ഭാര്യയുടെ പേരില്‍ 4 കോടിയുടെ ഇൻഷുറൻസ്, തട്ടിയെടുക്കാൻ ഭർത്താവായ ഡോക്ടർ ചെയ്തത് കൊടുംചതി, ആ മരുന്ന് വിഷം!

By Web Team  |  First Published Oct 25, 2023, 12:37 PM IST

വയറിളക്കവും നിര്‍ജ്ജലീകരണവും രൂക്ഷമായതിന് പിന്നാലെയാണ് യുവതി ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ ബെറ്റിക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു


മിനസോട്ട: ഭാര്യ വിഷബാധയേറ്റ് മരിച്ചതിന് പിന്നാലെ വിഷ നിയന്ത്രണ വിഭാഗത്തിലെ യുവ ഡോക്ടര്‍ അറസ്റ്റില്‍. മിനസോട്ടയിലാണ് സംഭവം. മുപ്പതുകാരനായ വിഷ വിദഗ്ധനും ഡോക്ടറുമായ കോണ്ണര്‍ ബോമാനാണ് ഭാര്യയുടെ മരണത്തിന് പിന്നാലെ കൊലപാതക കേസില്‍ അറസ്റ്റിലായത്. 32കാരിയായ ബെറ്റി ബോമാന്‍ ഓഗസ്റ്റ് 20നാണ് മരിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയതിന് നാല് ദിവസങ്ങള്‍ക്ക് പിന്നാലെ ബെറ്റിയുടെ ആരോഗ്യ സ്ഥിതി വഷളാവുകയായിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക കാര്യങ്ങളേ ചൊല്ലി തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്നുള്ള കണ്ടെത്തലിന് പിന്നാലെ പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് യുവ ഡോക്ടര്‍ കുടുങ്ങിയത്.

ഭാര്യയുടെ മരണശേഷം ലഭിക്കുന്ന ഇന്‍ഷുറന്‍സ് തുക ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്നാണ് ഡോക്ടര്‍ വിശദമാക്കുന്നത്. 4.1 കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുകയായിരുന്നു ബെറ്റിയുടെ പേരിലുണ്ടായിരുന്നത്. ബെറ്റിക്ക് മരുന്നിന്റെ രൂപത്തിലാണ് വിഷം നല്‍കിയതെന്ന് ഡോക്ടര്‍ കുറ്റസമ്മതം നടത്തിയിട്ടുള്ളത്. വയറിളക്കവും നിര്‍ജ്ജലീകരണവും രൂക്ഷമായതിന് പിന്നാലെയാണ് ബെറ്റി ചികിത്സ തേടിയത്. ചികിത്സയിലിരിക്കെ ബെറ്റിക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. പിന്നാലെ ശ്വാസകോശമടക്കമുള്ള അവയവങ്ങളും നിലച്ചു. പിന്നാലെ ആശുപത്രി അധികൃതര്‍ ബെറ്റിയുടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. മരണത്തിന് പിന്നാലെ ഭാര്യയുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് യുവ ഡോക്ടര് നിർബന്ധം പിടിച്ചുവെങ്കിലും മരണത്തില്‍ സംശയം തോന്നിയ ആരോഗ്യ വിദഗ്ധര്‍ ദഹിപ്പിക്കാന്‍ അനുമതി നല്‍കിയിരുന്നില്ല. ആശുപത്രി അധികൃതര്‍ നല്‍കിയ പരാതിയില്‍ പൊലീസുകാര് നടത്തിയ അന്വേഷണത്തിലാണ് സാമ്പത്തിക ലാഭം ലക്ഷ്യമിട്ടുള്ള ക്രൂരമായ കൊലപാതകം പുറത്ത് വരുന്നത്. മരിക്കുന്നതിന് മുന്‍പ് ബെറ്റിയുടെ വന്‍കുടലിന്റെ ഒരു ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കിയിരുന്നു. സന്ധിവാതത്തിന് മരുന്നായി ഉപയോഗിച്ചിരുന്ന കോള്‍ചിസിന്‍ എന്ന പദാര്‍ത്ഥത്തിന്റെ സാന്നിധ്യം ബെറ്റിയുടെ ടോക്സിക്കോളജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. രക്തത്തിലും മൂത്രത്തിലുമാണ് ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ ബെറ്റിക്ക് സന്ധിവാതമുണ്ടായിരുന്നില്ല. ആശുപത്രിയിലെ ചികിത്സാ വേളയിലും ഈ പദാര്‍ത്ഥമുള്ള മരുന്നുകള്‍ ബെറ്റിക്ക് നല്‍കിയിരുന്നില്ല. ഇതോടെയാണ് വിഷ വിദഗ്ധനായ യുവ ഡോക്ടറെ പൊലീസ് ചോദ്യം ചെയ്തത്.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!