സംഗീത പരിശീലനത്തിനായി നടന്നുപോയ വിദ്യാർത്ഥിനിയ്ക്കാണ് തലയ്ക്ക് വെടിയേറ്റത്. സംഭവത്തില്‍ 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു
ടെന്നസി: 29കാരന്‍ കാറിന് നേരെ വെടിയുതിർക്കുന്നതിനിടെ 18കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ ടെന്നസിയിലാണ് സംഭവം. നാഷ്വില്ലയിലെ കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് നടന്നുപോകുന്നതിനിടെ തലയ്ക്ക് വെടിയേറ്റ് മരിച്ചത്. ജൂലിയന്‍ ലുഡ്വിഗ് എന്ന 18കാരിയാണ് ചൊവ്വാഴ്ച വെടിയേറ്റ് വീണത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ജൂലിയന്‍ മരണത്തിന് കീഴടങ്ങിയത്. സംഭവത്തില്‍ ഷാഖിലെ ടെയ്ലർ എന്ന 29കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ ആക്രമണത്തിനും തെളിവ് നശിപ്പിച്ചതിനും വെടിയുതിർത്തതിനുമാണ് പൊലീസ് കേസ് എടുത്തത്. 18കാരി മരണത്തിന് കീഴടങ്ങിയതോടെ ഇയാള്‍ക്ക് മേൽ ചുമത്തിയ വകുപ്പുകള്‍ മാറ്റണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പൊലീസ്. റോഡിന് എതിർവശത്ത് പാർക്ക് ചെയ്തിരുന്ന കാറിന് നേരെ വച്ച വെടിയുതിർക്കുമ്പോഴാണ് സമീപത്തെ നടപ്പാതയിലൂടെ നടന്നുപോയ 18കാരിക്ക് വെടിയേറ്റത്. സംഗീത പരിശീലനത്തിനായി പോകുന്നതിനിടയിലാണ് 18കാരിക്ക് വെടിയേറ്റത്.
undefined
വിവേകശൂന്യമായ രീതിയിലുള്ള അതിക്രമങ്ങളില്‍ നിരാശനാണെന്നാണ് സംഭവത്തേക്കുറിച്ച് നാഷ്വിലേയിലെ ബെൽമോണ്ട് സർവ്വകലാശാല പ്രസിഡന്റ് ഗ്രെഗ് ജോണ്‍സ് പ്രതികരിക്കുന്നത്. സംഭവത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ അധികൃതരോട് ആവശ്യപ്പെടുമെന്നും ഗ്രെഗ് ജോണ്‍സ് വിശദമാക്കി. ക്യാംപസിന് ചുറ്റുമുള്ള ഭാഗങ്ങളില്‍ കൂടുതല്‍ ശക്തമായ രീതിയിൽ സുരക്ഷ ഒരുക്കുമെന്നും സർവ്വകലാശാലാ അധികൃതർ വിശദമാക്കി. 2023ല്‍ മാത്രം 35000ത്തോളം ആളുകള്‍ അമേരിക്കയില്‍ വെടിവയ്പുകളില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകള്‍ വിശദമാക്കുന്നത്.
ഒക്ടോബര്‍ 26വരെ ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ 35275 പേരാണ് അമേരിക്കയില്‍ വെടിവയ്പുമായി ബന്ധപ്പെട്ടുള്ള അതിക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുള്ളത്. ശരാശരി 118 മരണങ്ങള്‍ ഓരോ ദിവസവും നടക്കുന്നതായാണ് കണക്കുകള്‍. ഇതില്‍ 1157 പേര്‍ കൌമാരപ്രായത്തിലുള്ളവരും 246 പേർ കുട്ടികളുമാണ്. ടെക്സാസ്, കാലിഫോർണിയ, ഫ്ലോറിഡ, ജോർജിയ, നോർത്ത് കരോലിന, ഇല്ലിനോയിസ്, ലൂസിയാന മേഖലകളിലാണ് വെടിവയ്പ് കൊണ്ടുള്ള അതിക്രമങ്ങള്‍ ഏറെയും നടക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം