തൃശ്ശൂർ മാത്രമല്ല, ഝാർഖണ്ഡിലും ഹൈറിച്ച് തട്ടിപ്പ്; കെ.ഡി പ്രതാപന് ജാമ്യമില്ല, കൂടുതൽ പരാതികൾ, കുരുക്ക് മുറുകി

By Web TeamFirst Published Jul 24, 2024, 12:21 PM IST
Highlights

പ്രതാപനെതിരെ കൂടുതൽ പരാതികൾ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിനിടയിലും ഝാർഖണ്ഡ് കേന്ദ്രീകരിച്ച് മറ്റൊരു നിക്ഷേപ തട്ടിപ്പ് പ്രതാപൻ നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ. 

തൃശ്ശൂർ: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇഡി കേസിൽ പ്രതി കെ.ഡി. പ്രതാപന്  ജാമ്യമില്ല. കൊച്ചിയിലെ സാന്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് പ്രതിക്കെതിരായ കുറ്റങ്ങൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതെന്ന് നിരീക്ഷിച്ച് ജാമ്യാപേക്ഷ തള്ളിയത്. തൃശൂരിലെ കൂടാതെ ഝാർഖണ്ഡ് കേന്ദ്രീകരിച്ചും പ്രതാപൻ നിക്ഷേപ തട്ടിപ്പ് നടത്തിയെന്ന വിവരങ്ങളിലാണ് ഇഡി അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ജൂലൈ നാലിനാണ് ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതി കെ.ഡി പ്രതാപൻ അറസ്റ്റിലാകുന്നത്. 

ജാമ്യാപേക്ഷ പരിഗണിച്ച കൊച്ചിയിലെ പിഎംഎൽഎ കോടതി പ്രതിക്ക് എതിരെയുള്ള ആരോപങ്ങൾ പ്രഥമദൃഷ്ട്യ നിലനിൽക്കുന്നതാണെന്ന് വ്യക്തമാക്കി. പ്രതി കുറ്റക്കാരനല്ലെന്ന് തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. ഇതോടെ എറണാകുളം ജില്ലാ ജയിലിൽ പ്രതിയുടെ റിമാൻഡ് കാലാവധി നീളും. പ്രതാപനെതിരെ കൂടുതൽ പരാതികൾ പുറത്ത് വരുന്നതിനിടെയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. ഹൈറിച്ച് സാമ്പത്തിക തട്ടിപ്പിലെ ഇ ഡി അന്വേഷണത്തിനിടയിലും ഝാർഖണ്ഡ് കേന്ദ്രീകരിച്ച് മറ്റൊരു നിക്ഷേപ തട്ടിപ്പ് പ്രതാപൻ നടത്തിയെന്നാണ് ഇഡി കണ്ടെത്തൽ. 

Latest Videos

എച്ച് ആർ ഇന്നവേഷൻ എന്ന പേരിൽ 24 ദിവസം കൊണ്ട് ഝാർഖണ്ഡിൽ നിന്ന് ഇയാൾ 68 ലക്ഷം രൂപയാണ് തട്ടിച്ചത്. ഈ വർഷം ആദ്യം ഹൈറിച്ചിനെതിരെ ഇഡി അന്വേഷണവും ഹൈകോടതി മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനും ഇടയിലാണ് പ്രതി തട്ടിപ്പുകൾ ആവർത്തിച്ചത്. ഝാർഖണ്ഡിൽ നിക്ഷേപകരുടെ പേരിൽ തന്നെ മറ്റൊരു കമ്പനി രജിസ്റ്റർ ചെയ്തതായിരുന്നു നിക്ഷേപ തട്ടിപ്പ്. ഇക്കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രതാപനെ ഇഡി കഴിഞ്ഞയാഴ്ച ഒരു ദിവസം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. 

ഹൈറിച്ച് മൾട്ടിലെവൽ മാർക്കറ്റിംഗ് ശൃംഖലയിൽ പങ്കാളികളായ നിക്ഷേപകരുടെയും, പ്രതാപന്‍റെ ഭാര്യ ശ്രീന തുടങ്ങിയവരെയും ഇഡി കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. നിക്ഷേപകരിൽ നിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ കളളപ്പണ ഇടപാടിലൂടെ വിദേശത്തേക്ക് കടത്തിയെന്നാണ് ഇഡി കണ്ടെത്തൽ .പ്രതിയുടെ 243 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടിയിട്ടുണ്ട്. 

Read More : യുവതിയെ കാറിൽ കയറ്റി, ബലം പ്രയോഗിച്ച് കഞ്ചാവ് വലിപ്പിച്ച് വീഡിയോ പകർത്തി; പ്രതി ആടിനെ മോഷ്ടിച്ച കേസിൽ പിടിയിൽ

click me!