ഡാന്‍സ് ഫ്ലോറില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ ക്ലിപ്പുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് പൊലീസിനും സഹായകമായി,
മുസഫര്‍നഗര്‍: ആഡംബര ഹോട്ടലിലെ ഡാന്‍സ് ഫ്ലോറില്‍ വെച്ച് സ്ത്രീകളെ അപമാനിച്ച കുറ്റത്തിന് നാല് യുവാക്കള്‍ പിടിയിലായി. ആഗ്രയിലെ താജ്‍ഗഞ്ച് പൊലീസ് സ്റ്റേഷന് സമീപമുള്ള ഹോട്ടലിലായിരുന്നു സംഭവം. യുവാക്കള്‍ നാല് പേരും മദ്യ ലഹരിയിലായിരുന്നു. ആഗ്ര സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളായ യുവതികളെയാണ് ഇവര്‍ ഉപദ്രവിച്ചത്.
സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ക്ക് നേരെയാണ് യുവാക്കളുടെ ഉപദ്രവമുണ്ടായത്. ഇവരും ഒപ്പമുണ്ടായിരുന്ന മറ്റുള്ളവരും പ്രതിരോധിച്ചതോടെ അസഭ്യം പറയാനും ശല്യം ചെയ്യാനും തുടങ്ങി. പിന്നാലെ കുടുംബത്തിലെ മറ്റുള്ളവരെയും യുവാക്കള്‍ കൈയേറ്റം ചെയ്യാന്‍ തുടങ്ങിയതോടെ പ്രശ്നം ഗുരുതരമായി. ഡാന്‍സ് ഫ്ലോറിലുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതിനിടെ പൊലീസ് എത്തുമെന്ന് ആയതോടെ നാല് പേരും ഹോട്ടലില്‍ നിന്ന് ഇറങ്ങിയോടി.
undefined
ഡാന്‍സ് ഫ്ലോറില്‍ നടന്ന സംഭവങ്ങളുടെ വീഡിയോ ക്ലിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കുന്നുണ്ട്. ഈ വീഡിയോ തന്നെയാണ് യുവാക്കളെ കണ്ടെത്താന്‍ പൊലീസിന് സഹായകമായതെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ രൂരജ് റായ് പറഞ്ഞു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വിനോദ സഞ്ചാരികളുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്നത് കാണാം. യുവാക്കളില്‍ ഒരാള്‍ കസേര എടുത്ത് അടിക്കാന്‍ ശ്രമിക്കുന്നതും അപ്പോഴേക്കും ഹോട്ടല്‍ ജീവനക്കാരും മറ്റുള്ളവരും ഇടപെടുന്നതും ദൃശ്യങ്ങളിലുണ്ട്. മാല്‍പുര സ്വദേശികളായ യോഗേന്ദ്ര കുമാര്‍, നിതിന്‍ സിങ്, പരിസര പ്രദേശങ്ങളില്‍ തന്നെ താമസിക്കുന്ന രാഹുല്‍ കുമാര്‍, ഭൂപേന്ദ്ര എന്നിവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. എല്ലാവരും 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്.
ആഗ്ര സന്ദര്‍ശിക്കാനായി കുടുംബാംഗങ്ങളോടൊപ്പം എത്തിയതായിരുന്നുവെന്നും ഹോട്ടലില്‍ വെച്ച് അപരിചിതരായ നാലോ അഞ്ചോ പേര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നു. മദ്യക്കുപ്പികള്‍ പൊട്ടിച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ചു. സംഘത്തിലെ ആരെയും തങ്ങള്‍ക്ക് അറിയില്ലായിരുന്നുവെന്നും പെണ്‍കുട്ടികളെയാണ് ഇവര്‍ ലക്ഷ്യം വെച്ചതെന്നും പരാതിയില്‍ ആരോപിച്ചു. പരാതി പ്രകാരം വിവിധ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...