തട്ടുകടകളിലും പച്ചക്കറി കടകളിലും മോഷണം, തെറ്റിദ്ധരിപ്പിക്കാൻ ഫോട്ടോ വിതറൽ; ലോട്ടറി വിൽപ്പനക്കാരൻ പിടിയിൽ

By Web Team  |  First Published Nov 27, 2023, 9:53 PM IST

തുടര്‍ച്ചയായി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നതോടെ ഹരിപ്പാട് പൊലീസ് രാത്രികാലങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു.


ഹരിപ്പാട്: തട്ടുകടകളിലും പച്ചക്കറി കടകളിലും മോഷണം നടത്തിയ ലോട്ടറി കച്ചവടക്കാരനായ പ്രതി പിടിയില്‍. മണ്ണാറശാല മുളവന തെക്കതില്‍ മുരുകന്‍ ആണ് പൊലീസ് പിടിയിലായത്. പകല്‍ സമയങ്ങളില്‍ ഹരിപ്പാട് നഗരപ്രദേശത്ത് കറങ്ങി നടന്ന് ലോട്ടറി വില്‍പന നടത്തുന്ന പ്രതി സിസി ടിവി ഇല്ലാത്ത പ്രദേശങ്ങളിലെ തട്ടുകടകളിലും പച്ചക്കറി കടകളിലും ആണ് മോഷണം നടത്തിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.

തുടര്‍ച്ചയായി വ്യാപാര സ്ഥാപനങ്ങളില്‍ മോഷണം നടന്നതോടെ ഹരിപ്പാട് പൊലീസ് രാത്രികാലങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം പുലര്‍ച്ചെ രണ്ടു മണിയോടു കൂടി ടൗണ്‍ ഹാള്‍ ജംഗ്ഷന്‍ സമീപമുള്ള പച്ചക്കറി കടയില്‍ മോഷണത്തിനിടയില്‍ പൊലീസിന്റെ പിടിയിലാകുകയായിരുന്നു. മോഷണത്തിന് കയറുന്ന വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും രൂപ ലഭിച്ചില്ലെങ്കില്‍ സാധനങ്ങളും മറ്റും മോഷ്ടിക്കുകയും ചെയ്യുന്ന രീതിയായിരുന്നു മുരുകന്‍ സ്വീകരിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതി പിടിയിലായ സമയത്ത് ഒരു ബക്കറ്റ് നിറയെ സാധനങ്ങളും കൈവശമുണ്ടായിരുന്നു. ഈ സ്ഥാപനത്തില്‍ 9 തവണയാണ് മുരുകന്‍ മോഷണത്തിന് വേണ്ടി കയറിയതെന്നും പൊലീസ് അറിയിച്ചു. 

Latest Videos

undefined

പൊലീസിനെ തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടി മോഷണം നടക്കുന്ന കടകളിലെ മേശയ്ക്ക് മുകളില്‍ ആരുടെയെങ്കിലും ഫോട്ടോകള്‍ ഉപേക്ഷിച്ചിട്ട് പോകുമായിരുന്നു. മോഷ്ടിച്ച പേഴ്‌സില്‍ നിന്നും ലഭിച്ച ഫോട്ടോകളാണ് ഇവയെന്നും പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രതി നേരത്തെയും നിരവധി  മോഷണ കേസുകളില്‍ പിടിയിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഹരിപ്പാട് എസ്എച്ച്ഒ ശ്യാംകുമാര്‍ വിഎസ്, എസ്‌ഐമാരായ ഷെഫീഖ്, ഷൈജ, രാജേഷ് ഖന്ന, സിപിഒമാരായ സനീഷ് കുമാര്‍, നിഷാദ് എ, അല്‍ അമീന്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്.

ഉഴിച്ചില്‍ കേന്ദ്രത്തില്‍ വച്ച് പരിചയം, വിസ വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങള്‍; ഒടുവിൽ ബാവാ കാസിം പിടിയില്‍ 
 

tags
click me!