ഷീന ബോറ കൊലപാതകക്കേസില്‍ (sheena bora murder case) ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം ലഭിച്ചിരിക്കുകയാണ്. ആറര വര്‍ഷത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിക്ക് (Indrani Mukerjea) ജാമ്യം ലഭിക്കുന്നത്. 2021 ല്‍ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
ഷീന ബോറ കൊലപാതകക്കേസില്‍ (sheena bora murder case) ഇന്ദ്രാണി മുഖര്‍ജിക്ക് ജാമ്യം ലഭിച്ചിരിക്കുകയാണ്. ആറര വര്‍ഷത്തിന് ശേഷമാണ് ഇന്ദ്രാണി മുഖര്‍ജിക്ക് (Indrani Mukerjea) ജാമ്യം ലഭിക്കുന്നത്. 2021 ല്‍ ബോംബെ ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
2012 ൽ ബാന്ദ്രയിലെ വസതിയിൽ വച്ചാണ് ഷീന കൊല്ലപ്പെടുന്നത്. 2015 ൽ ഇന്ദ്രാണിയുടെ ഡ്രൈവര്‍ ശ്യാംവർ റോയ് തോക്കുമായി പിടിയിലായതിനെ തുടര്‍ന്നാണ് ഷീന ബോറ കൊല്ലപ്പെട്ട വിവരം പുറത്തറിയുന്നത്. 2015 ലാണ് ഇന്ദ്രാണി അറസ്റ്റിലാവുന്നത്. ഇന്ദ്രാണിക്ക് ജാമ്യം ലഭിക്കുന്നതോടെ ഒരിക്കൽ കൂടി ചര്‍ച്ചയാവുകയാണ് അത്യപൂര്‍വ്വമായ കേസിലെ ഞെട്ടിക്കുന്ന, അവിശ്വസനീയമായ നാൾവഴി.
undefined
ആരാണ് ഷീനാ ബോറ, എന്താണ് ആ കൊലപാതകക്കേസ് ?
ഇത് നിഗൂഢമായ ഒരു കൊലപാതകത്തിന്റെ കഥയാണ്. അതുണ്ടാക്കിയ രാഷ്ട്രീയാഘാതങ്ങളുടെ കഥയാണ്. അതിൽ ഉൾപ്പെട്ടിട്ടുള്ള ചില ഉന്നതരായ സെലിബ്രിറ്റികൾ ചെന്നുപെട്ട മറ്റുചില പ്രശ്നങ്ങളുടെ കഥയാണ്. കഥയിലെ നായിക, അല്ല, പ്രതിനായികയുടെ പേരാണ് ഇന്ദ്രാണി മുഖർജി. സ്റ്റാർ ഇന്ത്യയുടെ മുൻ സിഇഒ, മാധ്യമരാജാവ്, INX മീഡിയ എന്ന സ്ഥാപനത്തിന്റെ ഉടമ പീറ്റർ മുഖർജിയുടെ രണ്ടാം ഭാര്യ. വിവാഹപൂർവപ്രേമബന്ധത്തിലുള്ള സ്വന്തം മകൾ ഷീന ബോറയെ, ആദ്യ ഭർത്താവായ സഞ്ജീവ് ഖന്നയോടൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ചുകൊന്നശേഷം, കാട്ടിനുള്ളിൽ കൊണ്ടുചെന്ന് ജഡം കത്തിച്ചുകളഞ്ഞ കേസിലെ ഒന്നാംപ്രതി. ഈ പേര് വേറെ എവിടെയോ കേട്ടിട്ടുണ്ട് എന്നാവും. ഉവ്വ്, മുന്‍ ധനമന്ത്രി പി ചിദംബരത്തെ ഇപ്പോൾ സിബിഐ കസ്റ്റഡിയിലാക്കിയിരിക്കുന്ന കുപ്രസിദ്ധമായ INX മീഡിയ സാമ്പത്തിക തട്ടിപ്പുകേസിലെയും പ്രതിയാണ് ഇന്ദ്രാണി മുഖർജി.സിബിഐയോട് സഹകരിക്കാനും ചിദംബരത്തിനെതിരെ മൊഴിനൽകാനും തയ്യാറായിരുന്നു ഇന്ദ്രാണി.
മകളെക്കൊന്ന്, തെളിവുകൾ വളരെ സമർത്ഥമായി നശിപ്പിച്ചശേഷം, ഒന്നും സംഭവിച്ചിട്ടില്ലെന്നും ഷീന വിദേശത്തു പോയതാണെന്നും വരുത്തി ഇന്ദ്രാണി. എന്നാൽ, വിധിവൈപരീത്യം സംഭവം നടന്ന് മൂന്നുവർഷത്തിനുള്ളിൽ നടന്ന ഒരു യാദൃച്ഛിക സംഭവത്തിന്റെ രൂപത്തിൽ വന്ന്, ഭൂതകാലത്തിൽ ഒളിപ്പിച്ചുവെച്ചിരുന്ന പാപത്തിന്റെ അസ്ഥികൂടം തോണ്ടി പുറത്തിട്ടു. സത്യങ്ങളൊക്കെയും വെളിപ്പെട്ടു. ഉപ്പുതിന്നവർ വെള്ളം കുടിച്ചുതുടങ്ങി. ഇനി പറയാൻ പോകുന്നത്, ആ നിഗൂഢപാപങ്ങളുടെ അവിശ്വസനീയമായ കഥകളാണ്.
സത്യം വെളിപ്പെട്ടുതുടങ്ങുന്നത് ഒരു പ്രഭാതസവാരിയോടെയാണ്. 2012 മെയ് 23 -ന് പുലർച്ചെ മഹാരാഷ്ട്രയിലെ ഒരു ഉൾപ്രദേശമായ ഹെട്‌വാനെയിലെ സാധാരണക്കാരിൽ സാധാരണക്കാരനായ പാട്ടീൽ എന്നൊരാൾ പ്രദേശത്തെ കാടിനുള്ളിലേക്ക് മാമ്പഴം തിരഞ്ഞു നടത്തിയ യാത്ര. പഴുത്തുവീഴുന്ന മാമ്പഴം പെറുക്കാൻ കുന്നുംമലയും കേറിയിറങ്ങി പാട്ടീൽ നടത്തിയ യാത്രക്കിടെയാണ് കരിയിലകൾക്കിടയിൽ പുതഞ്ഞുകിടന്നൊരു സ്ത്രീയുടെ ജഡം അദ്ദേഹത്തിന്റെ കണ്ണിൽപ്പെടുന്നത്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ദേഹം. മാംസം വെന്ത് എല്ലിൽ ഒട്ടിപ്പിടിച്ച അവസ്ഥ. നീണ്ടു തഴച്ചു വളർന്നുകിടന്നിരുന്ന തലമുടിയുടെ ചിലഭാഗങ്ങൾ അപ്പോഴും കരിയാതെ ബാക്കിവന്നിരുന്നു. സ്ത്രീ തന്നെ, പാട്ടീൽ ഉറപ്പിച്ചു. പാട്ടീലിന്റെ ആ കണ്ടുപിടുത്തം ഒരു തുടക്കമായിരുന്നു.
മുംബൈയിൽ നിന്ന് 52 കിലോമീറ്റർ അകലെയുള്ള ഒരു ഉൾഗ്രാമമാണ് ഹെട്‌വാനെ. അതിലൂടെ കടന്നുപോകുന്ന ടാർ റോഡിൽ നിന്നും പത്തുമിനിറ്റ് നടന്നാൽ പാട്ടീലിന്റെ വീടെത്തും. നാട്ടിലെ ഒരു ഉപകാരിയായിരുന്നു പാട്ടീൽ. മൂന്നുജോലികൾ ഒരേസമയം നോക്കിനടത്തിയാണ് ഉപജീവനം കഴിച്ചിരുന്നത്. കല്യാണത്തിന്റെ പന്തലുപണിയും പുഷ്‌പാലങ്കാരവുമാണ് പ്രധാന ജോലി. ഒഴിവുസമയങ്ങളിൽ ഓട്ടോറിക്ഷയും ഓടിക്കും. അവിടെ അടുത്തുതന്നെയുള്ള വെള്ളച്ചാട്ടം കാണാൻ വരുന്ന ടൂറിസ്റ്റുകളെ ടൗണിൽ നിന്നും കാഴ്ചകാണാൻ കൊണ്ടുപോകും തരംകിട്ടുമ്പോഴൊക്കെ. അതിൽനിന്നും കിട്ടും പാട്ടീലിന് തുച്ഛമായ ഒരു വരുമാനം. ഇതിനൊക്കെപ്പുറമെ, പാട്ടീൽ ഒരല്പം സാമൂഹ്യസേവനവും നടത്തിയിരുന്നു. ഗ്രാമീണരെ പൊലീസ് സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണി പാട്ടീലായിരുന്നു. നാട്ടിൽ പലതരം ശണ്ഠകൾ നടക്കും. കന്നുകാലി മോഷണം, കള്ളവാറ്റ്, ചില്ലറ തല്ലും പിടിയും ഒക്കെയായി അവിടെ നടക്കുന്ന പല പ്രശ്നങ്ങളും പൊലീസിൽ സംസാരിച്ച് തീർപ്പുണ്ടാക്കിക്കൊടുക്കുന്നത് പാട്ടീലാണ്.
റായ്ഗഡ് ജില്ലയിലെ ഘോരവനങ്ങളിലാണ് ഹെട്‌വാനെ എന്ന കൊച്ചുഗ്രാമം സ്ഥിതിചെയ്യുന്നത്. സാൽമരങ്ങൾക്കിടയിലൂടെ കുതിച്ചൊഴുകിക്കൊണ്ടിരിക്കുന്നൊരു നദിയുണ്ടവിടെ. ഇടക്കൊക്കെ കാട്ടിൽ ശവങ്ങൾ കണ്ടുകിട്ടാറുണ്ട്. മരിച്ചുവീഴുന്നതും, ആത്മഹത്യചെയ്യുന്നതുമൊക്കെയായി. ഇടക്കൊക്കെ ഒരു ഫോറൻസിക് അസിസ്റ്റന്റിനെ റോളിൽ ശവങ്ങൾ നീക്കം ചെയ്യാൻ പൊലീസിനെ പാട്ടീൽ സഹായിച്ചിരുന്നു. പിന്നെപ്പിന്നെ അത് പാട്ടീൽ നിർത്തിയതായിരുന്നു. എന്നാൽ, ഇത്തവണ കണ്ട ശവം പാട്ടീലിന്റെ ശ്രദ്ധയാകർഷിച്ചു. ആകെ എന്തോ പന്തികേടുണ്ടായിരുന്നു. ശവം പുറത്തുനിന്ന് എവിടെന്നോ കൊണ്ടുവന്നിട്ട് കത്തിച്ചപോലെ ഉണ്ടായിരുന്നു കാണാൻ. ചുറ്റുപാടുമുള്ള ചെടികളും കരിഞ്ഞിട്ടുണ്ട്. ശവം കൊണ്ടുവന്ന സ്യൂട്ട്കേസിന്റേതാകും ചില കരിഞ്ഞ പ്ലാസ്റ്റിക് കഷ്ണങ്ങളും കിടപ്പുണ്ടായിരുന്നു.
എന്തായാലും പാട്ടീൽ തന്റെ മൊബൈൽ ഫോണിൽ ആ കത്തിക്കരിഞ്ഞ ജഡത്തിന്റെ ഫോട്ടോ പിടിച്ചു. പെറുക്കിക്കൂട്ടിയ പത്തുപന്ത്രണ്ടു പഴുത്തമാങ്ങകൾ സുരക്ഷിതമായി വീട്ടിലേൽപ്പിച്ച ശേഷം, പാട്ടീൽ പൊലീസിന് ഫോൺ ചെയ്തു. പൊലീസ് സ്ഥലത്തെത്തി. അവിടെ കിടന്നിരുന്ന കത്തിക്കരിഞ്ഞ അവശിഷ്ടങ്ങളിൽ നിന്നും രണ്ടോ മൂന്നോ എല്ലിൻകഷ്ണങ്ങൾ ഡിഎൻഎ പരിശോധനകൾക്കായി മുംബൈയിലെ ഏതോ ആശുപത്രിയിലേക്കയച്ചു. അത് കേവലം ഔപചാരികത മാത്രമായിരുന്നു അവർക്ക്. പരിശോധനാഫലം വരുന്നതിന് കാത്തുനിൽക്കാതെ അഴുകിത്തുടങ്ങിയ മൃതദേഹാവശിഷ്ടങ്ങൾ, അവിടെ കൂടിയ ഗ്രാമീണരിൽ ഒരാൾക്ക് ചില്ലറക്കാശ് കൊടുത്ത്, അവ കണ്ടെത്തിയേടത്ത് തന്നെ മൂന്നടി ആഴത്തിലുള്ള ഒരു കുഴിയും കുഴിപ്പിച്ച് അതിനുള്ളിൽ മറവുചെയ്തു. അത് വളരെ സ്വാഭാവികമായൊരു പൊലീസ് നടപടി മാത്രമായിരുന്നു. അജ്ഞാതജഡം കണ്ടുകിട്ടുന്നു. തിരിച്ചറിയാനാകാത്ത വിധം കരിഞ്ഞുപോയ മൃതദേഹം. പരാതിയും പറഞ്ഞുകൊണ്ട് ആരും വന്നില്ല. പതിവുനടപടിക്രമങ്ങളനുസരിച്ച് ഫോറൻസിക് പരിശോധനകൾക്ക് സാമ്പിൾ മുംബൈയിലേക്ക് അയച്ച ശേഷം ജഡം മറവു ചെയ്യുക. അല്ലാതെ, ആ ഗ്രാമത്തിലെ പൊലീസ് മറ്റെന്തു ചെയ്യാനാണ്? ഇതുവരെ കഥയിൽ കാര്യമായ അസ്വാഭാവികതകളൊന്നുമില്ല.
റായ്‌ഗഡ് മുംബൈയുടെ പുറമ്പോക്കാണ്. ആർക്കും എന്തും കൊണ്ടുതള്ളാൻ എളുപ്പമുള്ള, അധികം ജനസാന്ദ്രതയില്ലാത്ത ഉൾപ്രദേശം. കാടാണ് അധികഭാഗവും. ഹെട്‌വാനെയിലെ മുപ്പത്തഞ്ച് ഗ്രാമങ്ങളിൽ ബീറ്റ് പട്രോൾ നടത്താൻ ആകെയുള്ളത് രണ്ട് കോൺസ്റ്റബിൾമാരാണ്. അവർക്കുള്ള ആകെ പ്രൊട്ടക്ഷൻ കയ്യിലുള്ള ലാത്തിയും. ഗ്രാമീണർക്ക് പലപ്പോഴും ഇങ്ങനെ മൃതദേഹങ്ങൾ വഴിവക്കിൽ കിടന്നുകിട്ടാറുണ്ട്. അവർ ഉടനെ പൊലീസിനെ അറിയിക്കും. അറിയിച്ചാലും സമയത്തിന് പൊലീസ് വന്നുകൊള്ളണമെന്നില്ല. നേരത്തോടുനേരം കഴിഞ്ഞാൽ, ശവം നാറിത്തുടങ്ങിയാൽ ചിലപ്പോൾ ഗ്രാമീണർ അതിനെ മറവുചെയ്‌തെന്നും വരും. ഇങ്ങനെ കിട്ടുന്ന എല്ലാ ശവങ്ങളെയും തിരിച്ചറിഞ്ഞു കൊള്ളണമെന്നുമില്ല പലപ്പോഴും.
അടുത്ത മൂന്നുവർഷക്കാലത്തേക്ക് ഈ ജഡത്തെപ്പറ്റി ആരും ഒന്നും പറഞ്ഞില്ല. പൊലീസും അതേപ്പറ്റി ആരോടും ചോദിച്ചില്ല. 2015 ഓഗസ്റ്റ് 28 -ന് പാട്ടീലിനെത്തേടി പൊലീസിന്റെ ഫോൺവിളി വരുന്നു. ഇത്തവണ മുംബൈ പോലീസിൽ നിന്നാണ്. അവർക്ക് അന്ന് ജഡം കിടന്നിരുന്ന സ്ഥലം ഒരിക്കൽ കൂടി കാണിച്ചുകൊടുക്കണമത്രേ. ഏതോ ഒരു കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുംബൈ പൊലീസിൽ നിന്നുമൊരു സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഹെട്‌വാനെയിലേക്ക് തിരിച്ചിട്ടുണ്ട്, അവർക്ക് വേണ്ട സഹായങ്ങൾ ചെയ്തുകൊടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഒക്കെ ചെയ്തുകൊടുക്കാമെന്ന് പാട്ടീൽ ഏൽക്കുകയും ചെയ്തു. ഒരു പട പൊലീസാണ് മുംബൈയിൽ നിന്നും ഹെട്‌വാനെയിലേക്കെത്തിയത്. കുഴിക്കാനുള്ള ഉപകരണങ്ങളും അതിനുവേണ്ടുന്ന ആൾബലവുമായാണ് അവർ എത്തിയത്. അടുത്ത ദിവസം പുലർച്ചെ ആറുമണിക്ക് പാട്ടീൽ പൊലീസ് സംഘത്തെ, മൃതദേഹം കണ്ടെടുത്ത, മൂന്നുവർഷം മുമ്പ് മറവുചെയ്ത, ഉൾക്കാട്ടിലെ ആ ലൊക്കേഷനിലേക്ക് കൊണ്ടുപോയി. മഴപെയ്ത് അവിടമാകെ വഴുക്കലായിരുന്നു. പാട്ടീൽ ചൂണ്ടിക്കാണിച്ച സ്ഥലം കുഴിച്ച അവർക്ക് ഒരു അസ്ഥികൂടം കിട്ടി. അതിന്റെ കൈകാലുകളിലെ അസ്ഥികൾക്ക് കേടുപാടൊന്നും ഉണ്ടായിരുന്നില്ല. മറ്റുള്ള എല്ലുകൾ അവിടവിടെ ഒടിഞ്ഞ അവസ്ഥയിലായിരുന്നു എന്ന് പാട്ടീൽ ശ്രദ്ധിച്ചു.
പിന്നാലെ നിരവധിവാഹനങ്ങളിലായി ചാനൽ റിപ്പോർട്ടർമാരും ക്യാമറ ക്രൂവും എത്തി. കേട്ടറിഞ്ഞ് അയൽഗ്രാമങ്ങളിൽ നിന്നുള്ളവരും വന്നുകൂടി. മൊബൈൽ ഫോണുകളിൽ ഗ്രാമീണരും തുരുതുരാ ദൃശ്യങ്ങൾ പകർത്തി. ആകെ ഒരു സർക്കസിന്റെ പ്രതീതി. ഈ കേസിന്റെ പ്രധാന്യം, അവർ കണ്ടെടുത്ത അസ്ഥികൂടത്തിന്റെ വിഐപി സ്റ്റാറ്റസ് അത് കുഴിച്ചെടുക്കാൻ വന്നവർക്കുമാത്രം അറിയാവുന്ന ഒരു രഹസ്യമായിരുന്നു. തികഞ്ഞ ജിജ്ഞാസയോടെ വിവരം തിരക്കിയ പാട്ടീലിനോട് മാത്രമായി പൊലീസുകാർ അത് വെളിപ്പെടുത്തി. കൊല്ലപ്പെട്ടിരിക്കുന്ന സ്ത്രീയുടെ പേര് ഷീനാ ബോറ. ഷീനയെ കൊന്നുകളഞ്ഞ കുറ്റത്തിന് പീറ്റർ മുഖർജി എന്ന മാധ്യമരാജാവിന്റെ ഭാര്യയായ ഇന്ദ്രാണി മുഖർജിയെ തലേദിവസം അറസ്റ്റു ചെയ്തിരിക്കുന്നു മുംബൈ പോലീസ്.
മുഖർജി ദമ്പതികൾ പീറ്ററും, ഇന്ദ്രാണിയും മുംബൈയിലെ 'എലീറ്റ്' അപ്പർക്ലാസിന്റെ ഭാഗമായിരുന്നു. സമ്പൽസമൃദ്ധിയിൽ മുങ്ങിക്കുളിച്ചുകൊണ്ടുള്ള ജീവിതം. 'പേജ് ത്രീ'കളിലെ സ്ഥിരസാന്നിധ്യമായിരുന്നു അവരിരുവരും. മുംബൈക്ക് മുഖർജി ദമ്പതികൾ സുപരിചിതരായിരുന്നു എങ്കിലും ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലും അവർ കുപ്രസിദ്ധിയാർജ്ജിച്ചത് ഷീനാ ബോറാ കൊലപാതകക്കേസ് വെളിച്ചത്തുവന്ന ശേഷമായിരുന്നു. അവരുടെ പക്കലുണ്ടായിരുന്ന അളവറ്റ സമ്പത്ത് അവരെ കുറ്റകൃത്യങ്ങളുടെ ലോകത്തെ വിശേഷസാന്നിധ്യമാക്കി. അവരുടെ കേസിന് വല്ലാത്തൊരു ജനശ്രദ്ധ കിട്ടി.
എന്നാൽ, കൊല്ലപ്പെട്ട ഷീന, അമ്മ ഇന്ദ്രാണിയുടെയോ രണ്ടാനച്ഛൻ പീറ്ററിന്റെയോ സമ്പത്തിന്റെ താരപ്രഭയിൽ അഭിരമിച്ചിരുന്ന ഒരാളല്ലായിരുന്നു. മുംബൈ മെട്രോ വണ്ണിലെ ഒരു HR എക്സിക്യൂട്ടീവായിരുന്നു ആ ഇരുപത്തിമൂന്നുകാരി. ഇന്ദ്രാണി മുഖർജിയുടെ തനിപ്പകർപ്പായിരുന്ന ഷീന അവരുടെ സഹോദരിയാണ് എന്ന് വിശ്വസിച്ചിരുന്ന മാധ്യമങ്ങൾക്ക് കൊലപാതകത്തിന്റെ അന്വേഷണത്തിനിടെ അമ്പരപ്പിക്കുന്ന ആ സത്യം വെളിപ്പെട്ടു. ഷീന, ഇന്ദ്രാണിയുടെ സഹോദരിയല്ല, മകൾ തന്നെയാണ്.
സ്റ്റാർ ഇന്ത്യയുടെ സിഇഒ ആയിരുന്നു പീറ്റർ മുഖർജി. റുപർട്ട് മർഡോക്ക് എന്ന അമേരിക്കൻ മാധ്യമരാജാവിന്റെ ഇന്ത്യൻ മുഖം. ഇന്ത്യയിലെ കേബിൾ ചാനൽ വിപ്ലവത്തിന്റെ ആദ്യ ഗുണഭോക്താക്കളിൽ ഒരാളായിരുന്നു പീറ്റർ മുഖർജിയും അദ്ദേഹം നയിച്ചിരുന്ന സ്റ്റാർ ടിവിയും. നാല്പതിലധികം ചാനലുകളുടെ ഒരു സഞ്ചയമായിരുന്നു സ്റ്റാർ ഗ്രൂപ്പ്. 'കോൻ ബനേഗാ കറോഡ്‍പതി' പോലുള്ള ജനപ്രിയ ഗെയിം ഷോകളിലൂടെയും സൂപ്പർ ഹിറ്റ് സീരിയലുകളിലൂടെയും ന്യൂസ് ചാനലുകളിലൂടെയും ഇന്ത്യയിലെ നാലിലൊന്ന് പ്രേക്ഷകരെയും കയ്യടക്കി വെച്ചിരുന്ന ഒരു വൻസ്വാധീനശക്തി. ഡൂൺ സ്‌കൂളിലും, യുകെയിലുമൊക്കെയായി വിദ്യാഭ്യാസം കഴിഞ്ഞ് ഹീൻസിലും ഒളിഗ്വി&മേത്തറിലും ഒക്കെ പരസ്യരംഗത്ത് പയറ്റിത്തെളിഞ്ഞ പീറ്റർ എന്ന പ്രതിം മുഖർജി, തന്റെ കരിയറിന്റെ ഉത്തരാർദ്ധത്തിലാണ് സ്റ്റാർ ഗ്രൂപ്പിൽ വന്നു കൂടുന്നതും തലപ്പത്തെത്തുന്നതും.
ഇന്ത്യ ടുഡേ 2004 -ൽ പുറത്തിറക്കിയ ഇന്ത്യയിലെ '50 പവർ പീപ്പിൾ' ലിസ്റ്റിൽ പീറ്റർ മുഖർജിയും ഇടംനേടി. സ്വന്തമായി ലാൻഡ് ക്രൂയിസർ പ്രാഡോ ഓടിച്ച് ഓഫീസിൽ പോകുമായിരുന്ന പീറ്റർ നല്ല ഉയരവും സാൾട്ട് ആൻഡ് പെപ്പർ മീശയുമുള്ള ഒരു ആജാനുബാഹുവായിരുന്നു. മുംബൈ പാർട്ടി സർക്യൂട്ടിലെ സ്ത്രീകൾക്കിടയിൽ പീറ്റർ തന്റെ മുഷ്കിന് കുപ്രസിദ്ധനായിരുന്നു. ആദ്യവിവാഹബന്ധം വേർപെടുത്തിയ, മുതിർന്ന രണ്ട് ആൺമക്കളുടെ അച്ഛനായ പീറ്റർ, ഇന്ദ്രാണി ബോറ എന്ന യുവതിയെ പരിചയപ്പെടുന്നത് 2001 -ലാണ്. അന്നവർ ഒരു എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ് സർവീസ് ഏജൻസി നടത്തുകയായിരുന്നു. ഇന്ദ്രാണിക്ക് അന്ന് പ്രായം മുപ്പതുവയസ്സുമാത്രം. പീറ്ററിന് നാല്പത്തിയാറും.
പീറ്ററിന്റെ ജീവിതത്തിലേക്ക് എങ്ങനെയാണ് ഇന്ദ്രാണി ബോറ എന്ന ആസാമീസ് യുവതി ക്രാഷ് ലാൻഡ് ചെയ്തത് എന്നതിനെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല. 2002 -ൽ, ഇന്ദ്രാണിയോടൊപ്പമുള്ള തന്റെ നാലാമത്തെ ഡേറ്റിൽ പീറ്റർ വിവാഹാഭ്യർത്ഥന നടത്തി. The Times ആ വാർത്ത ബ്രേക്ക് ചെയ്തു. രണ്ടുപേരും നേരത്തെ വിവാഹം കഴിച്ചവരായിരുന്നു. വിവാഹമോചനം നടത്തിയവരും. ഇരുവർക്കും മുൻവിവാഹങ്ങളിൽ വേറെ കുട്ടികളുമുണ്ടായിരുന്നു. പീറ്ററിന് രാഹുൽ എന്ന പതിനെട്ടുവയസ്സുള്ള ഒരു മകനും, ഇന്ദ്രാണിക്ക് വിദ്ധി എന്ന ഒരു മകളും. റുപർട്ട് മർഡോക്കിന്റെ മകൻ ജെയിംസ് ആ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. പീറ്ററിന്റെ കുടുംബം വിവാഹച്ചടങ്ങിൽ പങ്കുചേർന്നെങ്കിലും, ഇന്ദ്രാണിയുടെ ഭാഗത്തുനിന്നും എന്തുകൊണ്ടോ ആരും ചടങ്ങിൽ സംബന്ധിച്ചില്ല.
വിവാഹം കഴിഞ്ഞ് അധികം താമസിയാതെ ഇന്ദ്രാണിയുടെ ഒരു ബന്ധു, അസാമിൽ നിന്നുള്ള ഒരു അർദ്ധസഹോദരി, മുംബൈ സെന്റ് സേവിയേഴ്‌സ് കോളേജിൽ ബിരുദപഠനത്തിനായി മുംബൈയിൽ അവരോടൊപ്പം വന്നു താമസമാക്കി. പേര് ഷീനാ ബോറ. അമ്മയുടെ സഹോദരി എന്ന നിലയ്ക്ക് വിദ്ധിക്ക് ഷീന ചെറിയമ്മയുടെ സ്ഥാനത്തായിരുന്നു അപ്പോൾ. ഷീന, വിദ്ധി, ഇന്ദ്രാണി - ഇവർ മൂന്നുപേരും ചേർന്നാണ് അന്നൊക്കെ പാർട്ടികളിൽ പങ്കെടുത്തിരുന്നത്. അവിടെ കഴിഞ്ഞുകൊണ്ട് കോളേജ് വിദ്യാഭ്യാസം പിന്നിട്ട കാലത്ത്, ഷീന പീറ്ററിന്റെ മകൻ രാഹുലുമായി അടുത്തു.
അതിനിടെ പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവെച്ച് INX മീഡിയ എന്ന ഒരു സ്ഥാപനം തുടങ്ങി. അവരുടെ ന്യൂസ് ചാനലായിരുന്നു NewsX. പീറ്റർ മുഖർജി ചെയർമാൻ. ഇന്ദ്രാണിക്ക് ടോപ്പ് എക്സിക്യൂട്ടീവ് സ്ഥാനങ്ങളിൽ ഒന്നും. ആദ്യറൗണ്ടിൽ തന്നെ 17 കോടി ഡോളർ അവർക്ക് വിദേശ നിക്ഷേപമായി കിട്ടി. ഈ നിക്ഷേപമാണ് ചിദംബരത്തിന്റെ അറസ്റ്റിലേക്കുവരെ എത്തിച്ച സിബിഐ കേസിന് കാരണമായത്. ചിദംബരത്തിന്റെ മകൻ കാർത്തിയുടെ സുഹൃത്തായിരുന്നു അന്ന് INX മീഡിയയുടെ ഓഡിറ്റർ ആയി ജോലി ചെയ്തിരുന്നത്. ഇവർക്ക് കിട്ടിയ വിദേശനിക്ഷേപത്തെ 'ഡൗൺ സ്ട്രീം' ചെയ്ത് ഇവരുടെ തന്നെ സ്ഥാപനമായ INX ന്യൂസിലേക്ക് നിക്ഷേപിച്ച പ്രക്രിയയിൽ ഗുരുതരമായ FIPB അനുമതി ലംഘനങ്ങൾ ഉണ്ടായി എന്നും, അതുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന നിയമനടപടികളും വൻപിഴകളും ഒഴിവാക്കാൻ കാർത്തി വഴി അന്ന് ധനവകുപ്പുമന്ത്രി ആയിരുന്ന ചിദംബരത്തെ സ്വാധീനിച്ചു എന്നും, ചിദംബരം വേണ്ട വിട്ടുവീഴ്ചകൾ ചെയ്തുകൊടുത്തു എന്നുമാണ് സിബിഐ കേസ്. അതിന്റെ നടപടികൾക്കൊടുവിലാണ് ചിദംബരം ഇപ്പോൾ തടവിലായിരിക്കുന്നത്.
INX മീഡിയ താമസിയാതെ നിരവധി വിവാദങ്ങൾക്കു കാരണമായി. NewsX ചാനലിൽനിന്നും നിരവധിപേർ അഭിപ്രായവ്യത്യാസങ്ങളുടെ പേരിൽ രാജിവെച്ചുപോയി. സ്ഥാപനത്തിലെ സമ്മർദ്ദങ്ങൾ താങ്ങാനാവാതെ ഒടുവിൽ മുഖർജി ദമ്പതികൾ രാജിവെച്ചു. അവർ ഇംഗ്ലണ്ടിലേക്ക് താമസം മാറ്റി. സ്‌പെയിനിൽ ഒരു ആഡംബരവില്ല വാങ്ങി അവിടെ അവധിക്കാലം ചെലവിട്ടു. ഒടുവിൽ വർഷങ്ങൾ നീണ്ട വിദേശവാസം അവസാനിപ്പിച്ച അവർ വീണ്ടും മുംബൈയിലേക്ക് തിരിച്ചുവന്നു. പാർട്ടി സർക്യൂട്ടുകളിലേക്ക് അവർ തിരികെ വന്നുതുടങ്ങി.
പിന്നീടുള്ള കുറച്ചുകാലം മുഖർജി ദമ്പതികളുടെ ജീവിതത്തിൽ പലതും നടന്നു. പക്ഷേ, അതൊക്കെ പുറംലോകമറിയാൻ 2015 ഓഗസ്റ്റ് 25 -ന് മുംബൈ പോലീസ് ഇന്ദ്രാണി മുഖർജിയെ അറസ്റ്റു ചെയ്യുന്നതുവരെ കാക്കേണ്ടിവന്നു. അന്നേ ദിവസമാണ് മുംബൈ മിറർ പത്രത്തിൽ മീനൽ ബാഗലിന്റെ ഒരു സ്‌കൂപ്പ് പ്രസിദ്ധപ്പെടുത്തുന്നത്. 'പ്രൈം ടൈം മർഡർ' എന്നായിരുന്നു അതിന്റെ തലക്കെട്ട്. ഷീനാ ബോറ കൊല്ലപ്പെട്ടിരിക്കുന്നു. തികച്ചും യാദൃച്ഛികമായിട്ടാണ് മുംബൈ പൊലീസ് ആ കൊലപാതകത്തെപ്പറ്റി അറിയാനിടയാകുന്നത്. ഏതോ പെറ്റിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റുചെയ്ത ഇന്ദ്രാണി മുഖർജിയുടെ ഡ്രൈവർ ശ്യാംവർ റായി പൊലീസിന്റെ ചോദ്യംചെയ്യലിനിടെ അവർ പ്രതീക്ഷിക്കാതിരുന്ന ഒരു കുറ്റം കൂടി ഏറ്റുപറഞ്ഞു. ഇന്ദ്രാണി മുഖർജിയും അവരുടെ ആദ്യ ഭർത്താവും, മകൾ വിദ്ധിയുടെ അച്ഛനുമായ സഞ്ജീവ് ഖന്നയും ചേർന്ന് ഷീനാ ബോറയെ ശ്വാസം മുട്ടിച്ചു കൊന്നെന്നും ശവം റായ്ഗഡിനടുത്തുള്ള ഏതോ കാട്ടിനുള്ളിൽ കൊണ്ടിട്ടു കത്തിച്ചുകളയാൻ താൻ സഹായം ചെയ്തു എന്നുമായിരുന്നു ഡ്രൈവറുടെ മൊഴി.
ഈ കേസുമായി ബന്ധപ്പെട്ടാണ് റായ്ഗഡ്, ഹെട്‌വാനെയിലെ പാട്ടീലിന് മുംബൈ പോലീസിന്റെ വിളി ചെല്ലുന്നതും ഷീനയുടെ മൃതദേഹാവശിഷ്ടങ്ങൾ കാട്ടിനുളിൽ നിന്നും കണ്ടെടുക്കപ്പെടുന്നതും. ഇന്ദ്രാണിയെ അറസ്റ്റു ചെയ്ത് ചോദ്യം ചെയ്ത പൊലീസുകാർക്ക് അമ്പരപ്പിക്കുന്ന ഒരു രഹസ്യം കൂടി അറിയാൻ കഴിഞ്ഞു. ഷീന ബോറ, ഇന്ദ്രാണിയുടെ വകയിലൊരു അനുജത്തിയാണ് എന്ന് പറഞ്ഞിരുന്നത് കള്ളമായിരുന്നു. അവർക്ക് സഞ്ജീവ് ഖന്നയുമായുള്ള തന്റെ ആദ്യവിവാഹത്തിനു മുമ്പ്, കാമുകനായ സിദ്ധാർഥ് ദാസിൽ ജനിച്ച മകളാണ് ഷീന. മുംബൈയിലേക്ക് കരിയർ ശ്രദ്ധിക്കാനായി പറിച്ചുനട്ടപ്പോൾ മകളെ അവളുടെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും അടുത്തുവിട്ടിട്ടാണ് ഇന്ദ്രാണി പോയത്. പിന്നീട് പീറ്ററിനെ വിവാഹം കഴിച്ച ശേഷമാണ് സഹോദരി എന്ന് പരിചയപ്പെടുത്തിക്കൊണ്ട് തന്റെ മകളെ അവർ ഒപ്പം കൂട്ടുന്നത്.
ഷീന ബോറയെ തന്റെ മകളായി ഇന്ദ്രാണി ഒരിക്കലും പരസ്യമായി അംഗീകരിച്ചിരുന്നില്ല. ഷീനയും അമ്മയുടെ സമ്പത്തിന്റെ താരത്തിളക്കത്തിൽ നിന്നും കഴിയുന്നത്ര ദൂരെ മാറിനിന്നു. മുംബൈ മെട്രോ വണ്ണിൽ എച്ച് ആർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിരുന്ന ഷീന ഒരൊറ്റ തെറ്റുമാത്രമേ ചെയ്തുള്ളൂ. പീറ്റർ മുഖർജിയുടെ ആദ്യവിവാഹത്തിലെ മകൻ രാഹുലിനെ പ്രണയിച്ചു. അവനോടൊപ്പം ഒരു വിവാഹജീവിതം കരുപ്പിടിപ്പിക്കാൻ ആഗ്രഹിച്ചു. അതിനെതിരായിരുന്നു ഇന്ദ്രാണി. മകളെ രാഹുലുമായുള്ള പ്രണയത്തിൽ നിന്നും പിന്തിരിപ്പിക്കാൻ ഇന്ദ്രാണി പരമാവധി ശ്രമിച്ചെങ്കിലും ഷീന വഴങ്ങിയില്ല. രാഹുൽ മുറയ്ക്ക് ഇന്ദ്രാണിയ്‌ക്ക് മകനായി വരും. അതുകൊണ്ടുതന്നെ അങ്ങനെയൊരു ബന്ധം ഇന്ദ്രാണിക്ക് സമ്മതമായിരുന്നില്ല. മാത്രവുമല്ല, ഷീന, പീറ്ററിന്റെ മകൻ രാഹുലിനെ വിവാഹം കഴിച്ചാൽ പീറ്ററിൽ നിന്നും തനിക്ക് കിട്ടാനിരിക്കുന്ന സ്വത്തു മുഴുവൻ സ്വന്തമാക്കിക്കളയുമോ എന്ന ഭയവും ഇന്ദ്രാണിക്കുണ്ടായിരുന്നു. പീറ്ററും ഇന്ദ്രാണിയും ചേർന്ന് INX മീഡിയയിൽ നിന്നും തട്ടിയെടുത്ത പണം ഷീന ബോറയുടെ പേരിൽ ഓഫ്‌ഷോർ അക്കൗണ്ടിൽ പാർക്ക് ചെയ്തതുമായി ബന്ധപ്പെട്ടു നടന്ന സാമ്പത്തിക തർക്കങ്ങളാണ് കൊലയ്ക്ക് കാരണമെന്നും അഭ്യൂഹങ്ങളുണ്ട്.
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മകളുടെ ഫോണിൽ നിന്നും കാമുകനും പ്രതിശ്രുതവരനുമായ രാഹുലിന് ബ്രേക്ക് അപ്പ് സന്ദേശമയച്ചു. പിന്നെ ഫോൺ സ്വിച്ചോഫ് ചെയ്തു. മകൾ വിദേശത്തേക്ക് പോയി എന്ന് നാട്ടിൽ പറഞ്ഞുപരത്തി. അതൊക്കെയും മാലോകർ വിശ്വസിക്കുകയും ചെയ്തു. എന്നാൽ, അവർ ഈ ക്രിമിനൽ ഗൂഢാലോചനയിൽ കൂടെക്കൂട്ടിയ ഒരാൾ, അവരുടെ ഡ്രൈവർ ശ്യാംവർ റായി - അതായിരുന്നു ഇന്ദ്രാണിക്ക് പറ്റിയ ഏകപിഴ. നിയമത്തിന് അവരെ പിടികൂടാനായി അവശേഷിപ്പിച്ച ഒരേയൊരു ലൂപ്പ് ഹോൾ. അതിൽ പിടിച്ചുകേറിയ പൊലീസ് ഒടുവിൽ ആ കേസിൽ ഇന്ദ്രാണി മുഖർജിയെ അറസ്റ്റുചെയ്തു. കേസിന്റെ വിചാരണ തീർന്നിട്ടില്ല ഇതുവരെ. ഇന്ത്യൻ നീതിന്യായവ്യവസ്ഥയുടെയും പൊലീസ് അന്വേഷണങ്ങളുടെയും ചരിത്രത്തിലെ ഒരു നാഴികക്കല്ലു കൂടിയാണ് ഈ കേസ്.