അക്രമാസക്തരായി 'നൈറ്റ് ഡ്രോപ്പര്‍' സംഘം, നടുറോഡില്‍ മല്‍പ്പിടുത്തം; ഒടുവില്‍ കീഴടക്കി എക്‌സൈസ് 

By Web TeamFirst Published Dec 22, 2023, 5:53 PM IST
Highlights

നേരിട്ടുള്ള ഇടപാടുകള്‍ ഒഴിവാക്കി രാത്രിയില്‍ മാത്രം പുറത്ത് ഇറങ്ങി ചില പ്രത്യേക സ്ഥലങ്ങളില്‍ മയക്കുമരുന്ന് വച്ച ശേഷം ഇടപാടുകാര്‍ക്ക് വിവരം നല്‍കുന്ന രീതിയായിരുന്നു ഇവരുടേതെന്ന് എക്‌സൈസ്

കൊച്ചി: കൊച്ചിയില്‍ നൈറ്റ് ഡ്രോപ്പര്‍ മയക്കുമരുന്ന് സംഘത്തിലെ പ്രധാനികളെ പിടികൂടിയെന്ന് എക്‌സൈസ്. കൊടുങ്ങല്ലൂര്‍ കോതപറമ്പ് സ്വദേശികളായ ആഷിക് അന്‍വര്‍ (24), ഷാഹിദ് (27), അജ്മല്‍ (23) എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് 10 എല്‍എസ്ഡി സ്റ്റാമ്പുകള്‍, 0.285 ഗ്രാം എംഡിഎംഎ, 50 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു. മയക്കുമരുന്ന് ഇടപാടുകള്‍ക്ക് ഉപയോഗിച്ചിരുന്ന ആഡംബര കാറും മൂന്ന് സ്മാര്‍ട്ട് ഫോണുകളും 3,000 രൂപയും കസ്റ്റഡിയില്‍ എടുത്തതായി എക്‌സൈസ് അറിയിച്ചു. 

നേരിട്ടുള്ള ഇടപാടുകള്‍ ഒഴിവാക്കി രാത്രിയില്‍ മാത്രം പുറത്ത് ഇറങ്ങി ചില പ്രത്യേക സ്ഥലങ്ങളില്‍ മയക്കുമരുന്ന് വച്ച ശേഷം ഇടപാടുകാര്‍ക്ക് വിവരം നല്‍കുന്ന രീതിയായിരുന്നു ഇവരുടേതെന്ന് എക്‌സൈസ് അറിയിച്ചു. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഇവരുടെ ഇടപാടുകള്‍ അധികവും നടക്കുന്നത്. ചാറ്റ് ആപ്പുകള്‍ വഴി മയക്കുമരുന്ന് ആവശ്യപ്പെട്ടാല്‍ ആദ്യ പടിയായി അക്കൗണ്ടിലേക്ക് പണം അയക്കുവാന്‍ പറയും. പണം ലഭിച്ചാല്‍ അധികം ആളുകള്‍ ശ്രദ്ധിക്കാത്ത ഇടങ്ങളില്‍ വെള്ളം നനയാത്ത രീതിയില്‍ മയക്ക് മരുന്ന് പായ്ക്ക് ചെയ്ത് സുരക്ഷിതമായി ഒളിപ്പിച്ച് വയ്ക്കുന്നു. അതിന് ശേഷം ആവശ്യക്കാരന്റെ വാട്‌സ്ആപ്പിലേക്ക് പാക്കറ്റ് വച്ചിരിക്കുന്ന സ്ഥലത്തിന്റെ ലൊക്കേഷനും, വച്ചിരിക്കുന്ന  ഫോട്ടോയും അയച്ചു കൊടുക്കും. ആവശ്യക്കാരന്‍ ലൊക്കേഷനില്‍ എത്തി മയക്കുമരുന്ന് എടുത്ത് കൊണ്ട് പോകുകയാണ് ചെയ്തിരുന്നതെന്ന് എക്‌സൈസ് അറിയിച്ചു. 

Latest Videos

ഇന്നലെ ഇവരുടെ വാഹനം അതീവരഹസ്യമായി എക്‌സൈസ് പിന്തുടര്‍ന്നു. തുടര്‍ന്ന്, വൈറ്റില പൊന്നുരുന്നി സര്‍വ്വീസ് റോഡില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി മയക്ക് മരുന്ന് ഡ്രോപ്പ് ചെയ്യാന്‍ തുടങ്ങവെ ഇവരെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ വളയുകയായിരുന്നു. പ്രതികള്‍ വാഹനം സ്റ്റാര്‍ട്ട് ചെയ്ത് കടന്ന് കളയാന്‍ ശ്രമിച്ചുവെങ്കിലും എക്‌സൈസ് വാഹനം കുറുകെയിട്ട് സര്‍വ്വീസ് റോഡ് ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് അക്രമാസക്തരായ പ്രതികളെ, ഏറെ നേരത്തെ മല്‍പ്പിടുത്തത്തിന് ശേഷമാണ് കസ്റ്റഡിയിലെടുത്തതെന്നും എക്‌സൈസ് അറിയിച്ചു. 

അടുത്തിടെ പിടിയിലായ ചില യുവാക്കളില്‍ നിന്നുള്ള വിവരം വച്ചാണ് ഇവരെ എക്‌സൈസ് ഇന്റലിജന്‍സ് നിരീക്ഷണ വലയത്തിലാക്കിയത്. ഐ.ബി ഇന്‍സ്‌പെക്ടര്‍ എസ്. മനോജ് കുമാര്‍, എറണാകുളം റേഞ്ച് ഇന്‍സ്‌പെക്ടര്‍ ഗിരീഷ് കുമാര്‍, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് എന്‍.ഡി.ടോമി, എന്‍.എം.മഹേഷ്, സി.ഇ.ഒമാരായ പത്മ ഗിരീശന്‍ പി, ബിജു.ഡി ജെ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ജനുവരിയോടെ കൊവിഡ് കുതിച്ചുയരുമെന്ന് മുന്നറിയിപ്പ്; കര്‍ശന തീരുമാനങ്ങളുമായി കര്‍ണാടക 
 

tags
click me!