'ആദ്യം നിരീക്ഷണം, പിന്നീട് ആളില്ലാത്ത സമയത്ത് കൂട്ടത്തോടെ എത്തി മോഷണം'; മൂന്ന് പേർ പിടിയിൽ

By Web Team  |  First Published May 31, 2024, 11:39 PM IST

കേരളത്തിലെ വിവിധ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് കളമശേരി പൊലീസ്.


കൊച്ചി: ആക്രി പെറുക്കാനെന്ന വ്യാജേന എത്തി വീടുകളിലും സ്ഥാപനങ്ങളിലും കയറി മോഷണം നടത്തുന്ന തമിഴ്‌നാട് സ്വദേശികള്‍ കളമശേരി പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശികളായ കാളിയമ്മ, സുജാത, നാഗമ്മ എന്നിവരാണ് പിടിയിലായത്.

കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. 'ആക്രി പെറുക്കാന്‍ എന്ന വ്യാജേന  വീടുകളിലെയും സ്ഥാപനങ്ങളിലെയും പരിസരത്തെത്തി നിരീക്ഷണം നടത്തിയ ശേഷം ആളില്ലാത്ത സമയം കൂട്ടത്തോടെ എത്തി വിലപിടിപ്പുള്ള സാധനസാമഗ്രികള്‍ മോഷണം നടത്തി കടന്നു കളയുകയാണ് ഇവരുടെ രീതി. 23ന് വ്യാഴാഴ്ച ഇടപ്പള്ളി ടോള്‍ ജംഗ്ഷന് സമീപം സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന എബിസി എംപോറിയം എന്ന സ്ഥാപനത്തില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.'

Latest Videos

undefined

'പുതുതായി വന്ന ബാത്ത്‌റൂം ഫിറ്റിംഗ് ഉല്‍പ്പന്നങ്ങള്‍ ഡിസ്‌പ്ലേക്ക് വയ്ക്കുന്നതിനു മുന്നോടിയായി കടയുടെ പുറത്ത് ജനറേറ്റര്‍ റൂമിനോട് ചേര്‍ന്നുള്ള സ്ഥലത്ത് സൂക്ഷിച്ചിരുന്നു. ഡിസ്‌പ്ലേ വയ്ക്കുന്നതിനായി ഇന്നലെ സാധനങ്ങള്‍ എടുക്കാന്‍ വന്നപ്പോഴാണ് ഇവ നഷ്ടപ്പെട്ടതായി എന്ന് കടയിലെ ജീവനക്കാര്‍ക്ക് മനസിലായത്. തുടര്‍ന്ന് സിസി ടിവി ക്യാമറ പരിശോധിച്ചപ്പോഴാണ് നാല് നാടോടി സ്ത്രീകള്‍ പലപ്പോഴായി വന്ന് സാധനങ്ങള്‍ മോഷ്ടിക്കുന്നതായി കാണുന്നത്. ഏകദേശം മൂന്നര ലക്ഷം രൂപയുടെ ബാത്ത്‌റൂം ഫിറ്റിങ്ങുകള്‍ ആണ് ഇവര്‍ മോഷണം നടത്തിയത്.'

മോഷണം വിവരം അറിഞ്ഞ കളമശ്ശേരി പൊലീസ് ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ സ്‌കോഡുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും, മൂന്നു പേരെ ആലുവ ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. മോഷണം നടത്തിയ ഇവരുടെ കൂട്ടത്തിലുള്ള ഒരു നാടോടി സ്ത്രീക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. കളമശ്ശേരി ഇന്‍സ്‌പെക്ടര്‍ പ്രദീപ് കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ തോമസ് അബ്രഹാം, എഎസ്‌ഐ ആഗ്‌നസ്, സിപിഒമാരായ മാഹിന്‍, അരുണ്‍ കുമാര്‍, ആദര്‍ശ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. കളമശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

കുവൈത്ത് കെഎംസിസി യോഗത്തില്‍ കയ്യാങ്കളി; സംഘര്‍ഷം പി.എം.എ സലാം പങ്കെടുത്ത യോഗത്തില്‍
----

tags
click me!