10 മാസം, 17 കാരിയായ മകളെ കാണാനില്ലെന്ന് അച്ഛന്‍റെ പരാതി, വീടിനുള്ളിലെ കുഴിമാടത്തിൽ മൃതദേഹം; അമ്മ അറസ്റ്റിൽ

By Web Team  |  First Published Jun 24, 2024, 12:55 PM IST

പിതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിൽ അടക്കം ചെയ്ത മൃതദേഹം കണ്ടെത്തിയത്.


ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിൽ മകളെ കാണാനില്ലെന്ന പിതാവിന്‍റെ പരാതിയിൽ അന്വേഷണം നടത്തിയ പൊലീസ് ഞെട്ടി. 17 കാരിയുടെ മൃതദേഹം കണ്ടെത്തിയത് പെൺകുട്ടിയുടെ അമ്മ താമിസിക്കുന്ന വീടിനുള്ളിൽ അടക്കം ചെയ്ത നിലയിൽ. സംഭവത്തിൽ 17- കാരിയുടെ അമ്മയായ അനിത ബീഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു. 10 മാസം മുമ്പാണ് പെൺകുട്ടിയെ കാണാതായത്. എന്നാൽ കഴിഞ്ഞ ജൂൺ ഏഴിനാണ് പ്രവാസിയായ പിതാവ് മകളെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകുന്ന്.

പിതാവിന്‍റെ പരാതിയിൽ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെൺകുട്ടിയും അമ്മയും താമസിച്ചിരുന്ന വീട്ടിലെ കിടപ്പുമുറിയിൽ അടക്കം ചെയ്ത മൃതദേഹം കണ്ടെത്തിയത്. പൊലീസ് വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതിന് പിന്നാലെ കുട്ടിയുടെ അമ്മ അനിത ബീഗത്തെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. എന്നാൽ താൻ മകളെ കൊലപ്പെടുത്തിയിട്ടില്ലെന്നും മകൾ ആത്മഹത്യ ചെയ്തതാണെന്നുമാണ് അമ്മ പൊലീസിന് നൽകിയ മൊഴി.

Latest Videos

undefined

മകൾക്ക് ഒരു യുവാവുമായി അടുപ്പമുണ്ടായിരുന്നു. പ്രണയത്തിലായിരുന്ന ഇരുവരും ഒളിച്ചോടാൻ തീരുമാനിച്ചു. വിവരമറിഞ്ഞ താൻ മകളെ വീടിനുള്ളിൽ പൂട്ടിയിട്ടു. എന്നാൽ മകൾ മുറിയിൽ തൂങ്ങി മരിച്ചു. ഈ വിവരം പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് മറയ്ക്കാനാണ് താൻ മകളെ മുറിക്കുള്ളിൽ തന്നെ കുഴിച്ചിട്ടതെന്നാണ് അമ്മ പൊലീസിനോട് പറഞ്ഞത്. നാട്ടുകാർ വിവരമറിഞ്ഞാൽ അപമാനിക്കപ്പെടുമെന്ന ഭയത്തിലാണ് അത് ചെയ്തത്. ചെയ്തത് തെറ്റാണ്, കുറ്റം സമ്മതിക്കുന്നു- അനിത ബീഗം പൊലീസിനോട് പറഞ്ഞു.

അതേസമയം രണ്ട് പേരുടെ സഹായത്തോടെയാണ് അനിത മകളുടെ മൃതദേഹം വീടിനുള്ളിൽ കുഴിച്ചിട്ടതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെ ഉടൻ പിടികൂടി ചോദ്യം ചെയ്യും. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് വന്നതിന് ശേഷം മാത്രമേ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി. എന്തുകൊണ്ടാണ് 10 മാസം മുമ്പ് മകളെ കാണാതായിട്ടും പരാതി നൽകാൻ പിതാവ് വൈകിയതെന്നതടക്കം അന്വേഷിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Read More : വീട്ടിലേക്ക് വിളിച്ച് വരുത്തി, കയറിപ്പിടിച്ചു; കൊല്ലത്ത് അഭിഭാഷകയെ അപമാനിക്കാൻ ശ്രമം, അഭിഭാഷകനെതിരെ കേസ്

click me!