ലോക്ക്ഡൗണിൽ ചാരായം വിറ്റത് പൊലീസിനെ അറിയിച്ചതിന് കൊല, പ്രതി പിടിയിൽ

By Web Team  |  First Published May 22, 2020, 5:11 PM IST

പാറശ്ശാലയിൽ മണിയൻ എന്ന് വിളിക്കുന്ന ശെൽവരാജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി മുര്യങ്കര സ്വദേശി സനുവാണ് പാറശ്ശാല പൊലീസിന്‍റെ പിടിയിലായത്. 


തിരുവനന്തപുരം: ലോക്ക്ഡൗണിനിടെ ചാരായം വിറ്റത് പൊലീസിലറിയിച്ചയാളെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റിൽ. പാറശ്ശാല സ്വദേശി മണിയൻ എന്ന ശെൽവരാജിനെ കൊന്ന കേസിലെ പ്രതി മുര്യങ്കര സനുവിനെയാണ് പൊലീസ് ഏറെ നാളത്തെ പ്രതിഷേധത്തിന് ശേഷം അറസ്റ്റ് ചെയ്തത്. പാറശ്ശാലയിലും പരിസരപ്രദേശങ്ങളിലും ഇയാൾ കറങ്ങി നടക്കുന്നുണ്ടായിരുന്നെങ്കിലും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുന്നുണ്ടായിരുന്നില്ല എന്ന് ആരോപണമുയർന്നിരുന്നു. ഇയാളെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ പൊലീസിനെതിരെ, ഇത്രയും കാലം പ്രതിയെ പൊലീസ് സംരക്ഷിക്കുകയായിരുന്നു എന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. തുടർന്ന് സ്ഥലത്ത് നേരിയ സംഘർഷവുമുണ്ടായി. 

കഴിഞ്ഞ മാസം 25-നാണ് മണിയനെ സ്വന്തം വീടിന് മുന്നിൽ വച്ച് അയൽവാസിയായ സനു കുത്തി കൊലപ്പെടുത്തിയത്. തുടർന്ന് പാറശ്ശാല സി ഐ റോബർട്ട് ജോണിയുടെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രതി 6 ദിവസം പരിസര പ്രദേശത്ത് ഉണ്ടായിരുന്നിട്ടും പിടികൂടിയില്ല എന്ന പരാതിയും ഉയർന്നിരുന്നു.

Latest Videos

undefined

അതിർത്തി മേഖലകളിൽ ശക്തമായ ലോക്ക്ഡൗൺ നിലനിന്നിരുന്നതിനാൽ പ്രതി മറ്റൊരിടത്തേക്ക് പോകാൻ സാധ്യതയുണ്ടായിരുന്നില്ല. ഏകദേശം ഒരു മാസമായിട്ടും പ്രതിയെ പിടികൂടാത്ത കാരണത്താൽ റൂറൽ എസ്പിയുടെ കീഴിലുള്ള ഷാഡോ ടീമിന് അന്വേഷണ ചുമതല നൽകി. അന്വേഷണം ശക്തമായതോടെ പ്രതി സനു ഇന്നലെ രാത്രിയോടെ പൊലിസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു.  

സനു കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ മുമ്പും പ്രതിയാണ്. 6 മാസം മുൻപ് അയൽവാസിയുടെ കാൽ വെട്ടിമാറ്റിയ കേസിൽ ജയിലിലിൽ കിടന്നിരുന്നു.

click me!