യുപിയിൽ പൊലീസുകാരന്‍റെ 6 വയസുള്ള മകനെ തട്ടിക്കൊണ്ടുപോയി, കൊലപ്പെടുത്തി കരിമ്പിൻ തോട്ടത്തിലിട്ടു

By Web Team  |  First Published Jun 10, 2024, 9:25 AM IST

പൊലീസ് കുട്ടിക്കായി തെരച്ചിൽ നടത്തുന്നതിനിടെ വൈകിട്ട് ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിൽ വെച്ച് പുനീതിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.


മീററ്റ്: ഉത്തർപ്രദേശിൽ മോചന ദ്രവം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ പൊലീസുകാരന്‍റെ മകനെ അക്രമികൾ കൊലപ്പെടുത്തി. മീററ്റിലെ ഇഞ്ചോളി പൊലീസ് സ്റ്റേഷൻ പരിധിയിലെ ധൻപൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുപി പൊലീസിൽ കോൺസ്റ്റബിളായ ഗോപാൽ യാദവിന്‍റെ ആറുവയസുള്ള മകൻ പൂനീതിനെ ആണ് അക്രമികൾ കൊലപ്പെടുത്തിയത്.  സഹരൻപൂർ സ്റ്റേഷനിലെ കോൺസ്റ്റബിളായ ഗോപാലിന്‍റെ മകനെ ഞാറാഴ്ച രാവിലെ എട്ട് മണിയോടെയാണ് കാണാതാവുന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു കുട്ടി.

മകനായുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ്  50 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം ഗോപാൽ യാദവിന് എത്തിയത്. ഇക്കാര്യം ഇദ്ദേഹം പൊലീസിൽ അറിയിച്ചു. പൊലീസ് കുട്ടിക്കായി തെരച്ചിൽ നടത്തുന്നതിനിടെ വൈകിട്ട് ഗ്രാമത്തിലെ ഒരു കരിമ്പിൻ തോട്ടത്തിൽ വെച്ച് പുനീതിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ മനപ്പൂർവ്വം കൊലപ്പെടുത്തിയതാണെന്നും മോചനദ്രവ്യം ആവശ്യപ്പെട്ടുള്ള ഫോൺ സന്ദേശം നാടകമാണെന്നുമാണ് ആറുവയസുകാരന്‍റെ കുടുംബം ആരോപിക്കുന്നത്.

Latest Videos

undefined

ഗോപാൽ യാദവിന്‍റെ കുടുംബം ഗ്രാമത്തിലെ മറ്റൊരു കുടുംബവുമായി ഭൂമി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന്‍റെ തുടർച്ചയാണ് കൊലപാതകമെന്നാണ് ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ രണ്ട് സ്ത്രീകളടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം ഉടനെ വ്യക്തമാകുമെന്നും മീററ്റ്  സീനിയർ പോലീസ് സൂപ്രണ്ട് രോഹിത് സിംഗ് സജ്‌വാൻ പറഞ്ഞു. ഗോപാലിന് ലഭിച്ച ഫോൺ സന്ദേശത്തെക്കുറിച്ചും അന്വേഷിച്ച് വരികയാണെന്ന് എസ്പി അറിയിച്ചു.

Read More :  'ട്രെയിനിലേക്ക് ഓടിക്കയറി, ഉദ്യോഗസ്ഥനെ ആക്രമിച്ച് 1.5 ലക്ഷത്തിന്‍റെ ഫോണടക്കം കവർന്നു'; നാലംഗ സംഘത്തെ പിടികൂടി

click me!