : വീട്ടിലും സ്കോർപിയോ കാറിലുമായി പിടികൂടിയത് 25 കിലോ കഞ്ചാവ്; പ്രതികൾക്ക് 20 വർഷം തടവും 2 ലക്ഷം രൂപ പിഴയും

click me!