ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി സംഭരിച്ചുവെക്കാനാണ് വൻതോതിൽ മദ്യക്കടത്ത് നടത്തിയത്. മാഹിയിലെ മദ്യലോബിയാണ് കടത്തിന് പിന്നിലെന്നാണ് എക്സൈസിന്‍റെ സംശയം.
കണ്ണൂർ: മാഹിയിൽ നിന്ന് കടത്തുകയായിരുന്ന 733 ലിറ്റർ മദ്യം കണ്ണൂരിൽ എക്സൈസ് പിടികൂടി. എൺപതിലധികം പെട്ടികളിലായാണ് ഗുഡ്സ് ഓട്ടോയിൽ മദ്യം കടത്തിയത്. മദ്യം കടത്താന്‍ ശ്രമിച്ച ഗുഡ്സ് ഓട്ടോ ഡ്രൈവരെ എക്സൈസ് അറസ്റ്റ് ചെയ്തു.
തലശ്ശേരി ന്യൂമാഹിയിൽ വെച്ചാണ് 83 കെയ്സുകളിലായി കടത്തിയ മാഹി മദ്യം പിടിച്ചത്. എക്സൈസ് ഇന്‍റലിജൻസിലെ പ്രിവന്‍റീവ് ഓഫീസർ സുകേഷ് കുമാറിന് കിട്ടിയ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ക്രിസ്മസ് പുതുവത്സര ആഘോഷത്തിന്‍റെ ഭാഗമായി സംഭരിച്ചുവെക്കാനാണ് വൻതോതിൽ മദ്യക്കടത്ത് നടത്തിയത്. ഒരു രേഖയുമുണ്ടായിരുന്നില്ല. വാഹനം ഓടിച്ചിരുന്ന അഴിയൂർ സ്വദേശി ചന്ദ്രനെയാണ് എക്സൈസ് പിടികൂടിയത്. മാഹിയിലെ മദ്യലോബിയാണ് കടത്തിന് പിന്നിലെന്നാണ് എക്സൈസിന്‍റെ സംശയം.
അതേസമയം, ക്രിസ്മസ് പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് എക്സൈസ്. ഈ മാസം 11 ദിവസത്തിനിടെ മാത്രം 223 കേസുകളാണ് എടുത്തത്. 433 കിലോ നിരോധിത പുകയില ഉത്പന്നങ്ങളും എക്സൈസ് പിടികൂടി. 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ തല കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.