'ആഷിഖിന്‍റെ ഫോണിൽ മറ്റ് പെൺകുട്ടികളുടെ ഫോട്ടോ, മെസേജ്'; ക്രൂര 'വിധി' നടപ്പാക്കിയത് ഫൗസിയ ചോദ്യം ചെയ്തപ്പോൾ

By Web TeamFirst Published Dec 2, 2023, 12:42 PM IST
Highlights

പ്രതിയുടെ മൊബൈൽ  ഫോണിൽ മറ്റു പെൺകുട്ടികൾക്കൊപ്പമുള്ള ചിത്രവും മെസേജും കണ്ടതിനെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

ചെന്നൈ: ചെന്നൈയില്‍ മലയാളി യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലം തെന്മല സ്വദേശിയും നഴ്‌സിങ് വിദ്യാര്‍ത്ഥിയുമായ ഫൗസിയയെ സുഹൃത്തും കൊല്ലം സ്വദേശിയുമായ ആഷിഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത് വാക്കുതർക്കത്തിന് പിന്നാലെയെന്ന് പൊലീസ്. ആഷിഖും ഫൗസിയയും കഴിഞ്ഞ മൂന്ന് ദിവസമായി ഒരുമിച്ചായിരുന്നു. ഇതിനിടെ ഇയാളുടെ മൊബൈൽ  ഫോണിൽ മറ്റു പെൺകുട്ടികൾക്കൊപ്പമുള്ള ചിത്രവും മെസേജും കണ്ടതിനെ ചൊല്ലി ഇരുവരും വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കൊലപാതകത്തിന് ശേഷം പ്രതി ഫൗസിയ മരിച്ച് കിടക്കുന്ന ചിത്രം വാട്ട്സ്ആപ്പ് സ്റ്റാറ്റസ് ആക്കുകയും യുവതിയുടെ പിതാവിന് അയച്ച് കൊടുക്കുകയും ചെയ്തതോടെയാണ് അതിക്രൂര കൊലപാതകം പുറത്തറിയുന്നത്. അഞ്ച് വർഷം തനിക്കൊപ്പം ഉണ്ടായിരുന്നിട്ട് ഒടുവിൽ ചതിച്ചു, അതിന് എന്‍റെ സ്വന്തം കോടതിയിൽ ശിക്ഷ എന്നായിരുന്നു പ്രതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസ്. എന്നാൽ പൊലീസ് ചോദ്യം ചെയ്യലിൽ ആണ് യുവാവിന് മറ്റ് പെൺകുട്ടികളുമായുള്ള അടുപ്പത്തെ ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് കൊലപാതകമെന്ന് കണ്ടെത്തുന്നത്. 

Latest Videos

ക്രോംപേട്ട പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യൽ തുടരുകയാണ്.  ആഷിഖ് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മകൾ പറഞ്ഞതായി പെൺകുട്ടിയുടെ പിതാവ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യവും പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസമാണ് ചെന്നൈയിലെ ഹോട്ടൽ മുറിയിൽ മലയാളി നഴ്‌സിംഗ് വിദ്യാർത്ഥിനിയെ കാമുകൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. വാട്ട്സ്ആപ്പ് സ്റ്റാറ്റസ് കണ്ട സുഹൃത്തുക്കൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഹോട്ടലിലെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും പെൺകുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

പെൺകുട്ടിയും ആഷിഖും അഞ്ച് വർഷമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രായപൂർത്തിയാകുന്നതിന് മുമ്പ് വിവാഹം കഴിച്ചതിന് ആഷിഖിനെതിരെ പോക്സോ കേസ് ചുമത്തി നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജയിൽ മോചിതനായ ശേഷം ഫൗസിയയുമായി ബന്ധം നിലനിർത്താനായാണ് ആഷിഖ് ചെന്നൈയിലെത്തിയത്.  ആഷിഖ്  ഫൗസിയയെ വിവാഹം കഴിക്കാൻ  തയാറെന്ന്  അറിയിച്ചെങ്കലും ഫൗസിയയുടെ കുടുംബം സമ്മതിച്ചിരുന്നില്ലെന്നാണ് സൂചന. ഇതടക്കമുള്ള വൈരാഗ്യം കാെലപാതകത്തിന് കാരണമായേക്കാമെന്നാണ് പൊലീസ് പറയുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Read More : തട്ടിക്കൊണ്ടുപോകല്‍; പ്രതിയുടെ മകൾ അനുപമ അര മില്ല്യണ്‍ ഫോളോ ചെയ്യുന്ന യൂട്യൂബ് താരം, വീഡിയോകൾ വൈറൽ!

click me!